Yakshayamam Part 5 by Vinu Vineesh
Previous Parts
പകൽവെളിച്ചത്തിലും പ്ലാറ്റ്ഫോമിന്റെ മുകളിലെ കമ്പിയുടെ ഇടയിലിരുന്നുകൊണ്ട് ഒരു മൂങ്ങ അദ്ദേഹത്തെതന്നെ വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു.
കഴുത്തിൽകെട്ടിയ രക്ഷകളെ അദ്ദേഹം വലതുകൈകൊണ്ട് ചേർത്തുപിടിച്ചു.
“മഹാദേവാ… അപശകുനമാണല്ലോ.”
തിരുമേനി പതിയെ തന്റെ മിഴികളടച്ച് ഉപാസനാമൂർത്തികളെധ്യാനിച്ചു.
“എന്താ മുത്തശ്ശാ…”
സംശയത്തോടെ ഗൗരി ചോദിച്ചു.
അല്പനിമിഷം ധ്യാനത്തിലാണ്ട തിരുമേനി തന്റെ കണ്ണുകൾ തുറന്ന് പിന്നിലേക്കുനോക്കി.
തന്നെ തീക്ഷ്ണമായിനോക്കിയിരുന്ന മൂങ്ങ അപ്പോൾ അപ്രത്യക്ഷമായിരുന്നു.
ശേഷം മുൻപിൽവന്നുനിന്ന കരിമ്പൂച്ചയെ നോക്കി അതെങ്ങോട്ടോ ഓടിയൊളിച്ചു.
ഗൗരി തന്റെ ചോദ്യം ആവർത്തിച്ചു.
“എന്താ മുത്തശ്ശാ…”
“ഏയ്, ഒന്നുല്ല്യാ മോളെ.”
പുഞ്ചിരിപൊഴിച്ചുകൊണ്ട് അദ്ദേഹം ഗൗരിയെ ചേർത്തുപിടിച്ചു.
“രാമാ, വണ്ടി തിരിച്ചോളൂ..”
സ്റ്റേഷന്റെ പുറത്തേക്കുകടന്ന് അവർ കാറിന്റെ അരികിലേക്ക് ചലിച്ചു.
ഒഴിഞ്ഞ പാർക്കിങ് സ്ഥലത്ത് തിരുമേനിയുടെ 1980 മോഡൽ കറുത്ത അംബാസിഡർ കാർ ഒരു രാജാവിനെപ്പോലെ തലയുയർത്തി നിൽക്കുന്നുണ്ടായിരുന്നു.
കാറിന്റെ ചില്ലിന് മുകളിൽ ‘മൃത്യുഞ്ജയൻ’യെന്നും, വലതുഭാഗത്ത് മഞ്ഞ അക്ഷരത്തിൽ ‘കീഴ്ശ്ശേരി’യെന്നും എഴുതിവച്ചിട്ടുണ്ട്.
ഉള്ളിലെ കണ്ണാടിക്കുമുകളിൽ ആനയുടെ നെറ്റിപട്ടത്തിന്റെ ചെറിയരൂപം തൂക്കിയിട്ടിരിക്കുന്നു.
ഗൗരിയുടെ കണ്ണുകൾ കൗതുകംകൊണ്ട് വിടർന്നു.