ചില മഴയോർമ്മകൾ… 22

Views : 2249

ഇടവേള സമയങ്ങളിൽ കഞ്ഞിപ്പുരയിലേക്ക് ഓടി ചെല്ലും
“രാവിലെ ഒന്നും കഴിച്ചില്ല ചേച്ചി കുറച്ച് കഞ്ഞി വെള്ളം തരുമോ… ” എന്ന് ചോദിക്കുമ്പോൾ ആരും കാണാതെ ചേച്ചി കഞ്ഞിവെള്ളം തരും.. കഞ്ഞി വെള്ളവും അതിൽ ഉള്ള കുറച്ച് ചോറും വലിച്ചു കുടിക്കുമ്പോൾ വിശപ്പിന് ചെറിയ ആശ്വാസം ആകും…
ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ ബെല്ലടിക്കുമ്പോൾ പാത്രവും എടുത്തുകൊണ്ട് ഒരു ഓട്ടം ആണ്‌. വയറു നിറച്ചും ആ കഞ്ഞി കുടിക്കുമ്പോൾ ലോകത്ത് ഒരു ഭക്ഷണത്തിനും ഇതുപോലെ സ്വാദ് കാണില്ല.. എല്ലാവരും കഞ്ഞികുടിച്ച് കളികളിലേക്ക് തിരിയുമ്പോൾ പാത്രവും കൊണ്ട് വീണ്ടും കഞ്ഞിപ്പുരയിലേക്ക് പോകും.. വീട്ടിൽ അച്ഛനും അമ്മയും പട്ടിണി ആണെന്ന് പറയുമ്പോൾ ആ പാത്രം നിറയെ ചേച്ചി കഞ്ഞിയും പയറും തരും… ആരും കാണാതെ അത് ക്ലാസ്സിൽ കൊണ്ട് വന്ന് ബാഗിൽ വയ്ക്കും..
വൈകുന്നേരം സ്കൂൾവിടുമ്പോൾ ആ ബാഗും നെഞ്ചോട് ചേർത്ത് പിടിച്ച് വീട്ടിലേക്ക് ഓടുകയായിരുന്നു.. വീട്ടിൽ ചെന്ന് ബാഗിൽ നിന്ന് പാത്രം അമ്മയ്ക്ക് നേരെ നീട്ടി..
” ഇതെന്താ ഇന്ന് കഞ്ഞി കുടിച്ചില്ലേ… ”
കയ്യിലിരുന്ന പാത്രം തുറന്നുകൊണ്ടാണ് അമ്മ ചോദിച്ചത്..
” ഞാൻ കുടിച്ചു.. ഇന്നൊരുപാട് കഞ്ഞി ബാക്കി ഉണ്ടായിരുന്നു അതെല്ലാവർക്കും കൊടുത്തു അങ്ങനെ കിട്ടിയതാ….”
എന്റെ കണ്ണുകളിൽ നോക്കി ഞാൻ പറഞ്ഞത് കള്ളമാണെന്ന് അമ്മതിരിച്ചറിഞ്ഞ്, എന്നെ വിശന്നൊട്ടി കിടക്കുന്ന ആ വയറിലേക് ചേർത്തു പിടിക്കുമ്പോൾ ലോകത്ത് കിട്ടുന്ന ഏറ്റവും വല്യ സുഖം ദേ ഇങ്ങനെ അമ്മയെ കെട്ടിപ്പിടിച്ചു നിൽക്കൽ ആണ് എന്ന് തിരിച്ചറിഞ്ഞു . ഒരു കൈകൊണ്ട് എന്നെ ചേർത്ത് പിടിക്കുകയും ഒരു കൈകൊണ്ട് കണ്ണുനീർ തുടയ്ക്കുകയും ചെയ്യുന്നുണ്ടായിരുന്നു അമ്മ..
പിന്നെയും രണ്ടു മൂന്ന് ദിവസം വേണ്ടി വന്നു മഴയൊന്ന് ശമിക്കാൻ.. മഴ ശമിച്ച് സൂര്യന്റെ തിളക്കം കൂടി വന്നു ഒപ്പം അമ്മയുടെ മുഖത്തിന്റെ തെളിച്ചവും.. അച്ഛന് വീണ്ടും ജോലികൾ കിട്ടി തുടങ്ങി.. പട്ടിണിയിൽ നിന്ന് വീണ്ടും വയറുനിറയെ ഭക്ഷണങ്ങൾ കഴിച്ചു തുടങ്ങി… വീണ്ടുമൊരു മഴക്കാലവും പട്ടിണിയും വരുന്നതുവരെ ഉള്ള ചെറിയ സന്തോഷങ്ങളുമായി ജീവിതം വീണ്ടും മുന്നോട്ട്……

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com