? ശേഷന്റെ കന്യക [ആദിശേഷൻ] 63

പണ്ട് ഒരു രാജ്യത്ത് ധനികയും ബുദ്ധിമതിയുമായൊരു

സുന്ദരി പെൺകുട്ടി ഉണ്ടായിരുന്നു…

 

അതേ രാജ്യത്ത്തന്നെ

ബുദ്ധിശൂന്യനായൊരുവനും വസിച്ചിരുന്നു…

 

തിരക്കുപിടിച്ച പ്രദർശനലോകത്തെവിടെയോവെച് ശേഷൻ അവളെ കണ്ടുമുട്ടുകയും

അവളോടൊരല്പം സംസാരിക്കുകയും ചെയ്തു…

 

ശേഷന്റെ

വികൃതജീവിതചര്യയിൽ കൗതുകംതോന്നിയ

പെൺകുട്ടി

അവനോട് കൂടുതൽ സംസാരിക്കാൻ തുടങ്ങി..

 

ശേഷന്റെ ഭാഷ,  ദേശം, വംശം

എല്ലാം അവൾ ചോദിച്ചു മനസ്സിലാക്കി…

 

ശേഷന്റെ കണ്ണുകളിൽ

സഹതാപത്തോടെ നോക്കിയ

അവളുടെ കണ്ണുകളിൽ

ഒരു കനലെരിയുന്നപോലെ അവനു തോന്നി…

 

ഇരുട്ടിൽ ശേഷനാ കനലെടുത്തു ഹൃദയത്തിൽ സൂക്ഷിച്ചു…

 

ശേഷനോട് പെൺകുട്ടിക്ക്

സഹതാപത്തിൽ കവിഞ്ഞൊരു വികാരവും ഉണ്ടായിരുന്നില്ലെന്ന സത്യം മനസ്സിലാക്കാതെ

അവനവളുടെ ഇഷ്ട്ടങ്ങൾക്കനുസരിച്ചു തന്നിലെ ഭ്രാന്തിന്റെ താളുകൾ

തിരുത്തിയെഴുതാൻ തുടങ്ങി..

 

അവന്റെ ഭ്രാന്തുമാറ്റി നല്ലൊരു മനുഷ്യനാക്കി സമൂഹത്തിലേക്ക് ഇറക്കിവിടുക മാത്രമാണ്

അവൾ ഉദ്ദേശിച്ചിരുനുള്ളുവെങ്കിലും

 

ഓരോ തവണ ചേർന്നിരിക്കുമ്പോളും ശേഷന്റെ

ഉള്ളിലെ കനലെരിഞ്ഞു

തീ ആളാൻ തുടങ്ങിയിരുന്നു…

 

ഒടുവിൽ ശേഷന്റെ പ്രണയം ഹൃദയം കവിഞ്ഞു പടർന്നൊരു.

 

രാത്രിയിൽ അവനവളോട് സത്യം  തുറന്നു പറഞ്ഞു…

 

ശേഷന്റെ കണ്ണുകളിലെ പ്രണയം മുൻപ് പലപ്പോഴും

താൻ വായിച്ചിരുന്നെന്നും പറഞ് അവൾ പൊട്ടിച്ചിരിച്ചു.  …

 

വീണ്ടും അവനോട് കൂടുതൽ ചേർന്നിരുന്നു….

 

പതിയെ അവന്റെ ഭ്രാന്ത് മാറിത്തുടങ്ങി

ഒരുപക്ഷെ അവളിൽ ഒടുങ്ങി..

 

പ്രബഞ്ചം മുഴുവൻ സ്വതന്ത്രനായി നടക്കാനാഗ്രഹിച്ചവൻ

മനപ്പൂർവം അവളുടെ കൺകുഴികളിൽ കുടുങ്ങിക്കിടന്നു…

 

ഒരിക്കൽ അവളവനെ ഒരു മനോഹരമായ

തടാകത്തിനരികിലേക്ക് കൂട്ടികൊണ്ടുപോയി…

 

അനന്തമായ ആ നീലജലാശയങ്ങളിൽ

ശേഷന്റെ സങ്കല്പങ്ങളിലെ മൽസ്യകന്യകമാർ  ദാരാളമുണ്ടായിരുന്നു ..

 

ശേഷനേറെ ഇഷ്ട്ടപ്പെട്ട ആമ്പൽപ്പൂക്കളും

വെള്ളാരം കല്ലുകളും ഉണ്ടായിരുന്നു…

 

ഹൃദയത്തിൽ തീ പടർന്നതിൽ പിന്നെ

അവൻ ജലാശയങ്ങൾ തേടി പോകാതെയായി …

 

സ്വപ്നങ്ങളുടെ ചിറകിലേറി  അവനാ മലകളാൽ ചുറ്റപ്പെട്ട തടാകത്തിനുമുകളിലൂടെ പറക്കാതെയായി

 

അവൾ അന്നാദ്യമായി

ശേഷന്റെ കണ്ണുകളിൽ ഏറെനേരം നോക്കിയിരുന്നു…

 

അവനോടായി പറഞ്ഞു…

 

ഇപ്പോൾ നിന്റെ ഭ്രാന്ത്

പൂർണമായും മാറിയിരിക്കുന്നു…

നീയാ ജലാശയത്തിൽ മൂന്നുതവണ മുങ്ങിയെഴുന്നേറ്റ്

പുതിയൊരു മനുഷ്യനായി തിരിച്ചുവരിക

 

ഈ തടാകം അത്രയേറെ പവിത്രമാണ്

എന്നോടുള്ള പ്രണയവും ഇവിടെവെച്ചു ജലാശയത്തിൽ ഉപേക്ഷിച്ചുകൊള്ളുക…

 

ശേഷന്റെ കണ്ണുനിറയുന്നതു ശ്രദ്ധിക്കാതെ അവൾ തിരിഞ്ഞു നിന്നു..

 

ശേഷൻ പതിയെ

തടാകത്തിലേക്ക് ഇഴഞ്ഞിറങ്ങി…

 

പുതിയൊരു മനുഷ്യനെ കാത്തിരുന്നവളുടെ കണ്ണുനിറഞ്ഞൊഴുകിയതറിയാതെ

ജലാശയത്തിന്റെ അടിത്തട്ടിൽനിന്ന് അവസാനത്തെ നീർക്കുമിളയും ഹൃദയഭിത്തികൾ ബേദിച്ചു മുകൾപ്പരപ്പിലെത്തി…

 

അവളുടെ തേങ്ങലുകൾ അലർച്ചകളായി കരയാകെ  മുഴങ്ങിക്കേൾക്കുമ്പോളും

 

ശേഷന്റെ സങ്കൽപ്പത്തിലെമത്സ്യകന്യക

അവന്റെ വിറങ്ങലിച്ച അധരങ്ങളിൽ ചുംബിക്കുന്നുണ്ടായിരുന്നു……

 

?©️?

 

 

Updated: October 3, 2023 — 12:24 pm

Leave a Reply

Your email address will not be published. Required fields are marked *