“ഹും, എവിടെപ്പോയി നീയാർജിച്ച നിന്റെ ശക്തി. എവിടെപ്പോയി നിന്റെ സഹായികൾ. എവിടെ നിന്റെ മൂർത്തികൾ.”
ഊറിവന്ന രക്തം സീത അയാളുടെ മുഖത്തേക്കുനീട്ടി തുപ്പി.
നിലത്തുനിന്ന് മാർത്താണ്ഡൻ തന്റെ കാല് വലിച്ചൂരി.
ശേഷം അയാൾ കുഴഞ്ഞുവീണ ഗൗരിയുടെ അരികിലെത്തി അരയിൽ ഒളിപ്പിച്ചുവച്ച ചെറിയകത്തിയെടുത്ത് ഗൗരിയുടെ കഴുത്തിലേക്കുവെച്ചു.
പക്ഷെ ആ ശ്രമം പഴാക്കികൊണ്ട് കാഴ്ച്ചക്കാരനായിനിന്ന കരിനാഗം പതിയെ അയാളുടെ കാലുകളിലേക്ക് ഇഴഞ്ഞു കയറി.
മാർത്താണ്ഡൻ ഗൗരിയെ വിട്ട് ശക്തമായി തന്റെ കാല് കുടഞ്ഞു.
പക്ഷെ നാഗം പിടിമുറുക്കിത്തന്നെ കിടന്നു.
നാലുദിക്കിൽ നിന്നും വീണ്ടും നാഗങ്ങൾ വരിവരിയായി വന്നുകൊണ്ടേയിരുന്നു
നിലം സ്പര്ശിക്കാതെ സീത അയാളുടെ അടുത്തേക്ക് ഒഴുകിയെത്തി.
ശക്തമായ കാറ്റിൽ ഷോഡസ പൂജക്കുവേണ്ടി നിമിച്ച കളങ്ങൾ വായുവിലേക്ക് ലയിച്ചുചേർന്നു.
പതിയെ കൈകളിലേക്കും മറ്റേകാലിലേക്കും നാഗങ്ങൾ പടർന്നുകയറി.
ഒരുനിമിഷം മരണം മുന്നിൽകണ്ട മാർത്താണ്ഡൻ ജീവനുവേണ്ടി നിലവിളിച്ചു.
അതിലൊരു നാഗം അയാളുടെ തുടകളിലൂടെ ഇഴഞ്ഞ് വയറിന്റെ മുകളിൽ ചുരുണ്ട് ഫണമുയർത്തി നിന്നു.
ശരീരമാസകലം വേദനകൊണ്ട് പുളഞ്ഞ മാർത്താണ്ഡനുനേരെ ശിൽക്കാരംമീട്ടി വയറിൽ നിന്നും ഇഴഞ്ഞ് നെഞ്ചിലേക്ക് ചലിച്ചു.
“ഭയം,തോന്നുന്നുണ്ടോ ?”
സീതയുടെ ശബ്ദത്തിൽ സംസാരിക്കാൻ തുടങ്ങിയ നാഗം ചോദിച്ചു.
“വേണ്ട സീതേ, എന്നെ കൊല്ലരുത്.”
“ഞാനും എന്റെ സച്ചിമാഷും ഒരുപാട് പറഞ്ഞതല്ലേ, എന്നിട്ടും നീ…
ഒന്നിച്ചുജീവിക്കാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു ഞങ്ങൾ. ഒരുമിച്ചു കണ്ടസ്വപ്നങ്ങൾ, ദിവസങ്ങൾ, യാത്രകൾ, എല്ലാം തകർത്തു നീ..”
അപ്പോഴേക്കും കരിനാഗങ്ങൾ അയാളുടെ ശരീരത്തെ ചുറ്റിവലിഞ്ഞിരുന്നു.