തെറ്റുകാരി 22

ഞാൻ തിരിഞ്ഞുനോക്കി, ഇത്രയ്ക്ക് കുറ്റവിചാരണ ചെയ്യപ്പെടുന്ന ആ വ്യക്തിത്വം ആരാണെന്നറിയാൻ. ഒരു മുപ്പത്തഞ്ചു നാൽപ്പത് വയസ്സ് തോന്നിക്കുന്ന അധികം വണ്ണമില്ലാത്ത, കാണാൻ നല്ല മുഖശ്രീയുള്ള ഒരു സ്ത്രീ. പക്ഷെ അവരെ കാണുമ്പോൾ മറ്റുള്ളവർ എന്തൊക്കെയോ അടക്കം പറയുന്നുണ്ട്. അവരാണെങ്കിൽ അതൊന്നും ശ്രദ്ധിക്കാതെ ഭഗവാന്റെ മുന്നിൽ ചെന്ന് കണ്ണടച്ച് നിൽക്കുകയാണ്. ഞാൻ പ്രദക്ഷിണം ചെയ്തിട്ട് അമ്പലത്തിൽ നിന്നും പുറത്തോട്ടുള്ള വാതിലിന്റെ അടുത്തായി അൽപനേരം ഇരുന്നു. അവർ തൊഴുന്നത് എനിക്ക് കാണാമായിരുന്നു.

കണ്ണുകളിൽ നിന്നും വെള്ളം അരുവി പോലെ കുതിച്ചുചാടുകയാണ്, ഭഗവാന് അവർ അഭിഷേകം ചെയ്യുകയാണോ എന്ന് തോന്നി. അവർ കണ്ണുകൾ തുറന്നു പ്രസാദത്തിനായി കൈ നീട്ടിയതും പോറ്റി അത് നൽകാതെ അകത്തേക്ക് കയറിപ്പോയി. അവർ ഒന്നും മിണ്ടാതെ പുറത്തേക്ക് പോകാനായി വന്നപ്പോൾ ഞാൻ എന്റെ കയ്യിലിരുന്ന പ്രസാദം അവർക്ക് നേരെ നീട്ടി. അവർ എന്നെ ശ്രദ്ധിച്ചു നോക്കി. ഞാൻ വീണ്ടും എടുക്കാനായി ആംഗ്യം കാണിച്ചു. അവർ ഒരു ചെറിയ ചിരിയോടെ പ്രസാദം എടുത്ത് നെറ്റിയിൽ തൊട്ടു. അപ്പോൾ അവരുടെ മുഖം കൂടുതൽ സുന്ദരവും പ്രകാശമയമുള്ളതുമായി എനിക്ക് അനുഭവപ്പെട്ടു.

ഞാൻ വീട്ടിൽ തിരിച്ചെത്തിയതും ഞാൻ താമസിക്കുന്ന വീട്ടിലെ അമ്മയോട് ചോദിച്ചു ‘അമ്മേ, ഈ പാർവതി എന്ന് പറയുന്ന സ്ത്രീ ആരാ? എല്ലാവരും അവരെ പഴി പറയുന്നത് കണ്ടു? അവർ കരയുന്നതും കണ്ടു, എന്താ എല്ലാവരും കുറ്റപ്പെടുത്താൻ കാര്യം?. ‘ങ്ഹേ, മോള് കണ്ടോ? കഷ്ട്ടാ, നല്ല കുട്ടിയായിരുന്നു, പറഞ്ഞിട്ടെന്താ കാര്യം? എല്ലാം വിധി. അല്ലാതെന്തു പറയാനാ? എങ്ങനെ ജീവിക്കേണ്ട പെണ്ണാ, ദാ ആ കാണുന്ന വീടില്ലേ, അവിടെയാ ആ കുട്ടി താമസിക്കുന്നത്. ഇഴയുന്നതിനെ പറക്കുന്നതാക്കുന്നതല്ലേ മനുഷ്യരുടെ നാക്ക്. ഞാനും കേട്ടു എന്തൊക്കെയോ കഥകൾ? ആരൊക്കെയോ വന്നുപോകുന്നുവെന്നോ, പലരും കണ്ടിട്ടുണ്ടെന്നോ ഒക്കെ. ഇവിടെ വരാറുണ്ട് ആ കുട്ടി. മോള് വരുന്നതിന്റെ തലേദിവസവും വന്നിരുന്നു.

1 Comment

  1. Super!!!

Comments are closed.