ആ സ്പന്ദനങ്ങൾ എന്റേതു കൂടിയാണ് 15

Views : 805

ചുളിവുകൾ വീണ നിഷ്കളങ്കമായ മുഖത്തുനോക്കി ഞാൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു,

“ജെയ്‌സൺ”.

“ആ അതെ ജെയ്‌സൺ. പക്ഷെ എത്ര ശ്രമിച്ചിട്ടും അപ്പോൾ ആ പേര് ഓർമ്മയിൽ കിട്ടിയില്ല. വയസ്സ് എൺപത്തിരണ്ടു കഴിഞ്ഞേ.” ആദ്യത്തെ കൂടിക്കാഴ്ചയിലെ എന്റെ ഊഹം തെറ്റിയില്ലല്ലോ എന്നു ഞാൻ ചിന്തിച്ചു.

“ഇപ്പോൾ എങ്ങനെയുണ്ട്? മരുന്നുണ്ടോ? എന്താണ് അന്നു സംഭവിച്ചത്?”

“ചെറിയൊരു നെഞ്ചുവേദന. മരുന്നുണ്ട്. കൂടെ എക്സർസൈസ് ചെയ്യുകയോ നടക്കുകയോ ചെയ്യണമെന്ന് കർശനമായി നിർദേശിച്ചിട്ടുമുണ്ട്. ആഹാരത്തിലും നിയന്ത്രണങ്ങളുണ്ട്.”

കാത്തിയമ്മൂമ്മ എന്നെ ആകമാനം ഒന്നുനോക്കി. പിന്നെ പറഞ്ഞു. “വേണം. അമിതവണ്ണം പല രോഗങ്ങൾക്കും കാരണമാണ്.”

അവരുടെ മറയില്ലാത്ത തുറന്ന സംസാരം എനിക്കിഷ്ടമായി. ഞാൻ പുഞ്ചിരിച്ചുകൊണ്ട് അവരെ നോക്കി തലയാട്ടുക മാത്രം ചെയ്തു. എന്തോ അവരോടെനിക്ക് ആ നിമിഷം ഒരു പ്രത്യേക ഇഷ്ട്ടം തോന്നി.

പിന്നീട്, കാത്തി കുടുംബസമേതം മെൽബോണിൽ  താമസിക്കുന്ന തന്റെ ഏകമകനെക്കുറിച്ചും വർഷങ്ങൾക്ക് മുൻപ് മരിച്ചുപോയ ഭർത്താവിനെക്കുറിച്ചുമെല്ലാം സംസാരിച്ചു. പോകുന്നതിനു മുൻപ് അവർ ഒരു തുണ്ടുകടലാസിൽ കുറിച്ച ഫോൺനമ്പർ എനിക്ക് നൽകി. എന്റെ ഫോൺനമ്പറും കുറിച്ച് നൽകാനാവശ്യപ്പെട്ടു. തിരികെ പോകുമ്പോൾ വിറയലുള്ളതെങ്കിലും ചടുലമായ അവരുടെ നടത്തം റോഡുകുറുകെ കടക്കുന്നതുവരെ ഞാൻ കൗതുകത്തോടെ വെറുതെ നോക്കിനിന്നു.

ദിവസങ്ങൾ കൊഴിഞ്ഞുപോകുന്പോൾ പുഴയരികത്തെ  സൈക്കിൾ ട്രയലിലൂടെയുള്ള നടത്തം ഞാൻ ശരിക്കും ആസ്വദിച്ചുതുടങ്ങിയിരുന്നു. കുറച്ചുദിവസങ്ങളെ ആയിട്ടുള്ളുവെങ്കിലും ആകെയൊരു ഉന്മേഷവും ഊർജവും അനുഭവപ്പെടുന്നതായി എനിക്ക് തോന്നിത്തുടങ്ങി. മധുരവും  ചോക്ലേറ്റും പൂർണമായിത്തന്നെ ഒഴിവാക്കി കഴിഞ്ഞിരുന്നു. കൊഴുപ്പു നിറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുന്നതും മിതപ്പെടുത്തി. പകരം ആവികയറ്റിയ പച്ചക്കറികൾ കഴിച്ചു, കൂടെ പഴവർഗ്ഗങ്ങളും. ചിട്ടയോടു കൂടിയ ഭക്ഷണവും പതിവായ നടത്തവും പ്രയോജനം ചെയ്തുതുടങ്ങിയിരിക്കുന്നുവെന്ന് എന്റെ ശരീരത്തിൽ അനുഭവപ്പെട്ട മാറ്റങ്ങളിൽ നിന്നും ഞാൻ തിരിച്ചറിഞ്ഞു. അത് കൂടുതൽ ഉത്സാഹം പകർന്നുനൽകി.

ഈ കാലയളവിൽ കാത്തി അമ്മൂമ്മയുടെ നീല കാർ ഇടയ്ക്കിടെ ഗേറ്റുകടന്നു പോകുന്നതും അല്പസമയത്തിനുശേഷം തിരികെവരുന്നതും ഞാൻ പല സന്ദർഭങ്ങളിലായി കണ്ടുകൊണ്ടിരുന്നു. എൺപത്തിരണ്ടാമത്തെ വയസ്സിലും അവരുടെ നടത്തത്തിന്റെ  ചടുലത എന്നെ ഏറെ ആകർഷിച്ചു. ഇതിനിടയിൽ ഒന്നുരണ്ടുവട്ടം സുഖവിവരങ്ങൾ ചോദിച്ചുകൊണ്ട് അവർ സെൽഫോണിലേക്ക് വിളിക്കുകയും ചെയ്തിരുന്നു.

Recent Stories

The Author

3 Comments

  1. വളരെ unique ആയി തോന്നി കഥ. ചുരുങ്ങിയ വാക്കുകളിലൂടെ തന്നെ കഥ ആഴത്തിൽ തന്നെ മനസ്സിൽ പതിഞ്ഞു. പറയാൻ പലത് ഉണ്ടെൻഗിലും വാക്കുകൾ കിട്ടുന്നില്ല. വളരെ അധികം ഇഷ്ടപ്പെട്ടു.

  2. വായിക്കാൻ വൈകിപോയത്തിനു ക്ഷമ…മറ്റൊന്നും പറയാനില്ല..ഒന്നാന്തരം കഥ , ഒന്നാന്തരം എഴുത്ത്..താങ്കൾ ഏതെങ്കിലും വിധത്തിൽ ഇത് കാണുകയാണെങ്കിൽ തുടർന്നും താങ്കളിൽ നിന്നും കഥകൾ പ്രതീക്ഷിക്കുന്നു മാത്രം പറയുന്നു❤️

  3. നല്ലൊരു കഥ.. വളരെ വളരെ ഇഷ്ടമായി..
    തീമും, പറഞ്ഞ രീതിയും, കഥയുടെ വേഗതയും എല്ലാം…
    അവസാന നിമിഷം വരെ ഇനിയെന്ത് ഇനിയെന്ത് എന്ന ചോദ്യമായിരുന്നു…
    വായിക്കാൻ വൈകി പോയെന്നെ ഉള്ളൂ..
    പക്ഷെ ഇപ്പോഴെങ്കിലും വായിക്കാൻ സാധിച്ചല്ലോ …

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com