തെറ്റുകാരി 22

ആ കവിത പാർവതിയെ വല്ലാതെ ആകർഷിച്ചു. അന്ന് വൈകുന്നേരം ബസിനു കാത്തു നിന്നപ്പോൾ വേണുവിനെ കണ്ടു, അവിടെവച്ച് സംസാരിക്കാൻ സാധിച്ചില്ലെങ്കിലും ബസിറങ്ങിയയുടൻ അവൾ വേണുവിന്റെ അടുത്തേക്ക് ചെന്നു. “വേണുവേട്ടാ, ഇന്നത്തെ കവിത നന്നായിരുന്നു, എത്ര മനോഹരമായാണ് ഒരു പെൺകുട്ടിയോടുള്ള പ്രണയത്തെ പറഞ്ഞിരിക്കുന്നത്, അത് അനുഭവിക്കാതെ പറയാൻ സാധിക്കുമോ? കോളേജിൽ എല്ലാവരും പറയുന്നത് വേണുവേട്ടന് ആരോടും പ്രണയമില്ല എന്നാണ്”. “അത് വളരെ ശരിയാണ് കുട്ടി, എനിക്കാരോടും പ്രണയമില്ല, പക്ഷെ മറ്റുള്ളവർ പ്രണയിക്കുന്നത് കാണാൻ ഞാൻ ഇഷ്ടപ്പെടുന്നു”

“കുട്ടിയോ? അതെന്താ അങ്ങനെ വിളിക്കാൻ?”

എനിക്ക് കുഞ്ഞിലേ മുതൽ അറിയാവുന്നതല്ലേ പാർവതിയെ? കുട്ടി എന്നെ വിളിക്കാൻ തോന്നുന്നുള്ളൂ.” അതും പറഞ്ഞ് ഒരു ചിരിയോടെ വേണു പാർവതിയെ കടന്നുപോയി.

ആയിടയ്ക്കാണ് പാർവതിയുടെ കൂടെപഠിച്ചിരുന്ന കുട്ടിയുടെ വിവാഹം നടന്നത്, ആ കല്യാണത്തിന് പാർവതിയും കൂട്ടുകാരും വേണുവും കൂട്ടുകാരും ഒക്കെ പങ്കെടുത്തിരുന്നു. അവൾ അന്ന് ചൂടിയിരുന്നത് ഒരു റോസാപ്പൂവായിരുന്നു, നല്ല മണമുള്ള പനീർ റോസ. അന്ന് പാർവതി ഇടയ്ക്ക് കൂട്ടുകാരുമായി സംസാരിച്ചുകൊണ്ടിരുന്നപ്പോൾ വേണുവിനെ തിരിഞ്ഞുനോക്കി. വേണുവും കൂട്ടുകാരും പുറകിലായിരുന്നു ഇരുന്നിരുന്നത്. അപ്പോൾ വേണു അവളെത്തന്നെ നോക്കുന്നത് കണ്ടു, അവൾക്കും നോട്ടം മാറ്റാൻ തോന്നിയില്ല, അപ്പോഴാണ് പെൺകുട്ടിയുടെ വീട്ടുകാർ സദ്യ കഴിക്കാൻ എല്ലാവരെയും ക്ഷണിച്ചത്. ഇരുന്നുവന്നപ്പോൾ വേണുവിനും പാർവതിക്കും അടുത്തടുത്തായിട്ടാണ് സീറ്റ് കിട്ടിയത്. പാർവതി അടുത്തിരുന്ന കൂട്ടുകാരിയോട് സംസാരിച്ചിട്ട് ഇലയിൽ നോക്കിയപ്പോൾ പപ്പടം ഒരെണ്ണം കൂടുതൽ ഇരിക്കുന്നു, ‘വേണുവേട്ടാ, ഇത് വേണുവേട്ടൻ വച്ചതല്ലേ, എങ്ങനെ മനസ്സിലായി, എനിക്ക് പപ്പടം വലിയ ഇഷ്ടമാണെന്നു?’ വേണു ഒന്ന് ചിരിക്കുക മാത്രം ചെയ്തു.

1 Comment

  1. Super!!!

Comments are closed.