രാമൻ രണ്ട് കരിക്ക് ശങ്കരൻ തിരുമേനിക്കും, ഗൗരിക്കുംനേരെനീട്ടി.
കാറിൽനിന്നിറങ്ങിയ ഗൗരി ചുറ്റിലുംനോക്കി.
അങ്ങകലെ വലിയ മലകളും അവയെ തഴുകികൊണ്ട് തണുത്തകാറ്റും കൂടാതെ പുതുമണ്ണിന്റെ ഗന്ധവും.
ഗൗരി ശ്വാസമൊന്ന് നീട്ടിവലിച്ചു.
“മുത്തശ്ശാ, ഒരു പ്രത്യേക ഗന്ധം.”
“മ്. എന്തിന്റെ ?”
കരിക്ക് കുടിക്കുന്നതിനിടയിൽ അദ്ദേഹം ചോദിച്ചു.
“അതിപ്പോ, നല്ല ചന്ദനത്തിന്റെ.”
“ഹഹഹ, പട്ടണത്തിലാണ് വളർന്നതെങ്കിലും, ചന്ദനത്തിന്റെ ഗന്ധമൊക്കെ തിരിച്ചറിയാൻ പറ്റ്വോ.?”
“കളിയാക്കാതെ മുത്തശ്ശാ, എനിക്ക് അറിയാം.”
ഗൗരി സങ്കടത്തോടെ പറഞ്ഞു.
“മോളിങ്ങ് വന്നേ.”
തിരുമേനി ഗൗരിയുടെ തോളിൽ കൈയിട്ട് അങ്ങുദൂരെയുള്ള ഒരുകാട്ടിലേക്ക് വിരൽ ചൂണ്ടികൊണ്ടുപറഞ്ഞു.
“ദേ, അതാണ് ചന്ദനക്കാട്. ആ കാട്ടിൽ നിറയെ ചന്ദനത്തിന്റെ മരങ്ങളാണ്, പൂജക്കുവേണ്ടിയുള്ള ചന്ദനം അവിടെനിന്നാണ് കൊണ്ടുവരാറ്.”
“തിരുമേനി, പോകാം.”
രാമൻ കാറിനുള്ളിലേക്ക് കയറി.
“നമ്മളിപ്പോ എവിട്യാ മുത്തശ്ശാ ”
കൈയിലുള്ള കരിക്ക് കുടിച്ചുകഴിഞ്ഞ് അതിന്റെ തൊണ്ട് തോട്ടിലേക്ക് എറിയുന്നതിനിടയിൽ ഗൗരി ചോദിച്ചു.
“ദേ, നോക്ക്. ”
തിരുമേനി വിരൽചൂണ്ടിയ സ്ഥലത്തേക്ക് ഗൗരി സൂക്ഷിച്ചുനോക്കി
വെളുത്തബോർഡിൽ കറുത്ത
അക്ഷരങ്ങൾ പകുതിമാഞ്ഞനിലയയിൽ എന്തോ എഴുതിവച്ചിരിക്കുന്നു.