ഹഫീസ പൊട്ടി ചിരിച്ചു, “എന്താണ് നിങ്ങൾക്കറിയേണ്ടത് ? ഞാനെന്തിനയാളെ കൊന്നുവെന്നോ? അതോ ഞാനെന്തിന് ആത്മഹത്യ ചെയ്യാനൊരുങ്ങി എന്നതോ നിങ്ങൾക്കറിയേണ്ടത് ? ” പോലീസ് റൈറ്റർ അവളെ തുറിച്ചു നോക്കി. “എഫ് ഐ ആർ എഴുതണം എന്ന് നിങ്ങൾക്കെന്താണ് ഇത്ര നിർബന്ധം ?” ഹഫീസ ഉറച്ച ശബ്ദത്തിൽ ചോദിച്ചു.
“വല്ലാത്തൊരു സാധനം തന്നെ , കണ്ടില്ലേ അവൾ കൂസലില്ലാതെ ഇരിക്കുന്നത് , സാബ് തടഞ്ഞത് കൊണ്ടാണ്, അല്ലെങ്കിൽ അവളെ ഞാൻ ഭിത്തിയോട് ചേർത്ത് …………” ജനാലക്കപ്പുറം അവളുടെ സംസാരവും, അട്ടഹാസവും നോക്കി നിന്ന രാം ചരണെന്ന മുതിർന്ന പോലീസുകാരൻ പല്ലിറുമ്മി.
“കോടതിയിൽ നിന്നെ ഹാജരാക്കും മുൻപ് നീ പറഞ്ഞേ തീരൂ നീ ചെയ്തത്, എങ്ങനെ, എന്ത്, എന്തിനു വേണ്ടി” എസ് ഐ , ദത്താറാം ഇരിക്കാൻ വേണ്ടി ഒരു സ്റ്റൂൾ അവൾക്ക് നീക്കിയിട്ടുകൊടുത്തു കൊണ്ട് പറഞ്ഞു.
ദത്താറാം , ഹഫീസയെ സൂക്ഷിച്ചു നോക്കി. അവൾക്ക് ഒരു പതിനേഴോ, പതിനെട്ടോ വയസ്സ് കാണും. ചാരനിറമുള്ള മുടി, തല മൂടി വെച്ചിരിക്കുന്ന ഷാളിനിടയിൽ കൂടി കാണാം. ഒതുക്കമുള്ള കൂർത്ത മൂക്കിൽ ഒരു വെളളി ചിറ്റ് മൂക്കൂത്തി. കൊലുന്നനെ ഉള്ള ദേഹം. ഇവൾ ആ തടിയനെ എങ്ങനെ കീഴ്പ്പെടുത്തി കളഞ്ഞു എന്നാണു ദത്താറാമപ്പോൾ ആലോചിച്ചിരുന്നത്.
“എനിക്കല്പം വെള്ളം വേണം, നിങ്ങൾക്കറിയേണ്ടത് ഞാൻ പറഞ്ഞു തരാം” ഹഫീസ ഒന്ന് മയപ്പെട്ടു.