ഓർമ്മകളുടെ തോളിൽ നിന്നും കൈയ്യെടുത്ത് സിമെന്റ് ബെഞ്ചിന്റെ ചാരിൽ തല ചായ്ച്ചിരുന്നു…
പ്രീഡിഗ്രി അവസാന വർഷം കലാലയത്തിൽ സംഘടിപ്പിക്കപ്പെട്ട നാടകോൽസവത്തിന്റെ പ്രധാന സംഘാടകൻ പൂർവ്വവിദ്യാർത്ഥിയായിരുന്നിട്ട് കൂടി എയ്ഞ്ചലായിരുന്നു. വേണ്ട നിർദ്ദേശങ്ങളും പ്രവർത്തനങ്ങളുമായി കലാലയമാകെ അന്ന് നിറഞ്ഞ് നിന്നിരുന്ന അയാളെ ഇന്നും ഓർക്കുന്നു. അവസാനവർഷ ബിരുദ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമിടയിൽ എയ്ഞ്ചലിനുള്ള സ്വീകാര്യത തെല്ലൊന്നുമല്ല അന്ന് തന്നെ അമ്പരപ്പിച്ചത്. ആ സ്വീകാര്യതയ്ക് പിന്നാലെയുള്ള അന്വേഷണത്തിന്റെ ഉത്തരം തന്നെ തേടിയെത്തിയത് കോളേജ് ലൈബ്രറിയിലെ പൊടി പിടിച്ച പുസ്തകക്കെട്ടുകൾക്കിടയിലെ പഴയൊരു കോളേജ് മാഗസിനിൽ നിന്നാണ്. എയ്ഞ്ചൽ ഫെഡറിക് എന്ന പേരിനും പഴയൊരു ചിത്രത്തിനുമൊപ്പം എഴുതിച്ചേർകപ്പെട്ടിരുന്ന ഭാരവാഹിത്വങ്ങൾ ശരിക്കും തന്നെ അത്ഭുതപ്പെടുത്തിയിരുന്നു. ആർട്‌സ് ക്ലബ്ബ് സെക്രട്ടറി, മാഗസിൻ എഡിറ്റർ, ബ്രായ്ക്കറ്റിൽ കണ്ട “യൂണിവേഴ്‌സിറ്റി ബെസ്റ്റ് ആക്ടർ” പട്ടം. അറിയുംതോറും അത്ഭുതങ്ങൾ മാത്രം സമ്മാനിക്കുന്ന ഒരു മായാജാലക്കാരനായി എയ്ഞ്ചൽ. മാഗസിന്റെ ആ ഒരു പേജ് കീറിയെടുത്ത് കുറേയേറെക്കാലം താൻ സൂക്ഷിച്ചിരുന്നു…..
പ്രീഡിഗ്രി തോറ്റ് നിൽക്കുന്ന സമയത്താണ് അപ്പന്റെ പ്രവചനം. “ഇനി പഠിത്തവും കോളേജുമൊന്നും വേണ്ട. കെട്ടിച്ച് വിട്ടാൽ ആ ആധിയങ്ങ് തീരുമല്ലൊ”!. മക്കളാരുടേയും ഇഷ്ട്ടമോ അഭിപ്രായമോ ചോദിക്കുന്ന ശീലം അപ്പന് പണ്ടേയില്ല. അപ്പന്റെ തീരുമാനങ്ങൾ ശിരസ്സാ വഹിച്ചുകൊള്ളുക അതാണ് അപ്പന്റെയൊരു രീതി. ആരോടും ഒന്നും പറയാതെ ഒരു പാലാക്കാരൻ അമേരിക്കക്കാരനുമായുള്ള മനസമ്മത തിയതി നിശ്ചയിച്ച ശേഷം വൈകിട്ട് അത്താഴം കഴിച്ചുകൊണ്ടിരുന്നപ്പോൾ അപ്പൻ വീണ്ടും ഒരു പ്രവചനം കൂടി നടത്തി. “വരുന്ന ഞായറാഴ്ച്ച നമ്മുടെ പള്ളിയിൽ വെച്ച് കൊച്ചുപെണ്ണിന്റെ മനസമ്മതം നടത്താൻ ഞാൻ വാക്ക് കൊടുത്തു. ചെറുക്കൻ അമേരിക്കയിലാണ് “. തിരുവായ്ക്ക് എതിർവായില്ല എന്നാണല്ലൊ! അപ്പനോട് മറുത്തൊരക്ഷരം പറയാൻ പോയിട്ട് ആ മുഖത്ത് നേരെ നോക്കാൻ പേടിയായിരുന്ന താൻ ആ രാത്രി മുഴുവൻ കരഞ്ഞു. എയ്ഞ്ചലിനോട് തന്റെ ഇഷ്ടം ആ രാത്രി തന്നെ പോയി പറഞ്ഞാലോ എന്നുവരെ തോന്നിപ്പോയി. പക്ഷെ അയാളുടെ