പകർന്നാട്ടം – 2 35

Pakarnnattam Part 2 by Akhilesh Parameswar

ഏതാ ആ പുത്തൻ പണക്കാരൻ ചെക്കൻ?

അഞ്ഞൂറ് രൂപയുടെ പുതുപുത്തൻ നോട്ടുമായി അനുഗ്രഹം വാങ്ങാൻ നിന്ന ചെറുപ്പക്കാരനെ നോക്കി വാര്യത്തെ വസുന്ധരാ ദേവി ആരോടെന്നില്ലാതെ പിറുപിറുത്തു.

അത് കളപ്പുരയ്ക്കലെ ചെക്കനാ. വിദേശത്ത് ന്തോ വല്ല്യ പഠിപ്പാന്നാ കേട്ടെ.

നാട്ടിലെ പ്രധാന വാർത്താ വിതരണക്കാരി ബാലാമണി മറുപടി പറഞ്ഞു.

കേട്ടോ ദേവ്യേച്ചി,ചെക്കന്റെ കൈയ്യിലിരുപ്പ് ത്ര നന്നല്ല.ബാലാമണി തന്റെ പതിവ് ജോലിക്ക് തുടക്കം കുറിച്ചു.

വ്വോ,അത് നിനക്കെങ്ങനറിയാം. ന്താപ്പോ സംഭവം.വസുന്ധര കാത് കൂർപ്പിച്ചു.

ചെക്കൻ വന്നെന്റെ പിറ്റേന്ന് താഴെ തൊടീലെ കുളത്തിൽ കുളിച്ചോണ്ടിരുന്ന ന്റെ പടം പിടിച്ചു.

ഞാനാണെങ്കി ഒരു ചെറിയ ഒറ്റ മുണ്ട് മാറുടുത്താ നിന്നെ.പോരാത്തതിന് നനഞ്ഞും.

അത് പറയുമ്പോൾ ബാലാമണിയുടെ മുഖത്ത് നാണത്തിന്റെ ഇളം ചുവപ്പ് രാശി പരന്നു.

എന്നിട്ട്,വസുന്ധര ആകാംക്ഷ പൂണ്ടു. ന്നിട്ട് ന്റെ ച്യേ,ന്നെ നോക്കി കണ്ണ് കൊണ്ട് ഇങ്ങനെ ഒരാക്കൽ.

ബാലാമണി ഒരു കണ്ണ് ഇറുക്കി സന്ദർഭം വിവരിച്ചു.പോരാത്തതിന്…

മ്മ്,പോരാത്തതിന്…വസുന്ധരയുടെ ക്ഷമ കെട്ടു.

അല്ല നിങ്ങൾ തൊഴാൻ നിൽക്കുന്നോ അതോ വർത്താനം പറയാനോ.

ബാലാമണി അടുത്ത വിശേഷം പറയാൻ നാക്കെടുത്തപ്പോഴേക്കും പിന്നിൽ നിന്നവർ ഒച്ചയുയർത്തി. അതോടെ സംസാരം നിർത്തി ഇരുവരും മുൻപോട്ട് നീങ്ങി.

ന്താ ബാലേ ചെക്കന്റെ പേര്. വസുന്ധര അടുത്ത ചോദ്യം ഉന്നയിച്ചു.

“സൂരജ് കൃഷ്ണൻ” ബാലാമണി വസുന്ധര കേൾക്കാൻ പാകത്തിന് ശബ്ദം താഴ്ത്തി.

പേരിൽ തന്നെ ണ്ടല്ലോ കൃഷ്ണൻ പിന്നെ സ്വഭാവം അങ്ങനെ ആയില്ലെങ്കിൽ അല്ലേ അതിശയം. ഇരുവരും അടക്കി ചിരിച്ചു.

ദക്ഷിണ നൽകി മഞ്ഞൾ പ്രസാദത്തിനായി കാത്ത് നിന്ന ചെറുപ്പക്കാരന്റെ മുഖത്തേക്ക് പരദേവത ഒന്ന് സൂക്ഷിച്ചു നോക്കി.

കണ്ണിൽ ഒരുതരം വന്യത ഒളിച്ചിരിക്കുന്നു.മനുഷ്യരൂപവും മൃഗത്തിന്റെ സ്വഭാവവുമുള്ള വ്യക്തിത്വം.

അനുഗ്രഹിക്കാനുയർത്തിയ കൈ പിൻവലിച്ച പരദേവത അവന്റെ കരം ഗ്രഹിച്ചു.