കുഞ്ഞുമോന്റെ പ്രണയങ്ങൾ [iraH] 82

Views : 1972


കുഞ്ഞുമോന്റെ പ്രണയങ്ങൾ

Author :iraH

 

തൊണ്ണൂറുകളിലെ മധ്യവേനലവധിക്കാലത്തെ ഒരു പ്രഭാതം. കൈയ്യിൽ പാൽക്കുപ്പിയും കാലിൽ ഒരു മൂന്നാം നമ്പർ പന്തുമായി അടുത്ത വീട്ടിലെ പുതിയ താമസക്കാർക്ക് പാല് കൊടുക്കാൻ പോകുകയാണ് ആറാം ക്ലാസുകാരനായ ശരത്ത്. ശരത്തെന്ന പേര് സ്കൂളിലെ അറ്റന്റൻസ് റെജിസ്ടറിൽ മാത്രമേ അവൻ കണ്ടിട്ടുള്ളൂ. വീട്ടുകാർക്കും നാട്ടുകാർക്കും ടീച്ചർമാർക്കും കൂട്ടുകാർക്കും എന്തിനേറെ അവനു തന്നെ അവൻ കുഞ്ഞു മോനാണ്.

സ്കൂൾ മാഷായ മണികണ്ഠൻ എന്ന മണിയേട്ടന്റെയും നളിനി ചേച്ചിയുടേയും രണ്ടാമത്തെ സന്താനം. മൂത്തത് ശരണ്യ ഇപ്പൊ എട്ടിലാണ്.

കുഞ്ഞുമോന് ഈ ഉലകത്തിൽ ആരെങ്കിലും ശത്രുവായി ഉണ്ടോന്ന് ചോദിച്ചാൽ അതിന് ഒരു ഉത്തരമേ ഉള്ളൂ. അത് ശാരി എന്ന ശരണ്യയാണ്. വേറൊന്നും കൊണ്ടല്ല. പുട്ടിന് പീര പോലെ ഇടയ്ക്കിടക്ക് കിട്ടുന്ന അടികളുടെ മൂലകാരണമായ ഏഷണികളുടെ മൊത്ത കച്ചവടം അവിടന്നായതുകൊണ്ട് മാത്രം ……

അതൊക്കെ അവിടെ നിക്കട്ടെ . നമ്മുടെ കഥാനായകൻ ഒരു വള്ളി ട്രൗസറുമിട്ട്. വള്ളി അരയിലാണ് തോളിലല്ലട്ടോ… ഒരു മഞ്ഞ നിറമുള്ള ബനിയനുമിട്ട് വേലായുധേട്ടന്റെ പറമ്പിലേക്ക് കയറി.

മഞ്ഞ അവന്റെ ദേശീയ നിറമാണ്. ബ്രസീലിന്റെ ടീം ആണ് അവന്റെ ദേശീയ ടീം. ബ്രസീലിന്റെ ഫുഡ്ബാൾ ഹീറോസ് അവന്റെ ഹീറോകളും ……

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി നാലിലെ ഫിഫാ വേൾഡ് കപ്പ്. കുഞ്ഞു മോനാധ്യമായി കണ്ട അന്താരാഷ്ട്ര ഫുട്ബാൾ മത്സരം. മറഡോണയെന്ന ദൈവപുത്രന്റെ വീഴ്ച, അമേരിക്കയുടെ മണ്ണിൽ കറുത്ത കുതിരകളായി ബൾഗേറിയ, ലോക ഫൂട്ബോളിനു തന്നെ കളങ്കവും കണ്ണീരുമായ് എസ്കോബാർ ….., റോബർട്ടോ ബാജിയയുടെയും ഇറ്റലിയുടെയും കണ്ണുനീർ. പിന്നെ മഞ്ഞയും നീലയും ജേർസിയിൽ കാനറികളുടെ സാംബാ താളവും കിരീട ധാരണവും……. അയൽവക്കത്ത് പോയി ഉറക്കമൊഴിച്ച് കണ്ട സംഭവ ബഹുലമായ ഈ വേൾഡ് കപ്പിലാണ് കുഞ്ഞു മോനെന്ന കുഞ്ഞു മനഷ്യന്റെ മനസ്സിൽ ആദ്യത്തെ പ്രണയം മൊട്ടിടുന്നത്. വെറും പതിനാറ് ഔൺസ് തൂക്കമുള്ള തുകൽ പന്തിനോടുള്ള പ്രണയം.

ഈ പ്രണയം മൂത്ത് തനിക്കുമൊരു പന്തു വേണമെന്ന ആവശ്യം മണിയേട്ടനും നളിനി ചേച്ചിയും ചോദ്യോത്തരവേള പോലും അനുവധിക്കാതെ തള്ളി. നിന്നും, കിടന്നും, ഇരുന്നും നിരാഹാരം അനുഷ്ഠിച്ചിട്ടും നോ രക്ഷ! പിന്നെ നളിനി ചേച്ചിയുടെ നേരാങ്ങള; പഴയ യൂണിവേഴ്സിറ്റി പ്ലെയർ കൂടിയായ ദിനേശൻ മഠത്തിൽ, ഒരേ ഒരു മരുമകന്റെ ദുഖം കാണാൻ കഴിയാതെ ഒരു മൂന്നാം നമ്പര് പന്ത് വാങ്ങി കൊടുത്തു. വേറൊന്നും കൂടിയുണ്ട് ദിനേശന് ഉള്ളതു രണ്ടും പെണ്ണാണേ….

ഈ പന്തുമായാണ് കുഞ്ഞുമോൻ ആ ചുറ്റുവട്ടത്തെ കുട്ടികളുടെയൊക്കെ കളിപ്പറമ്പായ വേലായുധൻതൊടിയിലേക്ക് കടന്നത്. തനിക്ക് തോന്നുമ്പോൾ മാത്രം പൂക്കുകയും കണ്ണിമാങ്ങയാവുമ്പോഴേ അവയെല്ലാം കൊഴിഞ്ഞു വീഴുകയും ചെയ്യുന്ന ഒരു മാവും പിന്നെ തലപോയതും പോവാനായതുമായ അഞ്ചാറു തെങ്ങുകളും മാത്രമുള്ള തരിശായ ആ പറമ്പിൽ തന്നെക്കാൾ മുതിർന്ന കുട്ടികളൊക്കെ ചട്ടിപ്പന്തും കിക്കറ്റും ചിലപ്പോൾ മാത്രം ഫുട്ബോളും കളിക്കുമ്പോൾ കുഞ്ഞുമോൻ മാത്രം ഫുട്ബാൾ കളിക്കാൻ കൂടും. അതവൻ ചേട്ടൻമാരേക്കാൾ നന്നായി കളിക്കുകയും ചെയ്യും. കൂട്ടുകാരൊക്കെ അന്നത്തെ ഹീറോകളായ അസറുദ്ധീനും സച്ചിനും കാംബ്ലിയും ആവുമ്പോൾ അവനവരെയൊന്നും പഥ്യമില്ല.

പന്തും തട്ടി പറമ്പിന്റെ നടുവിലെത്തിയപ്പോൾ കുഞ്ഞു മോനൊന്നു നിന്നു. പറമ്പിന്റെ ഒരരുകിൽ തല പോയൊരു തെങ്ങും പഴയ രണ്ടു മുളകളും കൂട്ടി കെട്ടി ഉണ്ടാക്കിയ ഗോൾ പോസ്റ്റിനെ ഒന്നു നോക്കി. പിന്നെ ഒരു ഫ്രീകിക്ക് എടുക്കുന്ന ലാഘവത്തോടെ അവനാ പന്ത് ഗോൾ പോസ്റ്റിലേക്ക് നീട്ടിയടിച്ചു. പോസ്റ്റിന്റെ ഇടതു മൂലയിലൂടെ തെങ്ങിനെയും ക്രോസ് ബാറിനെയും തൊട്ടു തൊട്ടില്ല മട്ടിൽ പോയി പിന്നിലുള്ള അതിർ മരങ്ങളിലൊന്നിൽ തട്ടി വീണു. നിറഞ്ഞ പുഞ്ചിരിയുമായി കൈകൾ മുകളിലേക്ക് ഉയർത്തി കുഞ്ഞുമോൻ ശബ്ദ്ധം താഴ്ത്തി പറഞ്ഞു ….. ഗോൾ ….. പിന്നെ പന്തും തട്ടി അയൽപക്കത്തെ പുതിയ വീട്ടിലേക്ക് നടന്നു.

മുൻവശത്തെത്തിയ കുഞ്ഞുമോൻ ഉറക്കെ വിളിച്ചു പറഞ്ഞു പാൽ ….. പാലേ….

വിളി മുഴുവനാക്കുന്നതിനു മുമ്പേ വാതിൽ തുറക്കപ്പെട്ടു. ഒരു ഓയിൽ സാരിയുമുടുത്ത് മുന്താണി അരയിൽ തിരുകി ഈറൻ മുടിയിൽ തോർത്തുമുണ്ടും ചുറ്റി നിൽക്കുന്ന സ്ത്രീ രൂപത്തെ കണ്ട് കുഞ്ഞുമോൻ ഈച്ചയ്ക്ക് സ്വൈര്യ വിഹാരം നടത്താനെന്ന പോലെ വായ മലർക്കെ തുറന്നു. കഥകളേയും കവിതകളേയും ഏറെ സ്നേഹിക്കുന്ന അച്‌ഛമ്മയുടെ മടിയിൽ കിടന്നറിഞ്ഞ കുഞ്ഞേടത്തി യുടെ പ്രതിരൂപം പോലെ തോന്നി അവനവരെ കണ്ടപ്പോർ

Recent Stories

The Author

iraH

9 Comments

  1. ❤❤❤❤❤

  2. നന്നായിട്ടുണ്ട്.❤️❤️

  3. അങ്ങനെ ഒന്നുമില്ല bro…. ഒരാരോ തീം അതിനനുസരിച് അങ്ങഴുതുന്നു എന്നെ ഉള്ളൂ. ഇഷ്ടമായതിൽ ഒരുപാടു സന്തോഷം …. മുഷിപ്പിക്കാതെ തന്നെ അടുത്ത ഭാഗം തരാം ….
    സ്നേഹപൂർവ്വം ….. iraH ……

  4. Kollatto,ezhuthu vayikan nalla resam indu ithu bro yude saily aano i mean ningalude nadinte basha saily or kadhakku vendi ezhuthiyathu aano. Enthayalum kadha kidukki nalla charecters, avrude name karyangal oke paranjathu ishtamayi pinne panthu thatti varunna aa bagam athu polichu ❤️❤️ waiting for next part 🥰

  5. Nannayittund…

  6. മനോഹരമായ എഴുത്ത്. വീണ്ടും കൂടുതല്‍ പേജുകളോടെ പ്രതീക്ഷിക്കുന്നു.

  7. പോകാൻ മറന്ന വഴികൾ – കമെന്റ് section ക്ലോസ്ഡ് ആണല്ലോ 😔.

    ന്താ പറയേണ്ടെന്ന് അറീല, 🤗🤗🤗🤗

    1. നിഞ്ഞെേ സ്നേഹം iraH

  8. നന്നായിട്ടുണ്ട് ❣️. എഴുത് രീതിക്ക് പുതുമ ഇണ്ട്, ജയമ്മ-കുഞ്ഞി-കണ്ണൻ ഇന്റെറക്ഷൻസ് നല്ല രസണ്ട്. പന്തിനോടുള്ള പ്രണയാം ☺️, കാത്തിരിക്കുന്നു ട്ടോ 🤗

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com