നിർഭയം 8 [AK] 293

അമ്മയുടെ വീട്ടുകാരുമായി പാടെ ഉപേക്ഷിക്കപ്പെട്ട ബന്ധങ്ങൾ വീണ്ടുമൂട്ടിയുറപ്പിക്കാനെന്ന പോലെ ഫോൺ വന്നെന്നും വാങ്ങിവെച്ച സമ്മാനപൊതികൾ  തങ്ങളുടെ വീട്ടിൽ നിന്നുമെടുത്ത ശേഷം അന്ന് തന്നെ അമ്മയുടെ ബന്ധുക്കളെ കാണാൻ പോവുമെന്നും നന്ദന്റെ അമ്മ പറഞ്ഞപ്പോൾ അല്പമൊരാശ്വാസം വന്നു.. എങ്കിലും പിന്നീട് എന്തേ അമ്മ വിളിച്ചില്ല…

രണ്ടുമൂന്നു ദിവസം തുടർച്ചയായി ഫോൺ ചെയ്തിട്ടും ആദ്യം റിങ് ചെയ്തിരുന്ന അമ്മയുടെ നമ്പർ പിന്നീട് സ്വിച്ച് ഓഫ്‌ ആയത് എന്നിൽ എന്തോ ഒരസ്വസ്ഥത സൃഷ്ടിച്ചിരുന്നു.. അതുകൊണ്ട് തന്നെയാണ് ട്രെയിനിങ്ങിന്റെ അവസാനനാൾ കഴിയാൻ കാത്തുനിൽക്കാതെ ക്യാമ്പിന് വെളിയിലേക്ക് ചാടിയത്.. എന്നാൽ റോഡിനു മുന്നിലെത്തിയപ്പോഴേക്കും തലയ്ക്കു പിന്നിൽ ഇരുമ്പുകുടം വീണ പ്രതീതി… ഇപ്പോഴും ആ വേദന.. എന്താണെനിക്ക് സംഭവിക്കുന്നത്..

ആരോ മുഖത്ത് ശക്തമായി തട്ടുന്നുണ്ടായിരുന്നു… പാതി തുറന്ന കണ്ണുകളുമായി നോക്കുമ്പോൾ അപരിചിതമായ ഒരുപാട് മുഖങ്ങൾ മാത്രമേ എനിക്ക് കാണുവാൻ സാധിച്ചുള്ളൂ… അനക്കാൻ പറ്റാത്ത വിധം എന്റെ കൈ കാലുകൾ ബന്ധിച്ചിരിക്കപ്പെട്ടിരിക്കുന്നു.. എന്റെ നോട്ടത്തിലെ അന്താളിപ്പ്‌ തിരിച്ചറിഞ്ഞതിനാലാവാം ചിലരെല്ലാം പുച്ഛത്തോടെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു… ദൂരെ നിന്നും ഒരു മങ്ങിയ രൂപം അടുത്തേക്ക് വരുന്നുണ്ടെങ്കിലും അയാളെ വ്യക്തമാവാനായി ഞാൻ ശരിക്കും നോക്കാൻ ശ്രമിച്ചു… എന്നാൽ അടുത്തെത്തിയപ്പോൾ അൽപം കണ്ണുകൾ താഴ്ത്തിപിടിച്ചുകൊണ്ടാണെങ്കിലും ഞാൻ ആ മുഖം കണ്ടു… ഇന്നല്ലെങ്കിൽ നാളെ ഞാൻ കാണാൻ കാത്തിരുന്ന മുഖം… ജെപി…

“ഹ… എന്താണിപ്പോ ഇത്…. നിനക്കെണീറ്റ് നിൽക്കാൻ പോലും ആവാതില്ലല്ലോടെ…”

ഒരു പരിഹാസത്തോടെ അയാൾ പറയുന്നത് എനിക്ക് മങ്ങിയ ശബ്ദത്തിൽ കേൾക്കാമായിരുന്നു… കൂട്ടത്തിൽ എവിടെ നിന്നൊക്കെയോ ഉയരുന്ന ചിരികളും…

“എങ്ങനെ നിൽക്കാനാണ് ഭായ്…രണ്ടടി തലക്കാടിച്ചപ്പോൾ ബോധം പോയെങ്കിലും പിള്ളേർ പിന്നേം ശരിക്കും കേറി മേഞ്ഞിട്ടുണ്ട്..”