ദേവലോകം 16 [പ്രിൻസ് വ്ളാഡ്] 542

ദേവൻ കുറച്ച് താഴെ മാറി നിൽക്കുന്നു …അവൻറെ നോട്ടം ദക്ഷയിലാണ് ..ചുറ്റുപാടും വീക്ഷിച്ചു നിൽക്കുകയായിരുന്ന ദേവൻറെ  നോട്ടം അറിയാതെയാണ് അവളിലേക്ക് എത്തിയത്… സെറ്റ് സാരിയും ഉടുത്ത് വാലിട്ട് കണ്ണെഴുതി മുല്ലപ്പൂവും ചൂടി നിൽക്കുന്ന തൻറെ ഭാര്യയെ കണ്ട അവൻറെ കണ്ണുകൾ മറ്റെങ്ങും പോകാതെ അവിടെത്തന്നെ ഉറച്ചു പോയി….

കൊച്ച് കൊള്ളാം അല്ലേടാ??? അവിടേക്ക് വന്ന കർണൻ ദേവൻറെ തോളിലേക്ക് തോൾ കൊണ്ട് തട്ടി പറഞ്ഞു…

എന്താ ഒരു ഞെട്ടലോടെ സ്വബോധത്തിലേക്ക് തിരിച്ചുവന്ന ദേവൻ കിടന്നു വിക്കി..

കുന്തം എന്നാ നോട്ടമായിരുന്നടാ… ഒരല്പം മുമ്പ് നീ തന്നെയല്ലേ എന്നെ ഉപദേശിച്ചത് …ഞാൻ നോക്കിയത് എൻറെ പെണ്ണിനെയാ ..അപ്പോൾ നിനക്ക് ഭയങ്കര ഉപദേശം ആയിരുന്നല്ലോ ,,നിനക്ക് ആരെ വേണമെങ്കിലും ആകാം അല്ലേടാ പുല്ലേ….
കർണ്ണൻ കപട ദേഷ്യത്തോടെ പറഞ്ഞു…..

മോനെ കർണ്ണാ. അമ്മാവൻറെ മോനെ …ഞാൻ അങ്ങനെ വഴിക്കൂടെ പോയ ആരെയും അല്ല നോക്കിയത്… എന്റെ പെണ്ണിനെയാ  വർഷങ്ങളായി എൻറെ മനസ്സിൽ കൊണ്ടു നടക്കുന്ന എന്റെ മാത്രം പെണ്ണിനെ…..
കർണ്ണൻ അന്തംവിട്ട് അവനെ നോക്കി നിന്നു ..

എടാ അത് ദക്ഷയല്ലേ??? അവളുമായി നീ എങ്ങനെ ???കർണൻ ആകാംക്ഷയോടെ ചോദിച്ചു..

നിനക്കറിയാമോ അവളെ?? ദേവൻ തിരികെ ചോദിച്ചു..

അതെന്ത് ചോദ്യമാടാ, ഐ ആം എ ബിസിനസ് മാൻ …അപ്പോൾ കേരളത്തിലെ വെൽനോൺ ബിസിനസ് പേഴ്സണാലിറ്റികളെ അറിയാതിരിക്കില്ലല്ലോ… നീ കാര്യം പറ..അവൾ അങ്ങനെ നിൻറെ പെണ്ണായി??

അതൊരു കഥയാണ്… ഒരുപാട് പറയാനുണ്ട് ….പിന്നെ ഒരിക്കൽ പറയാം …ഇപ്പോൾ നീ ഇത്രയും അറിഞ്ഞാൽ മതി …ഞങ്ങൾ പരസ്പരം പ്രണയിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായെന്ന്…. അവളെന്റെ പ്രാണനാണെന്ന്…. കർണ്ണൻ ഒരു ചിരിയോടെ അവൻറെ തോളിലൂടെ കയ്യട്ട് അവനെ ചേർത്തുപിടിച്ചു….

ആ സമയം നാലുപാടുനിന്നും കയ്യിൽ ആയുധങ്ങളുമായി ഒരു സംഘം ആളുകൾ  കർണ്ണനിലേക്ക് അടുത്തുകൊണ്ടിരുന്നു ………

***************************************

അമ്പലപ്പറമ്പിൽ ദേവനും കർണ്ണനും ചുറ്റും വൃത്താകൃതിയിൽ ഒരു വ്യൂഹം ഒരുക്കിക്കൊണ്ട് ആർക്കും സംശയം തോന്നാതെ നകുലിന്റെ ആളുകൾ അവരിലേക്ക് അടുത്തുകൊണ്ടിരുന്നു… എന്നാൽ അസ്വാഭാവിക നീക്കങ്ങൾ എല്ലാം പെട്ടെന്ന് തന്നെ മണത്തറിയാൻ കഴിവുള്ള സമർ അവരെയും തിരിച്ചറിഞ്ഞു..

ദേവേട്ടാ..ദേവേട്ടനെയാണ് അവർ ടാർഗറ്റ് ചെയ്തിരിക്കുന്നതെന്നു തോന്നുന്നു ..ദേവേട്ടനെ ചുറ്റുപാടും നിന്നും വളഞ്ഞിരിക്കുകയാണ്.. ഏതു നിമിഷവും ഒരു ആക്രമണം പ്രതീക്ഷിക്കാം …സമർ ഫോണിലൂടെ ദേവദേവന് മുന്നറിയിപ്പ് നൽകി…

ഒക്കെ ഞാൻ അത് നോക്കിക്കോളാം ..നീ  വൈദേഹിയെയോ ദക്ഷയെയോ ഒറ്റയ്ക്ക് ആക്കരുത് …be with them… ദേവൻ കോൾ കട്ട് ചെയ്തു…

തനിക്കെതിരെ ഒരാക്രമണം… താൻ ഇവിടെ ഉണ്ടെന്ന് ആർക്കും അറിയില്ല …പിന്നെങ്ങനെ?? ദേവൻ ആലോചിച്ചു ..
അപ്പോഴാണ് അവൻ തന്റെ തൊട്ടരികിൽ നിൽക്കുന്ന കർണനെ ശ്രദ്ധിച്ചത് .. അപ്പോൾ ഇവനിട്ടാണല്ലേ പണി…..ദേവന് കാര്യങ്ങൾ ഏറെക്കുറെ മനസ്സിലായി… ജോണിക്കുട്ടിയുടെ ഇൻവോൾമെന്റ് കൂടി ആയപ്പോൾ അവരുടെ ടാർഗറ്റ് കർണൻ ആണെന്ന് ദേവൻ ഉറപ്പിച്ചു…

എടാ ഈ പണി നിനക്കുള്ളതാ… നമ്മുടെ ചുറ്റും അവന്മാർ വളഞ്ഞിട്ടുണ്ട് …10-15 പേരുണ്ട്.. നിന്നടിക്കുകയല്ലേ ????ദേവൻ കർണന്റെ അരികിലേക്ക് നീങ്ങി നിന്നുകൊണ്ട് പതിയെ ചോദിച്ചു…

ബാക്കിയുള്ളവർ സെയ്ഫ് അല്ലേ??? അങ്ങനെയാണെങ്കിൽ നമുക്കൊരു കൈ നോക്കാം …കുറെ കാലമായി തടിയൊക്കെ ഒന്ന് അനങ്ങിയിട്ട്… കർണ്ണൻ കൈകളും ചുമലുകളും ഒന്ന് അനക്കിക്കൊണ്ട് പറഞ്ഞശേഷം മുണ്ടെടുത്ത് മടക്കി കുത്തി, കുർത്തയുടെ കൈകൾ മുകളിലേക്ക് പിരിച്ചു കയറ്റി …
നീയെന്താ ഇങ്ങനെ നിൽക്കുന്നെ.. മടക്കികുത്തി തരണോ? കർണ്ണൻ കളിയായി ദേവൻറെ മുണ്ടിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു…

മുണ്ടുടുക്കാൻ അറിയാതെ.. മലയാളത്തിൽ സംസാരിക്കാനറിയാതെ… ദേവദേവൻ ഇങ്ങോട്ട് വരുമെന്ന് നിനക്ക് തോന്നുന്നുണ്ടോ …എനിക്ക് മുണ്ടുടുക്കാനും അറിയാം ആവശ്യം വന്നാൽ മടക്കി കുത്താനും അറിയാം… ദേവൻ സ്റ്റൈലിൽ പറഞ്ഞു……

അപ്പോൾ എല്ലാ പടവും കാണാറുണ്ടല്ലേ… ഡയലോഗ്… അതിനുമാത്രം ഒരു കുറവുമില്ല കർണ്ണൻ അവനെ പൂർത്തിയാക്കാൻ സമ്മതിക്കാതെ ഇടയ്ക്ക് കയറി പറഞ്ഞു..

ഛെ….ആ ഫ്ലോ അങ്ങ് പോയി. ദേവൻ അതും പറഞ്ഞുകൊണ്ട് തന്റെ മുണ്ട് മടക്കി കുത്തി…. കൈകൾ ഒന്ന് തളർത്തിയിട്ട് കഴുത്ത് കറക്കി ചുമലുകൾ സ്ട്രെച്ച് ചെയ്തു…. അവരിരുവരും ഏതുനിമിഷവും ഒരാക്രമണം പ്രതീക്ഷിച്ചു നിന്നു…

പെട്ടെന്നാണ് കർണൻറെ അരികിലേക്ക് മുന്നിൽ നിന്നും പിന്നിൽ നിന്നും രണ്ടു പേർ കുതിച്ചെത്തിയത്.. കയ്യിൽ സാമാന്യം നീളമുള്ള രണ്ട് വാളുകളുമായി.. മുന്നിൽ നിന്ന് എത്തിയവനെ കർണ്ണനും പിന്നിൽ നിന്ന് വന്നവനെ ദേവനും തടഞ്ഞുനിർത്തി …വാളുകൾ പിടിച്ചിരുന്ന ഗുണ്ടകളുടെ കൈകളിൽ ദേവനും കർണനും പിടിമുറുക്കി ,മറുകൈ അവരുടെ കഴുത്തിലും …ദേവനും കർണ്ണനും ഒരേസമയം തന്നെ ആക്രമികളുടെ കഴുത്തിൽ പിടിച്ചു പിന്നിലേക്ക് തള്ളുകയും നെഞ്ചത്ത് വലങ്കാൽ കൊണ്ട് ചവിട്ടുകയും ചെയ്തു …രണ്ടു ഗുണ്ടകളും ഇരു ദിശയിലേക്കും തെറിച്ചുവീണു… വീഴ്ചയിൽ അവരുടെ കയ്യിലെ വാൾ വഴുതി പോയി.. പെട്ടെന്നുണ്ടായ ആക്രമണ പ്രത്യാക്രമണങ്ങൾ കണ്ടു കർണ്ണന്റെയും ദേവന്റെയും ചുറ്റും ഉണ്ടായിരുന്ന ജനക്കൂട്ടം പിന്നിലേക്ക് മാറി.. പിന്നിലേക്ക് മാറിയ ജനക്കൂട്ടത്തിന്റെ ഇടയിൽനിന്നും കുറച്ചുപേർ മുന്നിലേക്ക് വന്ന് കർണ്ണനേയും ദേവനെയും വളഞ്ഞു…

10-15 പേർ പലവിധ ആയുധങ്ങളുമായി അവരുടെ മുന്നിൽ നിരന്നു…. നാലഞ്ചു പേരുടെ കയ്യിൽ ചെറു കത്തികൾ.. ബാക്കിയുള്ളവരുടെ കയ്യിൽ വടിവാളും കുറുവടികളും… ദേവൻ ചെറിയ കത്തികളുമായി നിൽക്കുന്നവരെ ശ്രദ്ധിച്ചു.. മെലിഞ്ഞ ആളുകളാണ് ഇരു കൈകളിലും ചെറിയ കത്തികൾ… ശരീരത്തിൽ ചെറിയ കത്തികൾ കൊണ്ട് വളരെ വേഗത്തിൽ മുറിവുകൾ ഉണ്ടാക്കി അതുവഴി ബ്ലഡ് നഷ്ടപ്പെടുത്തി, എതിരാളി ബലഹീനൻ ആകുമ്പോൾ കൊന്നുകളയുന്ന ടെക്നിക്…. അതിനെപ്പറ്റി ദേവൻ കേട്ടിരുന്നു… അങ്ങനെയുള്ളവരാണ് തന്റെ മുന്നിൽ എന്നവന് മനസ്സിലായി…

ചെറിയ കത്തികൾ അവന്മാരെ സൂക്ഷിക്കണം… ദേവൻ കർണാനോടായി മെല്ലെ പറഞ്ഞു…

….മാർദോ ദോനോം കോ…. അവരുടെ തലവൻ എന്ന് തോന്നിക്കുന്ന ആൾ അലറി …
മൂന്നുപേർ വീതം ദേവൻറെ അരികിലേക്കും കർണൻറെ അരികിലേക്കും ഓടിയെത്തി… കർണ്ണൻ വാളുമായി വന്നവനെ ചവിട്ടി വീഴ്ത്തി കൂടെ വന്നവരിൽ ഒരുവന്റെ നെഞ്ചിൽ ആഞ്ഞു പ്രഹരിച്ചു.. പക്ഷേ ആ സമയം കൊണ്ട് മൂന്നാമൻ കർണന്റെ വാരിയെല്ലിൽ ചെറുകത്തി കൊണ്ട് വരഞ്ഞു വിട്ടു… അവൻറെ വെള്ള ജുബ്ബ അവിടെയായി കീറുകയും രക്തം പരക്കുകയും ചെയ്തു.. പെട്ടെന്ന് തന്നെ അവനെ തള്ളി മാറ്റിയത് കൊണ്ട് മുറിവ് ആഴത്തിൽ ഉണ്ടായില്ല…

ദേവൻ തൻറെ നേർക്ക് വന്ന മൂന്നുപേരെ, അവർ തൻറെ അരികിൽ എത്താറായപ്പോഴേക്കും തറയിലേക്ക് അമരുകയും ഇടത്തേക്കാൽ വൃത്തത്തിൽ കറക്കിക്കൊണ്ട് മൂന്നുപേരെയും കാലിൽ വാരി നിലത്ത് അടിക്കുകയും ചെയ്തു. തന്റെ മുന്നിൽ ചെറുകത്തിയുമായി തറയിൽ കിടക്കുന്നവന്റെ കാൽ നിമിഷനേരം കൊണ്ട് ദേവൻ പിരിചൊടിച്ചു… വളരെ വേഗത്തിൽ നീങ്ങിയ അവൻ വീണ്ടും എഴുന്നേറ്റാൽ പ്രശ്നമാകുമെന്ന് ദേവന് മുൻധാരണയുണ്ടായിരുന്നു.. അതുകൊണ്ടാണ് ആദ്യം അവനെ നിർവീര്യമാക്കിയത്… അതുകണ്ട് ബാക്കിയുള്ളവർ ഒന്ന് ഭയന്നു.. ആ നിമിഷം ദേവൻ അവരിലേക്ക് ഇടിച്ചു കയറി ..തൻറെ മുന്നിലേക്ക് വന്നവരെയെല്ലാം ദേവൻ മാരകമായി പ്രഹരിച്ചു.. ബോക്സിങ്ങും കളരിയും ഇടകലർത്തി ഉള്ള ദേവൻറെ പ്രയോഗത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ അവർ നന്നേ പാടുപെട്ടു… ഒരു പ്രാവശ്യം ദേവൻറെ മുന്നിൽ നേരിട്ട് എത്തിയവൻ പിന്നീട് അവൻറെ നേരെ പോകാൻ പോലും ഭയപ്പെട്ടു… അതുകൊണ്ട് പിന്നിൽ നിന്നായി പലരുടെയും ആക്രമണങ്ങൾ….

ഉണ്ടായ മുറിവ് വകവയ്ക്കാതെ കർണ്ണനും കയറി പൊരുതി തുടങ്ങി… കർണന്റെ നാടൻ തല്ലിനോട് കഷ്ടപ്പെട്ടാണെങ്കിലും അവർ പിടിച്ചുനിന്നു …തന്റെ എതിരാളികളിൽ നിന്നും കുറുവടി കൈക്കലാക്കിയ കർണൻ പിന്നീട് അത് വച്ചായി ആക്രമണം …അവന്റെ അടുത്തേക്ക് വന്നവരുടെ താടിയെല്ലിലും കഴുത്തിലും കുറുവടിയാലവൻ മാരകമായ പ്രഹരങ്ങൾ ഏൽപ്പിച്ചു.. ചെറു കത്തിയുമായിവന്നവനെ കർണൻ കടന്നുപിടിച്ചു അവൻറെ പത്ത് വിരലും കുറുവടിയാൽ തല്ലിച്ചതച്ചു…
ലക്ഷ്യം കർണ്ണൻ ആയതുകൊണ്ട് കൂടുതൽ പേർ അവനെയാണ് വളഞ്ഞത്….
ആ സംഘർഷാവസ്ഥയിൽ മേളക്കാരും മറ്റുള്ളവരും തൽക്കാലം മേളം നിർത്തിവെച്ച് പലയിടത്തേക്കും ചിതറി മാറി… വൈഗ കർണ്ണനേയും ദക്ഷയും വൈദേഹിയും ദേവനെയും ആധിയോടെ നോക്കി നിന്നു… അവരുടെ ദേഹം വേദനിക്കുമ്പോൾ അത്രതന്നെ അല്ലെങ്കിൽ അതിൽ കൂടുതൽ വേദന ദക്ഷയ്ക്കും വൈഗക്കും അനുഭവപ്പെട്ടു…

സമർ ദേവൻറെ അടുത്തേക്ക് പോകാൻ ഒരുങ്ങിയപ്പോഴാണ് അമർനാഥ് ,ദേവനെ തന്നെ ശ്രദ്ധിച്ചുകൊണ്ട് അവനു സമീപമായി നിൽക്കുന്നത് കണ്ടത്… എന്തെങ്കിലും ചതിവ് നടന്നാൽ അമർനാഥ് അത് നോക്കിക്കോളും എന്നവന് തോന്നി അതിനാൽ അവൻ തൻറെ ശ്രദ്ധ ദക്ഷയിലേക്കും വൈദേഹിയിലേക്കുമായി ചുരുക്കി.. അമർനാഥ് ദേവൻറെ ഓരോ ചുവടുകളും നോക്കി നിൽക്കുകയായിരുന്നു…. അവനത് ഒരിക്കൽ രാത്രിയിൽ ,തറവാട്ടിൽ വച്ച് താനെതിരട്ട ആളുടെ മൂവ്മെന്റുകളുമായി സാദൃശ്യം തോന്നി… അതിനാൽ തന്നെ അവൻ കണ്ണെടുക്കാതെ ദേവൻറെ ചുവടുകൾ നോക്കി നിന്നു….

അവിടെ ദേവൻറെ വക നല്ലതല്ല് ഗുണ്ടകൾക്ക് കിട്ടുന്നുണ്ടായിരുന്നു… നേരിട്ട് എതിർക്കാൻ കഴിയാത്തതിനാൽ പിന്നിൽ നിന്നുള്ള ആക്രമണമായിരുന്നു അവൻറെ കാര്യത്തിൽ കൂടുതൽ… തനിക്ക് നേരെ വാളുമായി വന്ന രണ്ടുപേരെ തടഞ്ഞുനിർത്തുന്ന സമയത്താണ് ഒരുവൻ ദേവനെ പിന്നിൽ നിന്നും ആക്രമിക്കാൻ ശ്രമിച്ചത്… മുന്നിൽ പാർക്ക് ചെയ്തിരിക്കുന്ന വണ്ടിയുടെ മിററിലൂടെ പിന്നിൽ നിൽക്കുന്ന ആളെ ദേവൻ കണ്ടെങ്കിലും അവന് പെട്ടെന്ന് തിരിയാൻ കഴിഞ്ഞില്ല……
അവൻ തടഞ്ഞുനിർത്തിയിരുന്ന രണ്ടു ഗുണ്ടകൾ അവനെ അനങ്ങാൻ കഴിയാത്ത രീതിയിൽ പിടിച്ചു നിർത്തി…

പിന്നിലെത്തിയവൻ ദേവൻറെ നേരെ വാൾ വീശാൻ തുടങ്ങിയതും അവൻ ഒരു സൈഡിലേക്ക് തെറിച്ച് വീണു…. തന്നെ പ്രഹരിച്ച ആളെ നോക്കിയ അക്രമിയുടെ മുഖം ഭയത്താൽ വിളറി…. അമർനാഥ്….. അവൻ മുണ്ടും മുടക്കി കുത്തി സംഹാരരുദ്രനെ പോലെ നിന്നു…. പണ്ട് നായ്ക്കിന്റെ ഗ്യാങ്ങിൽ ആയിരുന്ന അവന്, അമർനാഥ് എന്ന ഡെവിളിനെ നല്ലതുപോലെ അറിയാമായിരുന്നു ….അവൻറെ ചെയ്തികളും …തൻറെ ജീവൻ രക്ഷിക്കാൻ അവൻ ചുറ്റുപാടും നോക്കി …പിന്നീട് പെട്ടെന്ന് എഴുന്നേറ്റ് തിരിഞ്ഞോടി… ഓടുന്നതിനിടയിൽ അവൻറെ ഒരു കൂട്ടാളി കൂടി അമർനാഥിനെ കാണുകയും ഭയന്ന് അവനോടൊപ്പം കൂടുകയും ചെയ്തു …അവരുടെ കണ്ണിൽ തന്നോടുള്ള ഭയം കണ്ട് അമർനാഥ് അവർക്ക് തന്നെ അറിയാം എന്ന് മനസ്സിലാക്കുകയും അവന്മാരുടെ പിന്നാലെ പായുകയും ചെയ്തു… ദേവൻ ഈ സമയം തന്നെ പിടിച്ചു വച്ചിരുന്ന ഒരുവന്റെ നാഭിയിലായി മുട്ടുകാൽ കയറ്റി.. വേദന സഹിക്കാൻ കഴിയാതെ അവൻ ദേവനിലെ പിടി അയച്ചു…
അവൻറെ കൈ അയഞ്ഞതും ദേവൻ ആ ഭാഗത്തെ  തന്റെ കൈ സ്വതന്ത്രമാക്കി ,അപ്പുറത്ത് നിൽക്കുന്നവന്റെ മൂക്കിലായി മുഷ്ടിചുരുട്ടി പ്രഹരിക്കുകയും മറ്റവന്റെ മൂക്കിലായി തന്റെ നെറ്റികൊണ്ട് ആഞ്ഞിടിക്കുകയും ചെയ്തു…. രണ്ടുപേരുടെയും മൂക്കിൽ നിന്നും ടാപ്പിൽ നിന്നെന്ന പോലെ ചോര ചീറ്റി ഒഴുകാൻ തുടങ്ങി… അവരിരുവരെയും ദേവൻ രണ്ട് സൈഡിലേക്കായി വലിച്ചെറിഞ്ഞതും ആരുടെയോ പ്രഹരം അവന്റെ പിന്നിലേറ്റതും ഒരുമിച്ചായിരുന്നു …ദേവൻ രണ്ടുമൂന്നു ചുവട് മുന്നിലേക്ക് വച്ചുപോയി..

അവൻ തിരിഞ്ഞ് തന്നെ പ്രഹരിച്ച ആളെ നോക്കി ആറടി പൊക്കത്തിൽ നൂറ് കിലോ തൂക്കത്തിൽ ഒരാജാനബാഹു…

എന്നാടാ പസങ്കൾക്കിട്ടെയാ വമ്പ് കാട്രത്… ഇന്ത രാജരത്നം കിട്ടെ മോദി പാറെടാ….. അയാൾ അവനെ വെല്ലുവിളിച്ചു…

രാജരത്നം മധുരയിലെ കുപ്രസിദ്ധനായ ഗുണ്ട… ഇവന്റെ അനിയനാണ് വണങ്കാമുടി.. അവനും കൂട്ടാളികളും കർണന്റെ അടുത്തേക്കാണ് പോയത് ..ഒരിക്കൽ അവർ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ വിജയം കർണ്ണനായിരുന്നു… അതിന് പകരം വീട്ടാനും കർണ്ണനെ തീർക്കാനും ജോണിക്കുട്ടി വീണ്ടും വിളിച്ചു വരുത്തിയതാണ് അവനെയും ഏട്ടൻ രാജരത്നത്തെയും…

എന്നാടാ ഭയന്നു പോയിട്ടെയാ… ഉനക്കുള്ളെ ദില്ലിരുന്താ എന്നെ അടിച്ചു പാരെടാ… രാജരത്നം വീണ്ടും വിളിച്ചുപറഞ്ഞു…

നാൻ അടിച്ചാൽ തങ്കമാട്ടേ.. നാലുമാസം തൂങ്കമാട്ടെ ….ദേവൻ ചെറുതായി മൂളിക്കൊണ്ട് രാജരത്നത്തിന്റെ അരികിലേക്ക് ചുവടു വച്ചു …

ദേവൻ അടുത്ത് എത്തിയതും രാജരത്നം അവനെ കടന്നു പിടിക്കാനായി ശ്രമിച്ചു …പക്ഷേ ബോക്സേർസ് കുതറി മാറുന്നത് പോലെ അവൻ ഇരുവശത്തേക്കും ചുവട് വെച്ച് വളരെ പെട്ടെന്ന് മാറി മാറി കളിച്ചു ….പെട്ടെന്നൊരു നിമിഷത്തിൽ അവൻ ഒരു കറക്കത്തിന് രാജരത്നത്തിന്റെ പിന്നിലായി എത്തി…. പിന്നിലെത്തിയതും ദേവൻ രാജരത്നത്തിന്റെ പിൻകാൽ മടക്കുകളിൽ ആഞ്ഞുതൊഴിച്ചു.. മുന്നിലേക്ക് വീണുപോയ രാജരത്നത്തിന്റെ നട്ടെല്ലിലേക്ക് ദേവൻ മുട്ടുകാലമർത്തി ഇരുകൈകളും പിന്നിലേക്ക് വലിച്ചോടിച്ചു…..
രാജരത്നം കിടന്ന കിടപ്പിൽ അലറി കരഞ്ഞു …

അഴാതെടാ ചെല്ലം… ഇതെല്ലാം സുമ്മ… എന്നുടെ വിളയാട്ട് താൻ.. അപ്പോഴേക്കും നീ ഇങ്ങനെ കരഞ്ഞാലോ …അവൻ ഒന്നുകൂടി രാജരത്നത്തിന്റെ കൈ പിന്നിലേക്ക് വലിച്ചു പിടിച്ചു…. ക്ട്ക്.. എന്നൊരു ശബ്ദത്തോടെ അവൻറെ എല്ലുകൾ ഒടിഞ്ഞു മാറി…ആഹ്…ഒരു അലർച്ചയോടൊപ്പം രാജരത്നത്തിന്റെ മുണ്ടും നനഞ്ഞു….

അച്ചോടാ കണ്ണാ …എന്നടാ പണ്ണീട്ടേ.. രണ്ടു കൈയും ഒടിഞ്ഞതല്ലാ ഉള്ളൂ ..അപ്പോഴേക്കും ടാങ്ക് കാലിയാക്കിയോ??? അവന്റെ അവസ്ഥ കണ്ടു, ദേവൻ പുച്ഛത്തോടെ അവൻറെ കൈകളിൽ പിടിച്ചു ഒന്നുകൂടി തിരിച്ചുകൊണ്ട് ചോദിച്ചു….

വേദനിച്ചിട്ട് കരയണോ സംസാരിക്കണോ എന്നൊന്നും അവന് മനസ്സിലായില്ല ..വേദനയുടെ ആധിക്യത്താൽ അവൻറെ ബോധം മറഞ്ഞു… ഇത് കണ്ടതും അവൻറെ ചുറ്റും വീണ് കിടക്കുന്നവർ, എഴുന്നേൽക്കാൻ കഴിവുണ്ടെങ്കിലും ബോധം മറഞ്ഞത് പോലെ തന്നെ കിടന്നു…..

ഈ സമയത്ത് കുറച്ച് അപ്പുറം മാറി കർണ്ണനും അവരോട് മല്ലിടുകയായിരുന്നു… അപ്പോഴാണ് അവനും പിന്നിൽ നിന്ന് ചവിട്ടേറ്റ് തെറിച്ചു വീണത് …വണങ്കാമുടിയും കൂട്ടരും…. തിരിഞ്ഞു നോക്കിയ കർണ്ണൻ കണ്ടത് അവരെയാണ്… കർണ്ണൻ ദേഹത്തെ പൊടിയും തട്ടി എഴുന്നേറ്റ് അവർക്ക് അഭിമുഖമായി നിന്നു…
വണങ്കാമുടിയുടെ എൻട്രി നോർത്തിന്ത്യൻ ഗുണ്ടകൾക്ക് ഒരു ആശ്വാസമായിരുന്നു …അവർക്ക് ശ്വാസം വിടാൻ കുറച്ച് സമയം കിട്ടി….

കളിഞ്ഞ തവണ നീ രച്ചപ്പെട്ടു.. ആന ഇന്തവാട്ടി അത് നടക്കാതെ…വണങ്കാമുടി,കർണ്ണനെ നോക്കി മുരുണ്ടു …

കളിഞ്ഞ അല്ലടാ പാണ്ടി ….കഴിഞ്ഞ… പൂവൻപഴത്തിന്റെ ..ഴാ… കഴിഞ്ഞപ്രാവശ്യം എൻറെ ഒരു അടിക്ക് ബോധം പോയ അണ്ണനെ പിന്നെ ഇപ്പോഴാണ് കാണുന്നത് ….എങ്ങനെ സുഖങ്ങള് തന്നെ…. കർണ്ണൻ ഉടുത്തിരുന്ന മുണ്ട് ഒന്നുകൂടി അഴിച്ചു മടക്കി കുത്തിക്കൊണ്ട് ചോദിച്ചു….

കർണന്റെ മറുപടി കേട്ട് ദേഷ്യത്തോടെ വണങ്കാമുടി കർണ്ണന് നേരെ പാഞ്ഞെത്തി.. വേഗത്തിൽ തന്റെ അടുത്തേക്ക് എത്തിയ വണങ്കാമുടിയെ കർണൻ ഒരു സൈഡിലേക്ക് ചരിഞ്ഞ് തൻറെ തോളിലായി കോർത്തെടുത്തു പിന്നീട് വട്ടംചുറ്റി അവൻ വന്നിടത്തേക്ക് തന്നെ തിരികെ എറിഞ്ഞു….

തിരികെ നിവർന്നു നിന്ന കർണന്റെ ശ്രദ്ധ ആൾക്കൂട്ടത്തിൽ നിന്നും തനിക്ക് നേരെ ഓടിയടുക്കുന്ന ഒരു പെൺകുട്ടിയിലേക്ക് പതിച്ചു………..ലക്ഷ്മി….
വണങ്കാമുടി ,കർണ്ണനെ ചവിട്ടിയിടുന്നത് കണ്ടു അവൻറെ അരികിലേക്ക് വന്നതാണ് അവൾ.. സമറിനോ അവന്റെ ആളുകൾക്കോ ലക്ഷ്മിയെ മുൻ പരിചയം ഇല്ലാത്തതിനാൽ അവളുടെ അസാന്നിധ്യം അവർ ശ്രദ്ധിച്ചില്ല…

Updated: June 4, 2023 — 10:44 pm

30 Comments

  1. 2 months ayi bro

  2. പ്രിൻസ് വ്ളാഡ്

    ബ്രോ ഞാൻ എന്ത് കമൻറ് ഇട്ടാലും അത് മോഡറേഷൻ എന്ന് പറഞ്ഞു പോവുകയാണ്…. എക്സാമുകളും മറ്റും ആയിരുന്നു… പാർട്ടുപാർട്ടായി ആണ് അവിടെ പോസ്റ്റ് ചെയ്തത് ഇവിടെ എല്ലാവരും ഒരുമിച്ച് ഒറ്റപ്പാർട്ടായി ഇടാം എന്ന് കരുതി…. ഉടനെ പോസ്റ്റ് ചെയ്യാം

Comments are closed.