മോഹ ഭംഗം ?[ആദിശേഷൻ] 34

ചന്ദനം ചോരാതെ കാത്തു വെച്ച

നെറ്റി ചുളിച്ചവൾ മിഴിച്ചു നിന്നു ,

ഉദരത്തിലെ ഉയിരായ ഉണ്ണിയെ

വേണ്ടന്നു തൻ പാതി ചൊല്ലിയ നേരം.

 

ദാരിദ്രമാം നാഗത്തിൻ ദംശനമേറ്റ

തറവാട്ടിലിന്ന് ഒരു കുഞ്ഞിക്കാലിന്

വാഴുവാൻ യോഗമില്ലാ..

അവനെ വളർത്തുവാൻ ,

അവളെ പുണരുവാൻ

കയ്യിലെ പണത്തിനൊക്കുകില്ല.

 

പൊക്കിൾ കൊടിയറുത്ത്

കയ്യിലേന്തി മുലയൂട്ടുവാൻ കൊതിച്ച

അമ്മമനമപ്പോൾ കൈകൂപ്പി

തേങ്ങി പറഞ്ഞ കാര്യമവൻ

കേൾക്കാതെ മുഖംമറച്ച് നീങ്ങിയ

നേരം അവൻ്റെ കണ്ണ് നീർ തുള്ളികൾ

അവനറിയാതെ നിലംപതിച്ചു.

 

കാണാതെ പഠിച്ച താരാട്ട് പാട്ടിൻ്റെ

ഈണത്തിലവൾ സൽപ്പേര് നാട്

നീങ്ങിയ വീട്ടിലെ ഇരുൾമുറിയിൽ

ഒറ്റയായിരുന്ന് ഖേദിച്ചപോൾ ,

മച്ചിൻപുറത്തെ അമ്മക്കിളിതൻ

സ്നേഹത്തിൻ കുറുങ്ങൽ കേട്ടു.

 

പൊന്നിൻ തളികയിൽ അന്നമുണ്ണാൻ

കൊതിച്ചൊരു കാലം വിധിക്കാത്ത

കാലമേ നിനക്ക് തെറ്റി.

അമ്മതൻ കണ്ണ് നീരിൻ്റെ കയ്പ്പിൽ

നിന്നുടൽ ഛേദിച്ചു മാറുവാൻ

സമയമായിന്നതോർക്കുക..

 

മിഴി നീരിൽ മുക്കി കാലം വെളുപ്പിച്ച

തൂവാലയിൽ ചിതറി തെറിച്ച

സ്വപ്നത്തിൻ മുത്തുകളവളിന്നു

വാരിക്കൂട്ടി പൊതിഞ്ഞു കെട്ടി ,

തൻ്റെ ജീവൻ്റെ ഭ്രൂണത്തിനൊപ്പം

തല തല്ലി മരിച്ച മനസ്സിൻ്റെ മാറിൽ

മറവ് ചെയ്യാൻ……..!!!!

 

©️?©️

 

 

Updated: October 3, 2023 — 12:17 pm

Leave a Reply

Your email address will not be published. Required fields are marked *