ചില മഴയോർമ്മകൾ… 22

Views : 2248

Author : ശ്രീ

” ഈ നശിച്ച മഴയൊന്ന് തീരുന്നതും ഇല്ലല്ലോ.. ”
മഴയോടുള്ള അമ്മയുടെ പ്രാക്ക്‌ കേട്ടാണ് ഉണർന്നത്.. പുറത്ത് മഴ തകർത്തു പെയ്യുക ആണ് നല്ല തണുപ്പും ഉണ്ട്. ഷീറ്റ് തലയിലൂടെ വലിച്ചിട്ട് ഒതുങ്ങി കൂടി കിടന്നു..
“എഴുന്നേൽക്കു ചെറുക്കാ സ്കൂളിൽ പോകണ്ടേ… ”
അമ്മ അടുക്കളയിൽ നിന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. ഇനിയും കിടന്നാൽ ചിലപ്പോൾ അമ്മ വെള്ളം കോരി ഒഴിക്കും.. ഒന്നാമതെ നല്ല തണുപ്പും ഉണ്ട്. എന്തായാലും മടിച്ചു മടിച്ചു എഴുനേറ്റു കണ്ണും തിരുമി അടുക്കളയിലേക്ക് ചെന്നു..
“അമ്മ ഭയങ്കര മഴയാണല്ലോ ഇന്ന് സ്കൂളിൽ പോകണോ… ??”
” പോയാൽ ഉച്ചയ്ക്ക് കഞ്ഞി എങ്കിലും കിട്ടും.. ഇവിടെ നിന്നാൽ ഇന്നും പട്ടിണിയാകും… ”
അത് പറയുമ്പോൾ ഉമ്മറത്ത് ഇരിക്കുന്ന അച്ഛനെ അമ്മ ഇടങ്കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു. മഴതുടങ്ങിയാൽ പിന്നെ അച്ഛന് ജോലിയൊക്കെ കുറവാണ്. ആഴ്ചകളോളം ജോലി ഇല്ലാതാകുമ്പോൾ മിക്കവാറും ദിവസങ്ങൾ പട്ടിണി തന്നെയാകും. പുറത്ത് മഴയെ നോക്കി നിസ്സഹായനായി ഇരിക്കുകയാണ് അച്ഛൻ.
മഴ പെയ്തു തുടങ്ങിയാൽ പിന്നെ അമ്മയ്ക്ക് എപ്പോഴും ദേഷ്യമാണ്. ചോർന്നൊലിക്കുന്നിടങ്ങളിൽ എല്ലാം പാത്രങ്ങൾ വയ്ക്കണം, തറയിൽ വീണു കിടക്കുന്ന വെള്ളം മുഴുവൻ കോരികളയണം, തുണികൾ കഴുകിയിട്ടാൽ അത് ഉണക്കാൻ കൊണ്ടോടണം, ഇതൊക്കെ പോരാത്തതിന് പട്ടിണിയും.. മഴ തുടങ്ങിയാൽ മിക്കവാറും ദിവസങ്ങൾ ചക്കകൊണ്ടുള്ള വിഭവങ്ങൾ ആകും വീട്ടിൽ…പൈസ കൊടുക്കാതെയും പുറത്തുനിന്ന് വാങ്ങേണ്ടാത്തതും ആയ സാധനം അതു മാത്രമാണ് ഉള്ളത്..
കുളിച്ചു വന്നപ്പോഴേക്കും അമ്മ ഒരു ഗ്ലാസ്‌ കട്ടൻ ചായ തന്നു.
“അമ്മേ ഇതിന് മധുരം കുറവാണല്ലോ കുറച്ചു പഞ്ചസാര ഇട്ടെ…. ”
എന്ന് അടുക്കളയിലോട്ട് വിളിച്ചു പറഞ്ഞെങ്കിലും തിരികെ മറുപടി ഒന്നും വന്നില്ല.. രാവിലെ ആകെ കിട്ടികൊണ്ട് ഇരുന്ന കട്ടൻ ചായയും ഇന്നത്തോടെ കഴിഞ്ഞു എന്ന് മനസ്സിലായി. രാവിലെ വയറു നിറയെ എന്തേലും കഴിച്ചിട്ട് തന്നെ ദിവസങ്ങൾ കഴിഞ്ഞിരുന്നു.
“അമ്മേ ഞാൻ പോകുന്നു….”
എന്നുപറഞ്ഞ് കമ്പിയൊടിഞ്ഞ കുടയുമായി സ്കൂളിലേക്ക് പോകാൻ ഇറങ്ങിയപ്പോഴും അച്ഛൻ ഉമ്മറത്തുതന്നെ ഇരിപ്പുണ്ട്. അച്ഛനോടും പോകുന്നു എന്ന് പറഞ്ഞ് ആ മഴയിലേക്ക് ഇറങ്ങി. സ്കൂളിൽ എത്തിയപ്പോഴേക്കും ഏകദേശം മൊത്തവും നനഞ്ഞു.
ക്ലാസ്സിൽ കയറാതെ നേരെ ചെന്നത് ഉച്ചകഞ്ഞി വയ്ക്കുന്ന ചേച്ചിയുടെ അടുത്തേക്ക് ആണ്….കഞ്ഞിക്കുള്ള അരി ചേച്ചി കഴുകുന്നുണ്ട് എന്താലും ഉച്ചക്ക് പട്ടിണി ആകില്ല. അത് തന്നെ ഒരു ആശ്വാസം. ചേച്ചിയ്ക്ക് ഇടയ്ക്ക് വിറക് എടുത്തു കൊടുത്തും വെള്ളം എടുത്തു കൊടുത്തുമൊക്കെ സഹായിക്കാറുണ്ട്,അതിന് പ്രത്യുപകാരമായി ചേച്ചി കുറച്ച് കഞ്ഞിയും പയറും മാറ്റി വയ്ക്കും.

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com