അച്ഛന്റെ കൈയിലുള്ള ബി എം ഡബ്ല്യൂവിനെക്കാൾ തലയെടുപ്പ് ഈ പഴയ രാജാവിനുണ്ടെന്ന് ഒറ്റനിമിഷംകൊണ്ട് അവൾ മനസിലാക്കി.
കാറിനുചുറ്റും വലംവച്ച ഗൗരി ബോണറ്റിന്റെ മുകളിൽ മഴവെള്ളം കെട്ടിനിൽക്കുന്നതുകണ്ട് തന്റെ വലം കൈകൊണ്ട് അവയെ തുടച്ചുനീക്കി.
ആർദ്രമായ കൈകളിൽ മഴനീർത്തുള്ളികൾ പറ്റിപ്പിടിച്ചു.
രാമൻ ഗൗരിയുടെ ബാഗും മറ്റും കാറിന്റെ ഡിക്ക് തുറന്ന് അതിലേക്ക് വച്ച് തിരുമേനിക്ക് കയറാൻ ഡോർ തുറന്നുകൊടുത്ത് അയാൾ ഡ്രൈവിങ് സീറ്റിലേക്ക് കയറി.
“മുത്തശ്ശാ, ഞാനൊടിച്ചോളാം”
സീറ്റിലേക്ക് കയറുംമുൻപേ അവൾ ചോദിച്ചു.
“അതിന് നിനക്കീയന്ത്രം ഓടിക്കാനറിയോ?”
സംശയത്തോടെ തിരുമേനി ചോദിച്ചു.
“പിന്നെ, അച്ഛന്റെ കൂടെപോകുമ്പോൾ ഞാൻ ഓടിക്കാറുണ്ടല്ലോ. ”
നിവർന്നുനിന്നുകൊണ്ട് ഗൗരി അഭിമാനത്തോടെ പറഞ്ഞു.
“എന്നാലേ, മുത്തശ്ശന്റെകുട്ടി ഇതിലേക്ക് കയറ്, ഒത്തിരി ദൂരം പോകാനുള്ളതാ”
“എന്നാഞാൻ മുൻപിൽ കയറാം.”
“ദേവീ, ഈ പെണ്ണിനെകൊണ്ട് തോറ്റല്ലോ.
ശരി കയറു.”
പുഞ്ചിരിതൂവികൊണ്ട് തിരുമേനി പറഞ്ഞു.
ഷൊർണൂരിൽനിന്നും പാലക്കാടിന്റെ കിഴക്കേഭാഗത്തെ ഗ്രാമങ്ങളിലേക്കുള്ളയാത്ര ഗൗരി കാറിന്റെ മുൻപിലിരുന്നുകൊണ്ട് ആസ്വദിച്ചു.
സമയം ഉച്ചയോടടുത്തെങ്കിലും കാർമേഘം വിണ്ണിനെ മൂടിയിരുന്നതിനാൽ പ്രകൃതി ദേവലോകത്തെ രംഭയയെപോലെ സുന്ദരിയായിനിന്നിരുന്നു
കാഴ്ചകൾ കണ്ട് ഗൗരി അറിയാതെ മയങ്ങിപ്പോയി.
സീറ്റിലിരുന്നുറങ്ങുകയായിരുന്ന അവളെ തിരുമേനി തട്ടിവിളിച്ചു.
ഉറക്കത്തിൽനിന്നുമെഴുന്നേറ്റ ഗൗരി തന്റെ കണ്ണുകൾ തിരുമ്മികൊണ്ട് പുറത്തേക്കുനോക്കി.
പച്ചപരവതാനിവിരിച്ച നെൽപാടങ്ങൾക്ക് അരികിൽ കാർ നിർത്തിയിട്ടിരിക്കുന്നു.