ദേവലോകം 16 [പ്രിൻസ് വ്ളാഡ്] 542

പിന്നെ ഞാൻ ജനിച്ചപ്പോൾ മുതൽ ഇവരെയൊക്കെ കണ്ടുകൊണ്ടിരിക്കുകയല്ലേ… നിന്നെപ്പോലെ തന്നെ ഒരു ദിവസം കണ്ട പരിചയം മാത്രമേ എനിക്കുമുള്ളൂ… അമർനാഥ് കളിയോടെ പറഞ്ഞു…

ഇവരൊക്കെ ആരാണെന്ന് അറിയാതെ എങ്ങനാ വിളിക്കുക… കുറെ പേരുണ്ട് താനും.. അവൾ ആരോടെന്നില്ലാതെ ചോദിച്ചു…

അതിനൊരു ടെക്നിക് ഉണ്ട് ..അവൻ തിരികെ അവളെ നോക്കിക്കൊണ്ട് പറഞ്ഞു.. വൈഗ സംശയത്തോടെ അവനെ നോക്കി.

ആണുങ്ങളെയെല്ലാം അങ്കിൾ, സ്ത്രീകളെയെല്ലാം ആൻറി, കുട്ടികളെ മോളെ മോനെ …. നമ്മുടെ സമപ്രായക്കാരെ എടോ എന്നോ താനെന്നോ വിളിക്കാം.. സിമ്പിൾ……

നീ പറഞ്ഞത് പൊട്ടത്തരം ആണെങ്കിലും… ഇനി അത് വല്ലതുമേ രക്ഷയുള്ളൂ.. അതും പറഞ്ഞു വൈഗ ഫ്രഷ് ആവാനായി പോയി…

ആര്യയെ ഒരുങ്ങാൻ സഹായിച്ച ശേഷം തിരികെ തൻറെ റൂമിലെത്തിയ വൈദേഹി ദക്ഷയെ കണ്ടു അമ്പരന്നുനിന്നു….. കസവ് സാരി അണിഞ്ഞ് കണ്ണുകളിൽ കരിമഷിയും ,കുഞ്ഞ് കറുത്ത പൊട്ടും അതിനു മുകളിലായി ഒരു ചന്ദനക്കുറിയും മൂക്കിൽ മിന്നി നിൽക്കുന്ന ചുവന്ന കല്ലിൻറെ മൂക്കുത്തിയും മിതമായ ആഭരണങ്ങളും ….ദക്ഷയുടെ സൗന്ദര്യം കത്തി ജ്വലിച്ചു നിന്നു…

Will you marry me…. വൈദേഹി അവളുടെ അടുത്തേക്ക് ചെന്ന് ഇരുകൈകളിലും പിടിച്ചു കുസൃതിയോടെ ചോദിച്ചു..

ദേ പെണ്ണേ… നിന്റെ കളി കുറച്ച് കൂടുന്നുണ്ട് അവളുടെ കവിളിലായി പിടിച്ചു കൊണ്ട് ദക്ഷ പറഞ്ഞു…

അല്ലാതെ പിന്നെ ..പെണ്ണായ എനിക്ക് പോലും അസൂയ തോന്നുന്നു ..അപ്പോൾ പിന്നെ ദേവേട്ടന്റെ കാര്യം പറയണോ?? മൂപ്പര് മൂക്കും കുത്തി വീഴും… വൈദേഹി പറഞ്ഞു..

അതൊക്കെ എന്നേ വീണതാ ഒരു കൈ അരയിൽ കുത്തി സാരിയുടെ മുന്താണി കറക്കിക്കൊണ്ട് ദക്ഷ ചിരിച്ചുകൊണ്ട് പറഞ്ഞു…. അപ്പോഴേക്കും ആര്യയും അവളുടെ ഒന്ന് രണ്ട് കസിൻസ് അവരോടൊപ്പം കൂടി പിന്നീട് അവിടെ ഒരു ഫോട്ടോ സെക്ഷൻ ആയിരുന്നു… പാവം ദക്ഷ അവരെക്കൊണ്ട് അവൾ ഒരു വഴിക്കായി……

പുറത്തുവന്ന ജോലിക്കാരോട് ആയി ഓരോ കാര്യങ്ങൾ പറഞ്ഞേൽപ്പിക്കുകയാണ് ഭദ്രൻ.. കൂടെത്തന്നെ അമറും ഉണ്ട്… അതിനോടൊപ്പം തന്നെ അവിടെ വന്നിരിക്കുന്ന ബന്ധുക്കളെ തന്റെ മകന് പരിചയപ്പെടുത്തി കൊടുക്കുന്നുണ്ട് ഭദ്രൻ…

കുറേ പെൺകുട്ടികൾ മുകളിലത്തെ നിലയിലെ ഒരു സൈഡിലായി കൂടി നിൽക്കുന്നത് കണ്ടു അങ്ങോട്ടേക്ക് ചെന്നതാണ് വൈദേഹിയും ആര്യയും.. പിള്ളേരെല്ലാം കൂടി നിന്ന് അമർനാഥനെ നോക്കി വെള്ളം ഇറക്കുകയാണ് ,,,ഇടയ്ക്കിടെ അവനെ പറ്റി ഒരു കമന്റുകളും പറയുന്നുണ്ട് …ആ ചേട്ടൻറെ മുടി കണ്ടോ ,,നിൽപ്പ് കണ്ടോ,,, നടപ്പ് കണ്ടോ ,,,എന്നൊക്കെ.. ആര്യയുടെ നോട്ടവും അങ്ങോട്ട് ചെന്നു ..

ആഹാ അമറേട്ടനെ ഊറ്റുകയാണല്ലോ എല്ലാ എണ്ണവും കൂടി …അവൾ വൈദേഹിയോട് ആയി പറഞ്ഞു.. അവളും അങ്ങോട്ടേക്ക് നോക്കി ചുവന്ന കസവ് ഷർട്ടും ഗോൾഡൻ കര മുണ്ടും ആണ് വേഷം … മുടിയും താടിയും ഒക്കെ ജെൽ തേച്ച് ഒതുക്കി വെച്ചിരിക്കുന്നു ..കൈയിൽ ബ്ലാക്ക് കളർ ക്രോണോഗ്രാഫ് വാച്ച്.. കാണാൻ ഒരാനചന്തം ഒക്കെയുണ്ട് അവൾ ഉള്ളിലായി പറഞ്ഞു…ആര്യ തട്ടി വിളിച്ചപ്പോഴാണ് താനും ഇത്രയും നേരം അവനെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു എന്ന് അവൾക്ക് മനസ്സിലായത് …..

ഉഫ്… പൊളി ഏതാടി ആ ചേട്ടൻ അവിടെ നിൽക്കുന്നതിൽ ഒരു പെൺകുട്ടി മറ്റൊരു ദിശയിലേക്ക് കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു… എല്ലാവരുടെയും ശ്രദ്ധ അവൾ ചൂണ്ടിയെടുത്തേക്ക് ആയി… എല്ലാവരുടെയും കണ്ണുകൾ വിടർന്നു …കുളിപ്പിച്ച് കളഭം ചാർത്തി നിൽക്കുന്ന കൊമ്പന് പഴവും ശർക്കരയും കൊടുക്കുന്ന ദേവനെ അവർ കണ്ണിമ ചിമ്മാതെ നോക്കി നിന്നു പോയി… അവൻ ധരിച്ചിരിക്കുന്ന ഡ്രസ്സ് കണ്ട ആര്യയ്ക്ക് വളരെയധികം സന്തോഷമായി …അവൾ ഇന്നലെ വാങ്ങിക്കൊടുത്ത വസ്ത്രങ്ങൾ ആയിരുന്നു അവൻ ധരിച്ചിരുന്നത്… കരിനീല കളർ കുർത്തിയിലും മുണ്ടിലും അവൻ തിളങ്ങി നിന്നു കയ്യിൽ ഒരു മെറ്റാലിക് വാച്ച് മറുകൈയിൽ ചെറിയൊരു സ്റ്റീലിന്റെ വള കുർത്തയുടെ ബട്ടണുകൾ എല്ലാം ഓപ്പൺ ആണ് അതിലൂടെ സ്വർണ്ണം കെട്ടിയ ഏകമുഖീരുദ്രാക്ഷവും സുദർശനയന്ത്രവും പുറത്തേക്ക് കിടപ്പുണ്ട് …താടി ഷോട്ട് ട്രിം ചെയ്തു  മീശയുടെ ആഗ്രങ്ങൾ പിരിച്ചു ഭംഗിയായി നിർത്തിയിട്ടുണ്ട്.. നീളമുള്ള ചുരുളൻ മുടികൾ ഒന്നാകെ പിറകിലേക്ക് ഒതുക്കി നിർത്തി…. തലയെടുപ്പുള്ള ആ കൊമ്പനൊപ്പം അവനെ കാണാൻ തന്നെ ഒരു പ്രത്യേക ഭംഗിയായിരുന്നു.. അതുവരെ അമർനാഥനെ നോക്കി നിന്നവരുടെ ശ്രദ്ധ  ദേവനിലേക്ക് മാത്രമായി ഒതുങ്ങി….

സമയം അതിവേഗം ചലിച്ചുകൊണ്ടിരുന്നു…. കുടുംബക്ഷേത്രത്തിലേക്ക് ഇറങ്ങേണ്ട സമയമായതും ഓരോ ഫാമിലിയായി പുറത്തേക്ക് വന്നുകൊണ്ടിരുന്നു… പരസ്പരം സംസാരിച്ചു ഒരുമിച്ച് ഇറങ്ങിവന്ന ദക്ഷയിലും വൈഗയിലുമായിരുന്നു അവിടെയുണ്ടായിരുന്ന ചെറുപ്പക്കാരുടെ ഒക്കെ കണ്ണുകൾ.. ചില അച്ചനമ്മമാർ തങ്ങളുടെ മക്കൾക്ക് വേണ്ടി അവരെ മനസ്സിൽ ഉറപ്പിക്കുകയും ചെയ്തു.. ദക്ഷയെ ,വൈഗ എല്ലാവർക്കും പരിചയപ്പെടുത്തി കൊടുത്തിരുന്നു… അവിടെ ഉണ്ടായിരുന്ന എല്ലാവർക്കും അവരിരുവരും ഒരു ലോട്ടറിക്ക് സമമായിരുന്നു… കോടിക്കണക്കിന് രൂപ ഒറ്റയടിക്ക് കിട്ടുന്ന ബംബർ ലോട്ടറി….

ദക്ഷിയുടെ കണ്ണുകൾ അവിടെ ആകെ പരതി… ഒടുവിൽ തന്നെ കൂർപ്പിച്ച് നോക്കിക്കൊണ്ട് നിൽക്കുന്ന ദേവൻറെ മുഖത്ത് അവളുടെ നോട്ടം എത്തി …അവൾ മറ്റാരും കാണുന്നില്ല എന്ന് ഉറപ്പുവരുത്തി ദേവന് നേരെ ഒരു കണ്ണടിച്ച് ഒരു ഫ്ലയിങ് ക്വിസ് നൽകി… ദേവൻറെ കൂർത്ത മുഖം അമ്പരപ്പിലേക്കും പിന്നീട് ഒരു പുഞ്ചിരിയിലേക്കും വഴി മാറി… അവർ ഓരോരുത്തരായി അവരവരുടെ വാഹനങ്ങളിൽ കയറി കുടുംബക്ഷേത്രത്തിലേക്ക് പുറപ്പെട്ടു …വൈദേഹിയും ദക്ഷയും ദേവനൊപ്പം അവൻറെ കാറിലാണ് പുറപ്പെട്ടത് …വൈദേഹിയുടെ കൂടെ പിന്നിൽ ഇരിക്കാതെ ദക്ഷ ദേവനൊപ്പം മുന്നിലെ മുന്നിലാണ് ഇരുന്നത് …

വണ്ടിയെടുത്തതും ദക്ഷയുടെ നോട്ടം ദേവൻറെ മുഖത്തേക്ക് പോയി,, എവിടെ തന്നെയൊന്ന് നോക്കുന്നു കൂടിയില്ല …ഇന്നലെ രാത്രിയിൽ വിളിച്ചപ്പോൾ കൂടി ഞാൻ ഇവിടെ ഉണ്ടെന്ന് പറഞ്ഞില്ല,, അതിൻറെ പിണക്കമാണ് ,അവൾ മെല്ലെ അവൻറെ ഇടതു കൈയിൽ തോണ്ടി വിളിച്ചു ….കൂർപ്പിച്ച് ഒരു നോട്ടമായിരുന്നു പ്രതികരണം ..

ഏട്ടത്തിയുടെ സർപ്രൈസ് അങ്ങോട്ട് ഏറ്റില്ല എന്ന് തോന്നുന്നു… ഇനി എന്ത് ചെയ്യും???ഇതൊക്കെ കണ്ടുകൊണ്ടിരിക്കുകയായിരുന്ന വൈദേഹി അല്പം മുന്നിലേക്ക് ആഞ്ഞ് ദക്ഷയുടെ ചെവിയിൽ പറഞ്ഞു…
എൻറെ വാവയുടെ പിണക്കം മാറ്റാൻ എനിക്കറിയാം എന്ന് പറഞ്ഞുകൊണ്ട് ദക്ഷ ദേവനിലേക്ക് ചേർന്നിരുന്ന് അവന്റെ ചെവിയിൽ എന്തോ പറഞ്ഞു.. ശേഷം അവൻറെ കവിളിൽ നല്ലൊരു മുത്തവും കൊടുത്തു .. ദക്ഷയുടെ കൈകൾ ദേവൻറെ ഇടംകൈയെ പുണർന്നു.. അവളുടെ തല അവൻറെ തോളുകളിലേക്ക് ചായ്ച്ചുവെച്ചു …ദേവൻ ചിരിച്ചുകൊണ്ട് അവളുടെ നെറുകിൽ ഒരു ചുംബനം നൽകി…

ഇവിടെ പ്രായപൂർത്തിയായ കുട്ടികൾ ഉണ്ട് …പിന്നിലെ സീറ്റിൽ ഇരുന്നു വൈദേഹി ചിരിച്ചുകൊണ്ട് പറഞ്ഞു..
അതിന് മറുപടിയായി ദക്ഷ അവന്റെ തോളിൽ നിന്നും തല തിരിച്ച് വൈദേഹിയെ നോക്കി കുട്ടികളെ പോലെ  കൊഞ്ഞനം കുത്തി … വളരെ പക്വതയോടെ പെരുമാറുന്ന ദക്ഷ, ദേവൻറെ അരികിലെത്തുമ്പോൾ ഒരു കുഞ്ഞു കുട്ടിയെ പോലായി മാറുന്നു… വൈദേഹി ഓർത്തു.

എല്ലാവരും കുടുംബക്ഷേത്രത്തിൽ എത്തി …അവിടുത്തെ പൂജകൾക്ക് ശേഷം മഹാഗണപതിയുടെ തങ്ക വിഗ്രഹം തിരുമേനി, ഭദ്രൻറെ കയ്യിൽ നൽകി …തറവാട്ടിലെ മൂത്തസന്തതി, അത് ഭദ്രനാണ്.. അയാൾ ആവണം ഗണേശന്റെ സ്വർണവിഗ്രഹം രാമപുരത്തപ്പന് സമർപ്പിക്കാൻ… ഭദ്രൻ ഗജാരൂഢനായി, ഘോഷയാത്ര പുറപ്പെട്ടു… മുന്നിൽ പഞ്ചവാദ്യം അതിനു തൊട്ടു പിന്നിലായി ഗജൻ.. അതിനും പിന്നിലായി തറവാട്ടിലുള്ള ആളുകളും മറ്റും… സ്ത്രീകൾ എല്ലാം ഒരുമിച്ചാണ് നിൽക്കുന്നത് ദക്ഷയും വൈഗയും വൈദേഹിയും ഒക്കെ ഒരുമിച്ചുണ്ട് …ഘോഷയാത്രയുടെ ഇടതുവശത്തായി ദേവൻ നിലകൊണ്ടു …മധ്യഭാഗത്ത് നിറകുംഭവുമായി രാമനാഥനും തൊട്ടുപിന്നിൽ അമർനാഥുമുണ്ട്…

അപ്പോഴാണ് അമർനാഥൻറെ വലതുവശത്തേക്ക് ഒരാൾ ചേർന്ന് നടന്നത്… അമർനാഥ് അയാളെ നോക്കി, അവൻറെ കണ്ണുകൾ ആശ്ചര്യത്തോടെ വിടർന്നു….
സമർ ….സമർ ആനന്ദ്.. അവർ ഇരുവരും പരസ്പരം ഒരു പുഞ്ചിരി കൈമാറി… സമർ ,അമർനാഥന് കുറച്ചുകൂടി അരികിലേക്ക് വന്നു…

സ്ത്രീകളെ പ്രത്യേകിച്ച് വൈദേഹിയെ സൂക്ഷിക്കണം, അവൾക്കെതിരെ അല്ലെങ്കിൽ നിങ്ങൾ ഒരാൾക്കെതിരെ ഒരു ആക്രമണം ഉണ്ടാവാനുള്ള സാധ്യതയുണ്ട് ..സൂക്ഷിക്കുക… പരിചയമില്ലാത്തവരെ പ്രത്യേകിച്ച് നോർത്ത് ഇന്ത്യക്കാർ എന്ന് തോന്നുന്നവരെ ഒന്ന് നോട്ട്  ചെയ്തു വെച്ചേക്കുക… ഞാനിവിടെ തന്നെയുണ്ടാവും… അവന് കേൾക്കുന്ന രീതിയിൽ പറഞ്ഞിട്ട് സമർ കുറച്ചുകൂടി വലതുവശത്തേക്ക് മാറി നടന്നു….

ദേവൻ പറഞ്ഞിട്ടാണ് സമർ, അമർനാഥിനോട് കാര്യങ്ങൾ പറഞ്ഞത് …അമർനാഥും ജാഗരൂകനായി ….അമർനാഥ് ,
സമർ ,ദേവൻ അവരുടെ മൂന്നുപേരുടെയും കണ്ണുകൾ ചുറ്റുപാടും വീക്ഷിച്ചു കൊണ്ടിരുന്നു… ഇതിനിടെ വൈഗയുടെ നോട്ടം പലപ്പോഴായി ദേവനെ തേടിയെത്തി…. ഉത്സവത്തിന്റെ ചടങ്ങുകൾക്കിടയിൽ യാദൃശ്ചികമായി ദേവനെയും ഭദ്രനെയും ഒരുമിച്ചു കണ്ടപ്പോൾ അവർക്ക് അവരിരുവരിലും എന്തൊക്കെയോ സാമ്യതകൾ അവൾക്ക് തോന്നി… യാദൃശ്ചികം ആകാം എന്ന് ഹൃദയം പറഞ്ഞപ്പോഴും അവളുടെ ബുദ്ധി അതിനനുവദിച്ചില്ല …ഇടയ്ക്കിടെ ദേവനെ നോക്കിയ വൈഗ, അവൻ ആരെയോ പ്രതീക്ഷിക്കുന്നത് പോലെ തോന്നി …ഇരയെ തേടുന്ന വേട്ടക്കാരന്റെ ഭാവം ആയിരുന്നു അവനപ്പോൾ …ആളുകളെ അവരുടെ പെരുമാറ്റം കൊണ്ട് വളരെ പെട്ടെന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കുന്ന വൈഗക്ക് അവൻറെ പിന്നിൽ എന്തൊക്കെയോ രഹസ്യങ്ങൾ ഉണ്ട് എന്ന് തോന്നി…

ഘോഷയാത്ര നാൽക്കവല കഴിഞ്ഞതും അവിടെനിന്ന് കുറെ പേർ ആൾക്കൂട്ടത്തിലേക്ക് ചേർന്നു.. അതിൽ അഞ്ചുപേർ കർണ്ണനെ തേടിയെത്തിയവരായിരുന്നു… എല്ലാവരും ഒരുമിച്ച് അമ്പലപ്പറമ്പിൽ എത്തിയാൽ അത് സംശയത്തിനിട നൽകും.. എന്നതിനാൽ ചെറു സംഘങ്ങളായി പിരിഞ്ഞായിരുന്നു അവരുടെ ഓപ്പറേഷൻ ,എല്ലാവരും അമ്പലപ്പറമ്പിൽ മാത്രമേ ഒത്തുകൂടൂ എന്ന് അവർ നേരത്തെ തീരുമാനിച്ചിരുന്നു ..

ദേവേട്ടാ we got company ..ദേവൻറെ ചെവിയിൽ ഉണ്ടായിരുന്ന ബ്ലൂടൂത്ത് ഹെഡ്സെറ്റിൽ സമറിൻറെ വാക്കുകൾ മുഴങ്ങിക്കെട്ടു… പിന്നിലേക്ക് നോക്കിയ ദേവനും സംശയകരമായ രീതിയിൽ ഒന്ന് രണ്ടു പേരെ കണ്ടു …
വൈഗയാണോ ..വൈദേഹിയാണോ ..അവരുടെ ലക്ഷ്യം ,അത് ആദ്യം കണ്ടുപിടിക്കണം..ഇപ്പോഴേ ഒന്നും ചെയ്യേണ്ട അവരെ ക്ലോസ് ആയി വാച്ച് ചെയ്യൂ… ദേവൻ സമറിന് നിർദ്ദേശം നൽകി…
എന്നാൽ ദേവനെയും മറ്റുള്ളവരെയും ചിന്ത കുഴപ്പത്തിൽ ആക്കിക്കൊണ്ട് ആൾക്കൂട്ടത്തിൽ കയറിവന്നവർ ആർക്ക് നേരെയും ആക്രമണത്തിന് മുതിരാതെ നിലകൊണ്ടു….. ഇടയ്ക്കിടെ ദേവനെ ശ്രദ്ധിച്ച വൈഗക്കും ദക്ഷയ്ക്കും അവൻറെ പെരുമാറ്റം സംശയമുണ്ടാക്കി …അമർനാഥിനെ നോക്കിയ വൈഗക്ക് അവൻറെ മുഖത്തും ഒരു ടെൻഷൻ ഫീൽ ചെയ്തു …അവൾ മെല്ലെ അവൻറെ സമീപത്തേക്ക് നീങ്ങി…

എന്തെങ്കിലും കുഴപ്പമുണ്ടോ ???അവൾ മെല്ലെ അവനോട് ചോദിച്ചു..

യെസ് ..നമുക്ക് അത്ര പരിചയമില്ലാത്ത കുറച്ചുപേർ ഈ കൂട്ടത്തിൽ കയറിയിട്ടുണ്ട്.. എനിക്ക് തോന്നുന്നു ഒരു കൊട്ടേഷൻ ആണെന്ന് ..ആർക്കുനേരെയാണ് എന്ന് മാത്രം അറിഞ്ഞാൽ മതി.. പിന്നെ സമറും ഇവിടെയുണ്ട്.. അവനാണ് എനിക്ക് വാണിംഗ് തന്നത് …

അയാൾ എങ്ങിനെ ഇവിടെ????

അറിയില്ല വൈദേഹിക്ക് നേരെ ആക്രമണം ഉണ്ടായേക്കാം എന്ന സംശയമായിരിക്കും ഒരു പക്ഷേ അവനെ ഇവിടെ  എത്തിച്ചത്… അവളെ നീയൊന്ന് ശ്രദ്ധിക്കണം.. ഒറ്റയ്ക്ക് വിടരുത് അമർനാഥ് തന്റെ സഹോദരിയോട് പറഞ്ഞു…

അടുത്ത ഒരു വളവിൽ നിന്ന് നാലഞ്ച് തമിഴന്മാരും ഘോഷയാത്രയിലേക്ക് വന്നുചേർന്നു.
ഇത് നമ്മുടെ ജോണിക്കുട്ടിയുടെ തടി മില്ലിൽ പണിയെടുക്കുന്നവരല്ലേ?? ദേവൻറെ തൊട്ടടുത്തുനിന്ന് രണ്ടുമൂന്നുപേർ അങ്ങോട്ടുമിങ്ങോട്ടും ചോദിച്ചു..

ജോണിക്കുട്ടി എന്ന പേർ കേട്ടതും ദേവന് സംശയമായി… കർണ്ണൻ അവന്റെ പേര് സൂചിപ്പിച്ചിരുന്നു… കേറിയവരിൽ ഒന്നു രണ്ടു പേർ നാൽകവലയിൽ നിന്ന് കയറിയ ആളുകളുടെ അടുത്തേക്ക് നീങ്ങി നിന്നത് ദേവൻ ശ്രദ്ധിച്ചു.. അവരുടെയെല്ലാം ലക്ഷ്യം ഒരാളാണെന്ന് അവന് തോന്നി…. ആ കാര്യം അപ്പോൾ തന്നെ സമറിനോട് കമ്മ്യൂണിക്കേറ്റ് ചെയ്യുകയും ചെയ്തു…. അല്പസമയത്തിനുള്ളിൽ തന്നെ സ്ത്രീകളുടെ ഇടതും വലതുമായി രണ്ടുപേർ അവർ ശ്രദ്ധിക്കാത്ത രീതിയിൽ നടന്നു തുടങ്ങി ..പക്ഷേ അത് അമർനാഥ് നോട്ട് ചെയ്തു… അവൻ അവരുടെ അടുത്തേക്ക് ചലിക്കാനായി തുടങ്ങിയതും അവന്റെ ഫോണിൽ സമർ വിളിക്കുകയും ,ഇപ്പോൾ സ്ത്രീകളുടെ അപ്പുറവും ഇപ്പുറവും നിൽക്കുന്നത് അവൻറെ ഗാർഡുകൾ ആണെന്ന് പറയുകയും ചെയ്തു ….അത് അമർനാഥിനും ആശ്വാസമേകി.. ഘോഷയാത്ര അമ്പലത്തിലേക്ക് അടുത്തു… ഒരു വളവും കൂടി കഴിഞ്ഞാൽ അമ്പലമായി… ദേവന്റെയും മറ്റുള്ളവരുടെയും ശ്രദ്ധ ഘോഷയാത്രയുടെ ചുറ്റുപാടും, അതുപോലെ യാത്രയിൽ ചേർന്നിരുന്ന അക്രമകാരികളിലുമായിരുന്നു… അപ്പോൾ ദേവൻറെ ശ്രദ്ധ വളവിന് തൊട്ടുമുന്നിലായി വഴിയരികിൽ പാർക്ക് ചെയ്ത ഒരു വാഹനത്തിലേക്ക് പോയി…

റെഡ് കളർ, ജീപ്പ് വ്റാഗ്ലർ.. അതിന് മുന്നിലായി തന്നെ കസവ് ജുബ്ബയും മുണ്ടും ഉടുത്ത് നിൽക്കുന്ന കർണ്ണൻ …അവൻറെ കയ്യിൽ തൂങ്ങി ലക്ഷ്മിയും ..അവൻ കർണന്റെ നോട്ടം പോകുന്നിടത്തേക്ക് നോക്കി ….വൈഗ …അവൻ അവളെ മാത്രം നോക്കി നിൽക്കുകയാണ് ..ദേവൻറെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.. വൈഗയുടെ നോട്ടവും അവനിൽ തന്നെയാണ് താൻ വാങ്ങിക്കൊടുത്ത ഡ്രസ്സ് ഇട്ടു തന്നെ നോക്കി മീശ പിരിച്ചു നിൽക്കുന്ന തൻറെ …തൻറെ മാത്രം ..കർണ്ണൻ. അവളുടെ മുഖവും പൂനിലാവുദിച്ചതുപോലെ തിളങ്ങി… ഘോഷയാത്ര അടുത്തെത്തിയപ്പോൾ അവരും അതിനോടൊപ്പം ചേർന്നു …കർണൻ മെല്ലെ ദേവൻറെ സൈഡിലേക്ക് നീങ്ങി നിന്നു ..ലക്ഷ്മി  നേരെ വൈദേഹിയുടെയും വൈഗയുടെയും അടുത്തായും …

അളിയാ ഇതുവരെയെല്ലാം ഓക്കേ അല്ലേ??? കർണ്ണൻ മെല്ലെ ദേവനോട് ചോദിച്ചു ..

പിന്നെ എല്ലാം ഒക്കെയാണ്… പത്തുപന്ത്രണ്ടെണ്ണം ഈ ഘോഷയാത്രയിൽ കയറിയിട്ടുണ്ട്… ഒരു പണി എന്തായാലും തീർച്ച… ആർക്കിട്ടാണ് എന്നുള്ളത് മാത്രമാണ് അറിയേണ്ടത്… നീ പറഞ്ഞ ജോണി കുട്ടിയുടെ ആളുകളും ഉണ്ട്… അവന്മാര് വലതു സൈഡിൽ നിൽപ്പുണ്ടായിരുന്നല്ലോ നീ കണ്ടില്ലേ???

അത് ഞാൻ നോക്കിയില്ല.. കർണൻ മെല്ലെ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു …

നോക്കിയില്ലത്രേ ??അതങ്ങനെ അവളുടെ മുഖത്ത് നിന്ന് കണ്ടെടുത്തിട്ട് വേണ്ടേ മറ്റെവിടെങ്കിലും നോക്കാൻ…. എന്തൊരു ഒലിപ്പീരായിരുന്നെടാ…

അത് നീ ഒന്ന് പ്രേമിച്ചു നോക്ക് അപ്പോൾ അറിയാം …ഒരു ചിരിയോടെ കർണ്ണൻ പറഞ്ഞു…

ദേവൻ ഉള്ളിൽ ഒന്ന് ചിരിച്ചു… അവൻറെ കണ്ണുകൾ അപ്പോൾ ദക്ഷയെ തേടി പോയി….
ദേവൻ പിന്നീട് അവിടെ നടന്ന കാര്യങ്ങൾ എല്ലാം കർണനെ അറിയിച്ചു ….അവരായി ഒരു മൂവ്മെൻറ് നടത്തുന്നതുവരെ അവരെ നിരീക്ഷിക്കുക, ഇങ്ങോട്ട് ഒരു ആക്രമണം ഉണ്ടാകുമ്പോൾ മാത്രം റിയാക്ട് ചെയ്യുക… അതായിരുന്നു ദേവൻറെ പ്ലാൻ… ബാക്കിയുള്ളവരെയും സമറിലൂടെ ദേവൻ തന്റെ തീരുമാനത്തെ അറിയിച്ചു….

ഘോഷയാത്ര അമ്പലത്തിലേക്ക് കടന്നു ..ഗണപതിയുടെ തങ്കവിഗ്രഹം ക്ഷേത്രത്തിലെ പ്രധാന മേൽശാന്തി , ഭദ്രൻറെ കൈയിൽ നിന്നും ഏറ്റുവാങ്ങി, ഉപദേവന്റെ കോവിലിൽ പ്രതിഷ്ഠിച്ചു ….അപ്പോഴേക്കും പുറത്ത് ആൽച്ചുവട്ടിൽ മേളം തുടങ്ങി …ആലിന്റെ ചുവട്ടിലും പരിസരത്തും മേളക്കമ്പക്കാർ ഇടം പിടിച്ചു… അമ്പലത്തിന്റെ പിൻവശത്തായി ഒരു മറ്റടോര്‍ വാൻ വന്നുനിന്നു …അതിൽ നിന്നും 6 പേർ  ആയുധങ്ങളുമായി പുറത്തിറങ്ങി …അവരും മറ്റുള്ളവരോടൊപ്പം ചേർന്നു….

അമ്പലത്തിൽ നിന്നും 50 മീറ്ററോളം മാറിയാണ് ആൽത്തറ… അമ്പലത്തേക്കാൾ കുറച്ചുകൂടി താഴ്ന്ന ഭാഗത്ത്… അങ്ങോട്ടേക്ക് ഒരു ചരിവാണ് …സ്ത്രീകളും കുട്ടികളും എല്ലാം ചരിവിൽ നിന്നാണ് ഉത്സവം കാണുന്നത്… പുരുഷന്മാർ താഴെ ആലിന്റെചുവട്ടിലും ,അതിൻറെ മുന്നിലായുള്ള ചെറു ഗ്രൗണ്ടിലുമാണ് കൂടിയിരിക്കുന്നത്…
വൈദേഹിയും വൈഗയും ദക്ഷയും അടക്കം ദേവലോകത്തെ പെൺപടകൾ അത്രയും മുന്നിൽ തന്നെയുണ്ട് …സമറിൻറെ ആൾക്കാർ അവർക്ക് കവചം എന്നോണം അവരുടെ തൊട്ട് മുന്നിലായി ഉണ്ട് …

Updated: June 4, 2023 — 10:44 pm

30 Comments

  1. 2 months ayi bro

  2. പ്രിൻസ് വ്ളാഡ്

    ബ്രോ ഞാൻ എന്ത് കമൻറ് ഇട്ടാലും അത് മോഡറേഷൻ എന്ന് പറഞ്ഞു പോവുകയാണ്…. എക്സാമുകളും മറ്റും ആയിരുന്നു… പാർട്ടുപാർട്ടായി ആണ് അവിടെ പോസ്റ്റ് ചെയ്തത് ഇവിടെ എല്ലാവരും ഒരുമിച്ച് ഒറ്റപ്പാർട്ടായി ഇടാം എന്ന് കരുതി…. ഉടനെ പോസ്റ്റ് ചെയ്യാം

Comments are closed.