നിശബ്ദമായ നിലവിളിയോടെ, അമ്മി, അബ്ബാ, മർവയും, സഫായും, അവളുടെ കുഞ്ഞും, ആ തീയിൽ എരിഞ്ഞു തീർന്നു.
വെളുപ്പിനെ ഞാനടുത്ത മസ്ജിദിലേക്ക് അഭയം പ്രാപിച്ചു, അവിടത്തെ മഞ്ഞത്താടി വെച്ചവർ “ഫത്വ പ്രഖ്യാപിച്ചവൾ ആണ് ഞാനെന്നു” ഞാൻ മറന്നു പോയിരുന്നു.. “പുഴുത്ത പട്ടിയെ പോലെ ആട്ടിപ്പായിച്ചുയെന്നെ.” നിവർത്തിയില്ലാതെ ഞാനിറങ്ങി, കടൽപ്പാലത്തിൽ നിന്നും താഴെക്ക് ചാടുവാൻ വന്ന എന്നെ ആ പോലീസ്സുകാരൻ കണ്ടു പിടിച്ചു, ഇവിടെ കൊണ്ട് വന്നു. ഒരു ഹിന്ദുവിനെ കൊന്ന മുസ്ലിം പെണ്ണായി ഞാൻ മുദ്രകുത്തപ്പെടുന്നു ” ഞാൻ കൊന്നത് തന്നെ, അഞ്ച് ജീവന് പകരം ഒന്നേ എനിക്കെടുക്കാനായുള്ളു എന്ന സങ്കടമേ എനിക്കിപ്പോഴുള്ളൂ..”
സ്റ്റേഷനിൽ വെച്ച്, രണ്ടു മൂന്നു വട്ടം, കറുത്ത ടെലിഫോൺ റിസെർവർ ചെവിക്ക് ചേർത്ത്, മറു ചെവി പൊത്തി പിടിച്ചു, അടക്കിയ സ്വരത്തിൽ ലക്ഷ്മിലാൽ ആരോടോ സംസാരിക്കുന്നതും കണ്ടു.
മാധവി കൗർ, പത്രത്തിൽ തന്നെ അപ്പോഴും.. ഇവരെന്താണ് ഇങ്ങനെ വായിക്കുന്നത്…?
“ഹഫീസ ഇവിടെ സേഫ് ആയിരിക്കും എന്ന് ഞങ്ങൾക്ക് ഉറപ്പു വേണം,” കൈകൾ ഇല്ലാത്ത ബ്ലൗസ് ഇട്ട ബോയ്ക്കട്ടുകാരി, മനുഷ്യവകാശ പ്രവർത്തക പറഞ്ഞു.
ലക്ഷ്മിലാൽ, പല്ലു കടിച്ചു. “നിങ്ങൾ അവൾക്ക് പറയാനുള്ളത് കേട്ടെങ്കിൽ സ്ഥലം വിടുക, ” “പോലീസിന്റെ പണി, ഞങ്ങൾ എടുത്തു കൊള്ളാം ”
എന്തോ തർക്കങ്ങൾ അവിടെ പിന്നെ നടന്നു. അതിനൊടുവിൽ, ദത്താറാം, ലക്ഷ്മിലാൽ എന്നിവർ ജീപ്പെടുത്തു എങ്ങോട്ടോ പോയി.
മനുഷ്യാവകാശപ്രവർത്തകർ, അവരുടെ ചില്ലറ സംവാദങ്ങൾക്കൊടുവിൽ പിരിഞ്ഞു.
ജീപ്പിലിരിന്നു ലക്ഷ്മിലാൽ സംസാരിച്ചതത്രയും പണ്ട് മുംബൈയിൽ നടന്ന കലാപങ്ങളെ കുറിച്ചായിരുന്നു.
തെക്കുവടക്ക് നടന്നു മറ്റു മതക്കാർ വെട്ടികൊന്നതിൽ കൂടുതൽ തന്റെ മതക്കാരായിരുന്നു ഇരകൾ. അവരുടെ മരണസംഖ്യ വർധിച്ചു വരുന്നതിൽ, അയാൾക്ക് വല്ലാത്ത മാനസികാസ്വാസ്ഥ്യം തന്നെ തോന്നിയിരുന്നു.. അതിനിടയിലാണ് , “ഒരു മറ്റേ മത”ക്കാരിയെ കൊലപാതകിയായി സ്റ്റേഷനിൽ കൊണ്ട് വന്നിരിക്കുന്നത്.
ലക്ഷ്മിലാലിനോട്, ഇടയ്ക്ക് ഫോണിൽ സംസാരിച്ചത് ഗുപ്തമാർ ആയിരിക്കാമെന്ന് ദത്താറാം ഊഹിച്ചു. സ്വതവേ മതവെറിയനായ മുതുക്കനു, ഹഫീസയെ കൊല്ലാനുള്ള അരിശം ഉണ്ടെന്ന് ദത്താറാമിന് തോന്നി. അതാണ് അയാൾ ഇത്രക്ക് അസ്വസ്ഥൻ ആയി മുഷ്ടി ചുരുട്ടി പല്ലിറുമ്മുന്നത്.
മുഷ്ടി ചുരുട്ടി ലക്ഷ്മിലാൽ ജീപ്പിന്റെ സ്റ്റീറിങ്ങിൽ ഇടിച്ചു.