അടുത്ത ദിവസം രാവിലെയായപ്പോൾ പാർവതിയുടെ മുറിയുടെ കതക് തുറന്നു അവളുടെ അച്ഛനും അമ്മയും അകത്തേക്ക് ചെന്നു. ‘ദേ, നോക്ക് പാർവതി, ഇപ്പൊ എങ്ങനെയുണ്ട്, നിനക്ക് ഒരുത്തനോട് ലോഹ്യമായിരുന്നല്ലോ? അവന്റെ തനിഗുണം പുറത്തായി, ഇന്നലെ അവൻ ഒരു കത്തും എഴുതിവച്ചിട്ട് കടന്നുകളഞ്ഞു, അവനെയും വിശ്വസിച്ച് നീ പോയിരുന്നെങ്കിലോ? ഇതാ പറയുന്നത് മൂത്തവർ ചൊല്ലും മുതുനെല്ലിക്ക എന്ന്.’ അവൾ ഒന്നും പറയാതെ കുനിഞ്ഞിരുന്ന് കരയാൻ തുടങ്ങി. അമ്മ അവളെ ആശ്വസിപ്പിക്കാനായി അടുത്തോട്ടു ചെന്നപ്പോൾ അച്ഛൻ പറഞ്ഞു ‘വേണ്ട, കരയട്ടെ, അവൾ രക്ഷപ്പെട്ടു എന്ന് മനസ്സിലാക്കട്ടെ’.
ഇത്രയും പറയുമ്പോഴും അവർ കരയുകയായിരുന്നു, കേട്ടിരുന്ന എന്റെ കണ്ണുകളും നിറയാൻ തുടങ്ങി. ഞാൻ പറഞ്ഞു ‘ഒരേസമയം നിങ്ങൾ ഭാഗ്യവും നിർഭാഗ്യവും ഉള്ളവരാണ്, ഇത്രയും മനോഹരമായി പ്രണയിക്കപ്പെടാനും അത് കൈവിട്ടുപോകാനും. പക്ഷേ? അതിനെന്തിനാണ് നിങ്ങളെ എല്ലാവരും പഴിക്കുന്നത്?
അത്..ഇയാൾ താമസത്തിനു വരുന്നതിനു മുമ്പ് അവിടെ ഒരു പയ്യൻ താമസിച്ചിരുന്നു. കിഷോർ, എന്നെക്കാളും അഞ്ചാറു വയസ്സിനു ഇളയതായിരുന്നു അവൻ. ഇയാളെപ്പോലെതന്നെ അവനും എന്റെ പിന്നാലെ നടന്നു എന്റെ കഥകൾ മനസ്സിലാക്കി.
അടുത്ത ദിവസം രാവിലെ പാറുക്കുട്ടി എന്ന വിളി കേട്ട് ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ കിഷോർ,
ഇതെന്താ ഇങ്ങനെ എന്ന് ചോദിച്ച എന്നോട് ‘വേണുവേട്ടന്റെ കുട്ടി വിളിയോട് ഞാൻ ഒരു പാറുവും കൂടി ചേർത്തു’ എന്നാണവൻ പറഞ്ഞത്. ഞാൻ അതത്ര കാര്യമാക്കിയില്ല, പക്ഷെ അവൻ എല്ലാക്കാര്യത്തിലും അളവിൽ കൂടുതൽ സ്വാതന്ത്ര്യം കാണിക്കാൻ തുടങ്ങി, അവനെന്നോട് പ്രണയമാണെന്ന് പറഞ്ഞു പിന്നാലെ കൂടി. ഞാൻ എത്ര പറഞ്ഞിട്ടും കേട്ടില്ല, എപ്പോഴും എന്റെ പിന്നാലെയുണ്ടായിരുന്നു, അമ്പലത്തിൽ പോയാലും, കടയിൽ പോയാലും, പുറത്തോട്ടിറങ്ങിയാലും എപ്പോഴും. അത് കണ്ടു ആൾക്കാർ പുതിയ കഥകൾ പറയാൻ തുടങ്ങി, അവന്റെ അച്ഛനും അമ്മയും കൂടി എന്റെ വീട്ടിൽ വന്നു ബഹളമുണ്ടാക്കി. ഞാൻ അവരുടെ മകനെ വശീകരിച്ചു വച്ചിരിക്കുകയാണെന്നായിരുന്നു അവരുടെ പറച്ചിൽ. അവരുടെ പക്ഷത്തു നിന്ന് നോക്കുമ്പോൾ ദേഷ്യപ്പെടുന്നതിൽ അവരെ കുറ്റം പറയാൻ എനിക്ക് കഴിഞ്ഞില്ല. അതോടെ നാട്ടുകാർക്കും എന്നോട് വെറുപ്പായി.
Super!!!