തിരിച്ചുപോക്ക് [കഥാനായകൻ] 73

Views : 490

കുറെ നാളുകൾക്ക് ശേഷം വീണ്ടും ഇവിടേക്ക് തിരിച്ചു വന്നപ്പോൾ മനസ്സുകൊണ്ടേറേ സന്തോഷിച്ചിരുന്നു. പക്ഷെയാ സന്തോഷത്തിന് നിമിഷങ്ങളുടെ ആയുസേയുള്ളായിരുന്നു.

അന്നത്തെ സ്നേഹത്തോടെയുള്ള ചിരികൾ… വാത്സല്യം കരുതൽ… അരുമയോടെയുള്ള നോട്ടം എല്ലാം വിസ്മൃതിയിലാണ്ടുപോയിരിക്കുന്നു. ഞാനവർക്ക് തീർത്തുമൊരു അപരിചിതനായി തീർന്നിരിക്കുന്നു.

അതൊരിക്കലും അവരുടെ കുറ്റമല്ല എന്റെ ; എന്റേത് മാത്രം തെറ്റാണ്. സ്വന്തമെന്നു കരുതിയ പലതും നഷ്ടപ്പെട്ടു അല്ലെങ്കിൽ ഞാൻ മനഃപൂർവം നഷ്ടപ്പെടുത്തി. എന്തെല്ലാമോ വെട്ടിപ്പിടിക്കാനുള്ള ഓട്ട പാച്ചിലിനിടയിൽ നെഞ്ചോട് ചേർത്ത് വച്ചിരുന്നവ പലതും അന്യമായി.

ഇപ്പൊ ഞാൻ തീരിച്ചറിയുന്നുണ്ട്, എന്തിനു വേണ്ടിയാണോ ഞാനെല്ലാം നഷ്ടപ്പെടുത്തിയത് അവയൊന്നുമിനിയെന്റെ ജീവിതത്തിലേക്ക് തിരിച്ചു വരില്ലെന്ന്. ഇതുവരെയനുഭവിച്ച നഷ്ടങ്ങളുടെ കണക്കിൽ ഏറ്റവും കനം കൂടിയ ഒന്നായി ഇവയും ശേഷിക്കുമെന്ന്.

അതെ, അന്നെനിക്ക് ഇവിടം സ്വന്തമായിരുന്നു.എന്റെ ശ്വാസം പോലെ പ്രിയമേറിയതായിരുന്നു.. ഇവിടെ ഉള്ളയോരാളുപോലും എനിക്ക് അപരിചിതരായി തോന്നിയിട്ടില്ല. പക്ഷെ ഇന്ന് അതെ സ്ഥലത്ത് എനിക്ക് തന്നെ അപരിചിതത്വമാണ് തോന്നിയത്. എങ്ങനെ ഞാൻ ഇവയെല്ലാം മറവിയിലെക്കെറിഞ്ഞെന്നറിയില്ല… എന്തിനു വേണ്ടിയെന്നോ എനിക്കെങ്ങനെ കഴിഞ്ഞെന്നോ അറിയില്ല. മനപൂർവമോ അതോ സാഹചര്യങ്ങളും സ്ഥലങ്ങളും മാറിയപ്പോൾ മനസും അതിന് പരിണാമപ്പെട്ടതോ?

എന്തിന് വേണ്ടിയായിരുന്നു ഈ ഒളിച്ചോട്ടം. ആർക്ക് വേണ്ടിയായിരുന്നു ഇതെല്ലാം ഉപേക്ഷിച്ചു ഞാൻ പോയത്….?ചോദ്യങ്ങൾ മാത്രമേ ബാക്കിയുള്ളൂ… ഉത്തരങ്ങൾ എന്നിൽ നിന്നെത്രയോ അകലെയാണ്.

അപ്രതീക്ഷിത തീരുമാനമായിരിന്നു ഇവിടേക്കുള്ള മടക്കം. അതെന്നിലേക്ക് തന്നെയുള്ള മടങ്ങിപോക്കായി തീർന്നിരിക്കുന്നു. എന്റെ ഇന്നലകളിലേക്ക്… നല്ല നിമിഷങ്ങളിലെക്ക്… എന്റേതെന്നു അടിവരയിട്ട… അഹങ്കരിച്ച മനുഷ്യരിലേക്ക് …..ഒരുപിടി ഓർമകളിലേക്ക് ഒക്കെയുള്ള മടക്കം

അതെ പഴയ ഞാൻ ഭാഗ്യവാനായിരുന്നു. സന്തോഷമെന്തെന്ന് അറിഞ്ഞിരുന്നവനായിരുന്നു. അനുഭവിച്ചവനായിരുന്നു. അതിനുപമയായി കൂട്ടി വയ്ക്കാൻ ഒത്തിരിയധികം ആളുകൾ ഒപ്പമുണ്ടായിരുന്നു. ഒരു കല്ലേറ് ദൂരത്തിനിപ്പുറം എന്റെ വിളി കേൾക്കാനും… തോളോട് ചേർക്കാനും… ആനന്ദവും ആശങ്കയും ആകുലതയും പങ്കു വയ്ക്കാനും… പൊട്ടിച്ചിരികളിൽ ഒപ്പം കൂടാനും… കരച്ചിലുകളിൽ കണ്ണൊപ്പാനും എനിക്കൊത്തിരിയേറെ മനുഷ്യരുണ്ടായിരുന്നു. പക്ഷെ, ഇന്നത്തെ ഞാൻ എന്റെ ഭൂതകാലത്തിന്റെ നിഴലിനോട്‌ പോലും ഒട്ടിച്ചു ചേർക്കാൻ ഒക്കാ വിധം തകർന്നു പോയിരിക്കുന്നു. തളർന്നിരിക്കുന്നു… എകാന്തതയുടെ വിഴുപ്പ് പേറുന്നു… മടുപ്പും കിതപ്പും കൂടപ്പിറപ്പായിരിക്കുന്നു… എന്റെ സ്വത്വം ചത്ത് മലച്ചു കഴിഞ്ഞിരിക്കുന്നു.!!!!

Recent Stories

The Author

കഥാനായകൻ

2 Comments

Add a Comment
    1. കഥാനായകൻ

      ❣️

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com