തെറ്റുകാരി 22

വേഗം അടുത്തുള്ള പാറയിലോട്ട് വേണുവിനെ വലിച്ചുകയറ്റിയശേഷം നോക്കിയപ്പോൾ വയറിൽ ഒരു മരത്തിന്റെ കൊമ്പ് ഒടിഞ്ഞു കേറിയിരിക്കുന്നതാണ് കണ്ടത്, അവൾ സങ്കടം അടക്കാൻ കഴിയാതെ കരയാൻ ആരംഭിച്ചു, ‘വേണുവേട്ടാ, ഇതെങ്ങനെയാ സംഭവിച്ചെ?’ ‘അത്, അത് ഞാൻ വീണില്ലേ, അവിടെ ഒരു കമ്പ് ഒടിഞ്ഞിരിക്കുകയായിരുന്നു, തലയും ആ ഒഴുക്കിൽ ഒരു പാറയിൽ ഇടിച്ചു’. അവൾ വേഗം സഹായത്തിനായി ആളെ വിളിക്കാൻ എഴുന്നേറ്റു, വേണു അവളുടെ കയ്യിൽ പിടിച്ചു വിളിച്ചു ‘കുട്ടീ, മലവെള്ളം കൂടി വരുന്നു, എനിക്ക് രക്ഷപെടാൻ പറ്റുമെന്ന് തോന്നുന്നില്ല, എനിക്ക് തീരെ വേദന സഹിക്കാൻ പറ്റുന്നില്ല, നീ രക്ഷപ്പെടണം’

‘ഇല്ല, വേണുവേട്ടൻ ഇല്ലാതെ ഞാൻ പോവില്ല, മരണത്തിലായാലും നമ്മൾ ഒന്നിച്ച്’.

‘ഇല്ല കുട്ടീ, പറയുന്നത് കേൾക്കൂ, നീ ജീവിക്കണം, ഒരു സഹായം ചെയ്യണം, ഇങ്ങനെയൊരു കാര്യം സംഭവിച്ചത് ആരും അറിയരുത്, ഞാൻ ഒരു ദിവസം ഒളിച്ചോടിപ്പോയതായെ നാട്ടിൽ അറിയാവൂ. കാരണം എന്റെ പാവം അച്ഛന് ഇത് സഹിക്കാൻ പറ്റില്ല, പോ, പോ’ സംസാരിച്ചുകൊണ്ടിരുന്നതിനിടയിൽ തന്നെ വെള്ളത്തിന്റെ വേഗത കൂടി, വേണു സർവ്വശക്തിയുമെടുത്ത് പാർവതിയെ കരയുടെ അടുത്തോട്ടുള്ള പാറയിലോട്ട് തള്ളിവിട്ടു, പാർവതിയുടെ കൺമുന്നിൽ വച്ച് തന്നെ വേണു ഒഴുകിപ്പോയി. അവളും മരിക്കാനായി വെള്ളത്തിലോട്ട് ചാടാൻ ശ്രമിച്ചതും വേണുവിന്റെ വാക്കുകൾ ഓർമ്മ വന്നു “ഇല്ല, ഞാൻ മരിക്കില്ല, കാരണം നീ ഇല്ലാതായാലും നിന്റെ ഓർമ്മകളും നീ എനിക്ക് തന്ന സ്നേഹവും എന്റെ മനസ്സിൽ എപ്പോഴും കാണും, ആ മനസ്സ് ഇല്ലാതാക്കാൻ എനിക്ക് കഴിയില്ല, പ്രണയിക്കാൻ ശരീരം ഇല്ലാതായാൽ പ്രണയം അവസാനിക്കുന്നുവെങ്കിൽ ആ പ്രണയം ശരീരത്തോട് മാത്രമായിരിക്കും, കുട്ടീ, എനിക്ക് നിന്നോട്, നിന്റെ ശബ്ദത്തോട്, നിന്റെ ആത്മാവിനോട്, ….എനിക്കറിയില്ല, ഞാൻ എന്തുമാത്രം നിന്നെ പ്രണയിക്കുന്നു എന്ന് നിന്നെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും”. അവൾ കണ്ണുകൾ തുടച്ചുകൊണ്ട് വീട്ടിലേക്ക് നടന്നു.

1 Comment

  1. Super!!!

Comments are closed.