യക്ഷയാമം (ഹൊറർ) – 21 31

“അതെ, ഇതുഞാൻ കണ്ടിട്ടുണ്ട്.”
ഗൗരി സ്വയം പറഞ്ഞു.

നീലജ്വാലക്കുള്ളിൽനിന്ന് ഒരു സ്‌ത്രീരൂപം തെളിഞ്ഞുവരാൻ തുടങ്ങി.
ചുവന്നകല്ലുപതിച്ച മൂക്കുത്തിയുടെ തിളക്കം ഗൗരിയുടെ കണ്ണിലേക്കുപതിച്ചു.

പതിയെ കൈയിൽ ത്രിശൂലവുമായി നിൽക്കുന്ന ആ രൂപത്തെകണ്ടപ്പോൾ അറിയാതെ അവളുടെ മിഴികൾ നിറഞ്ഞൊഴുകി.
ശരീരമാസകലം കുളിരുകോരുന്ന പോലെ തോന്നിയ അവൾ കൈകൾകൂപ്പി ആദിപരാശക്തിയെ തൊഴുതുനിന്നു.

ദൈവീകമായ ശക്തിയുടെ സാനിധ്യം അവിടെ നിറഞ്ഞപ്പോൾ സീത അപ്രത്യക്ഷയായി.

“അമ്മേ ദേവീ, രക്ഷിക്കണേ..”
മാർത്താണ്ഡൻ നിലത്തുവീണുകൊണ്ട് കരഞ്ഞുപറഞ്ഞു.

“ഇല്ല മാർത്താണ്ഡാ, നീ മാപ്പ് അർഹിക്കുന്നില്ല. ഒരു മാന്ത്രികനും ചെയ്യാൻ പാടില്ലാത്ത കർമ്മങ്ങളാണ് നീ ചെയ്തത്. കന്യകയായ ഒരുപെണ്കുട്ടി,
വിവാഹജീവിതം സ്വപ്നംകണ്ടുനടക്കുന്നവൾ അവളെ നിന്റെ ഏറ്റവും മോശപ്പെട്ട കർമ്മത്തിലേക്ക് നയിച്ചെങ്കിൽ അതിനുള്ള ശിക്ഷ മരണമാണ്.
നിന്റെ ഗുരുക്കന്മാർ പറഞ്ഞിട്ടുണ്ടാകും ഷോഡസ പൂജചെയ്‌ത് ശക്തികൈവരിച്ചുകഴിഞ്ഞാൽ അവസാനം ദൈവീകമായ ഇടപെടലിലൂടെ മൃത്യു വരിക്കേണ്ടിവരുമെന്ന്.
അതെ ഇന്ന് നിന്റെ മരണമാണ്.”

നീലനിറത്തിലുള്ള ജ്വലക്കുള്ളിൽ നിന്നും അഗ്നി പ്രവഹിക്കാൻ തുടങ്ങി.
പതിയെ അഗ്നി നിലത്ത് വീണുകിടക്കുന്ന
മാർത്താണ്ഡന്റെ ശിരസിലേക്ക് പതിച്ചതും.
നരച്ച രോമങ്ങൾ അഗ്നിയിൽ കരിഞ്ഞുപോകാൻ തുടങ്ങി.

വൈകാതെ മാർത്താണ്ഡന്റെ ശരീരത്തിലെ ഓരോ അവയവങ്ങളും അഗ്നിക്കു ഇരയായി.
കൈകളിൽനിന്നും പച്ചമാംസം ഉരുകി നിലത്തേക്ക് പതിച്ചു.

ജീവൻ നഷ്ട്ടപ്പെടാതെ അയാൾ ചെയ്ത നീചപ്രവർത്തികൾക്ക് ശ്രീദുർഗ്ഗാദേവിയുടെ ശിക്ഷണത്താൽ ഓരോ നിമിഷവും മരിച്ചു കൊണ്ടിരിക്കുകയായിരുന്നു.

തുടരും…