രോഹിണി 2146

Views : 12310

” പക്ഷെ,  ഈ സമയത്തിങ്ങനെ  നിങ്ങൾ ഇത്രയും ജോലി ചെയ്യാൻ പാടില്ല!” ഞാൻ പറഞ്ഞു.

“ഞങ്ങൾക്കിതൊക്കെ ശീലമാണ് . നിങ്ങൾ ദുബായിക്കു പോകുന്നതു പോലെയാണ് ഞങ്ങൾ ഇവിടേയ്ക്ക് വരുന്നത് .  ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട് നാട്ടിൽ. ആ പിന്നെ… ” അവർ ഒന്നു നിർത്തി എന്നിട്ടു തുടർന്നു ,

“നിങ്ങൾ പറഞ്ഞത് പോലെ പറ്റുമെങ്കിൽ രോഹിണിയെ പഠിപ്പിക്കണം എന്നുമുണ്ട്” ‘

പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല . അവരെ അവരുടെ സ്വപ്നങ്ങൾക്ക് വിട്ടുകൊടുത്തു കൊണ്ട് ഞാൻ നടന്നു മുറിയിലേക്ക് പോയി.

തുടർന്നുള്ള ദിവസങ്ങളിൽ ഇല കൊഴിയുന്നത് പോലെ ആ ഹോസ്റ്റലിലെ ഓരോ ജോലിക്കാരായി കൊഴിഞ്ഞു പോവാൻ തുടങ്ങി. പലരും മുറുമുറുത്തു കൊണ്ടാണ് ഇറങ്ങിപ്പോയത് . രോഹിണിയുടെ ആയിയാകട്ടെ ഗോവണിപ്പടികൾ കയറുമ്പോൾ വരുന്ന തലചുറ്റലുകളും, ശരീര വേദനയും, ചർദ്ദിയുമൊന്നും വകവയ്ക്കാതെ  ഒരു യന്ത്രം കണക്കെ ഹോസ്റ്റലിലെ എല്ലാ ജോലികളും ചെയ്തു പോന്നു.

രോഹിണി പതിവുപോലെ എല്ലാ മുറികളിലും കയറി അവൾ പഠിച്ച മലയാളത്തിലെല്ലാവരോടും സംസാരിച്ചു . ഞാൻ അവൾക്കു ക്രയോൺസും ഒരു കരടിപ്പാവയും വാങ്ങിച്ചു കൊടുത്തു . ആ ക്രയോൺസുപയോഗിച്ച് അവൾ എന്റെ മുറിയുടെ ചുമരിൽ രണ്ടു വട്ടങ്ങൾ വരച്ചു. ഒന്ന് വലുതും പിന്നെയൊന്ന് ചെറുതും . അതിനുചുറ്റും മുടിയിഴകൾ എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ കുറെ വരകളും വരച്ചു.  പിന്നെ രണ്ടു കണ്ണുകളും വലിയൊരു ചിരിയും വരച്ചിട്ടു എന്നോട് പറഞ്ഞു

” ഇത് ദിദി.. ഇത് ഞാൻ”.

അങ്ങനെയിരിക്കെയാണ് പെട്ടെന്ന് ജോലി ആവശ്യത്തിനായി ഒരു മാസത്തേക്ക് എനിക്ക് വിദേശത്തേക്ക്  പോവേണ്ടി വന്നത് . എല്ലാം വളരെ പെട്ടന്നായപ്പോൾ പിന്നെയൊന്നിനും സമയമില്ലാതായി . സാധനങ്ങളൊക്കെ ധൃതിയിൽ പായ്ക്ക് ചെയ്തു പിറ്റേന്നു വെളുപ്പിന്  എയർപോർട്ടിലേക്ക് പോകാനായി ഇറങ്ങുമ്പോൾ രോഹിണിയുടെ ആയി പറഞ്ഞു,

“അവൾക്കു വലിയ വിഷമമാവും. അവളോട് പറയാതെ പോയാൽ”.

പറഞ്ഞാൽ  അവൾ വലിയ വായിൽ കരയാൻ തുടങ്ങും. പോവാൻ സമ്മതിക്കുകയുമില്ല . പിന്നെ അതെനിക്ക് വല്ലാത്ത വിഷമമാവുകയും ചെയ്യും.

” ദീദി എവിടെ എന്നവൾ ചോദിച്ചാൽ ഓഫീസിലാണെന്ന് പറഞ്ഞാൽ മതി.. കുറച്ചു ദിവസം കഴിഞ്ഞാൽ അവൾ ചിലപ്പോൾ എന്നെ മറന്നു എന്നുതന്നെ വരും. ചെറിയ കുട്ടിയല്ലേ ? ”

ഞാൻ പറഞ്ഞു.

പോകുന്നതിനു മുൻപ് ബാഗിൽ നിന്ന് ഞാൻ ഒരു ‘ഹിന്ദി അക്ഷരമാല’ പുസ്‌തകം എടുത്തു രോഹിണിയുടെ ആയിക്കു കൊടുത്തു.

“രോഹിണി ഇപ്പോൾ ഒരുവിധം നന്നായി  ഹിന്ദി എഴുതാനും വായിക്കാനും തുടങ്ങിയിട്ടുണ്ട്. ഞാൻ ഇല്ലെങ്കിലും അവളെയെന്നും  എഴുതിപ്പിക്കണം. ഈ പുസ്‌തകത്തിലെ അഞ്ചാറ് വാക്കുകൾ എന്നും എഴുതാൻ കൊടുത്താൽ മതി, അവൾ എഴുതിക്കോളും.”

അവളുടെ ആയി ഒരു നിമിഷമെന്നെ നോക്കി. പിന്നീട് പറഞ്ഞു,

” ഇല്ല.. നിങ്ങളെ അവൾ മറക്കുമെന്നു തോന്നുന്നില്ല..”

“ഒരു മാസത്തിനുള്ളിൽ ഞാൻ വരും. എന്നിട്ടേ നിങ്ങൾ നാട്ടിലേക്ക് പോകാവൂ. എന്നെ കാണാതെ പോകരുത്..'”

ഞാൻ പറഞ്ഞു.

അന്ന് കാറിൽ എയർപോർട്ടിലേക്ക് പോവുമ്പോൾ രോഹിണിയുടെ ആയിക്കുണ്ടായിരുന്നതു പോലെ എന്റെ മനസ്സിലുമുണ്ടായിരുന്നു, ചെയ്തു തീർക്കാനായി  നിശ്ചയിച്ച ചില കാര്യങ്ങൾ, നാട്ടിലേക്ക് തിരിച്ചു വന്നതിനു ശേഷം..

Recent Stories

The Author

rajan karyattu

1 Comment

  1. Nothing to comment. But the story was nice.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com