‘അച്ഛാ, അവർ എല്ലാത്തരത്തിലും വലിയ ആൾക്കാർ ആയിരിക്കാം, പക്ഷെ, അതിനു എന്താണ് വില? ഒന്നും അവരുടെ അധ്വാനത്തിന്റെ ഫലമല്ല! പൂർവികർ ചേർത്തുവച്ചതുകൊണ്ടു അവർ അനുഭവിക്കുന്നു. അങ്ങനെ നോക്കുമ്പോൾ നമ്മളല്ലേ അച്ഛാ വലിയവർ. എന്റെ അച്ഛൻ തെങ്ങു കയറിയും അദ്ധ്വാനിച്ചുമാണ് എന്നെ ഇത്രയും പഠിപ്പിച്ചത്. നമുക്ക് എന്തെങ്കിലും സ്വന്തമായിട്ടുണ്ടെങ്കിൽ അത് അച്ഛൻ സ്വന്തം വിയർപ്പു കൊണ്ടുണ്ടാക്കിയതാണ്. പാർവതിയോട് എനിക്ക് തോന്നുന്നത് ഒരു പുരുഷന് ഒരു സ്ത്രീയോട് തോന്നുന്ന സാധാരണ പ്രണയം മാത്രമല്ല, അവൾ ഇല്ലാതെ എനിക്ക് ഒരിക്കലും പൂർണനാവാൻ സാധിക്കില്ല അച്ഛാ, ചിലപ്പോൾ നിങ്ങളുടെയൊക്കെ നിർബന്ധത്തിന് വഴങ്ങി ഞാൻ അവളെ വേണ്ടെന്നു വച്ചാൽ അച്ഛൻ ഓർത്തോളൂ പിന്നെ ജീവിക്കുന്നത് ഞാനായിരിക്കില്ല, ജീവനുള്ള എന്റെ ശവം ആയിരിക്കും.!
“മോനെ, നീ അത്രയ്ക്ക് ആ കുട്ടിയെ സ്നേഹിക്കുന്നെങ്കിൽ അവളെയും കൊണ്ട് എങ്ങോട്ടെങ്കിലും പോകൂ, ഈ നാട്ടിൽ എന്തായാലും നിങ്ങളെ സ്വസ്ഥമായി ജീവിക്കാൻ ഇവിടെയുള്ളവർ സമ്മതിക്കില്ല.”
അച്ഛന്റെ അനുഗ്രഹത്തോടെ അവർ അവിടം വിട്ടു പോകാനൊരുങ്ങി. ശിവന്റെ അമ്പലത്തിൽ തൊഴാനായി അമ്മയോടൊപ്പം വന്നപ്പോൾ വേണു നിൽക്കുന്നത് പാർവതി കണ്ടു. പ്രദക്ഷിണം വച്ചുവരുമ്പോൾ വേണുവിന്റെ കണ്ണുകൾ സംസാരിക്കുന്നത് അവൾ ശ്രദ്ധിച്ചു, അമ്പലത്തിനോട് ചേർന്ന് നിൽക്കുന്ന ആൽമരത്തിലോട്ടാണ് വേണുവിന്റെ കണ്ണുകൾ പാർവതിയെ കൂട്ടിക്കൊണ്ടുപോയത്. അമ്പലത്തിൽ നിന്നും പുറത്തുകടന്നപ്പോൾ ആൽമരത്തിന്റെ ചുവട്ടിൽ ചുരുട്ടിയിട്ടിരിക്കുന്ന ഒരു കടലാസ് തുണ്ട് അവൾ കണ്ടു. അവൾ അമ്മ കാണാതെ അത് എടുത്തു കയ്യിൽ ഇലയിൽ വച്ചിരിക്കുന്ന പ്രസാദത്തിന്റെ കീഴിൽ ഒളിപ്പിച്ചു,
വീട്ടിൽ ചെന്നതും അവൾ അത് തുറന്ന് വായിച്ചു’കുട്ടീ, എത്ര ദിവസമായി നിന്നെ കണ്ടിട്ട്? ഒന്ന് മിണ്ടിയിട്ട്, എനിക്ക് വിശ്വാസമുണ്ട്, എന്റെ ഇപ്പോഴത്തെ പഠിത്തം വച്ച് എവിടെപ്പോയാലും എന്തെങ്കിലും ഒരു ജോലി എനിക്ക് സംഘടിപ്പിക്കാൻ സാധിക്കും, പക്ഷെ, നീയില്ലാതെ എനിക്ക് ഒന്നും ചെയ്യാൻ സാധിക്കുന്നില്ല, ഇന്ന് രാത്രി ഞാൻ അമ്പലത്തിന്റെ കോണിലുള്ള സർപ്പക്കാവിന്റെ അടുത്തായി കാത്തുനിൽക്കും, നീ വരണം ഇനിയങ്ങോട്ടുള്ള ജീവിതത്തിൽ നിന്നോടൊപ്പം നടക്കണം എനിക്ക്.’
Super!!!