“ദീപേടെ കല്യാണത്തിനുപോകാൻ ഇതുമതി. കൊള്ളാമോ…?”
ഒരു റാമ്പിങ് മോഡലിനെപ്പോലെ അവൾ എന്റെ മുൻപിൽ വന്നുനിന്നു.
എന്നുമില്ലാത്ത ഒരു പ്രത്യേക തേജ്വാസ് അവളിൽ കണ്ടയുടനെ
ഞാനറിയാതെ ഇടറിയശബ്ദത്തിൽ വിളിച്ചു.
“ലച്ചൂ… “
ഉച്ചക്ക് ഞാൻ കൊടുത്ത അയ്യായിരം രൂപ എനിക്ക് തിരിച്ചുതന്നിട്ട് അവൾ പറഞ്ഞു.
“ഇത് പലിശക്കാരനുതന്നെ തിരിച്ചുകൊടുത്തോളൂ, ഈ പണം നമുക്ക് വേണ്ട വിനുവേട്ടാ….”
“നിനക്ക് എവിടന്നാ ഈ ചുരിദാർ വാങ്ങിക്കാനുള്ള കാശ് കിട്ട്യേ..”
ബെഡിൽനിന്നുമെഴുന്നേറ്റ്
സംശയത്തോടെ ഞാൻ ചോദിച്ചു.
“ഏട്ടൻ ജോലികഴിഞ്ഞു വരുമ്പോൾതരുന്ന പത്തും, ഇരുപതും സൂക്ഷിച്ചുവച്ചതാ, എടുത്തുനോക്കിയപ്പോ ആയിരത്തി മുന്നൂറ്റി ഇരുപത് രൂപയുണ്ടായിരുന്നു. ദേ ചുരിദാർ വാങ്ങിച്ചിട്ടും ബാക്കി കാശുണ്ട്.”
“ലച്ചൂ…”
ഞാനവളെ ഒരു മയിൽപീലിപോലെ മാറോട് ചേർത്തുപിടിച്ചു.
അവളുടെ ശ്വാസം എന്റെ നെഞ്ചിൽ പതിക്കാൻ തുടങ്ങി.
സിന്ദൂരംകലങ്ങിയ സീമന്തരേഖയിൽ ചുംബിച്ചുകൊണ്ട് ഞാൻ ഞാനല്പനേരം കണ്ണുകളടച്ചു നിന്നു.
എല്ലാ ഭാര്യമാരും ഭർത്താവിന്റെ വരുമാനത്തിനൊത്ത് ജീവിക്കുകയാണെങ്കിൽ ഒരുപക്ഷേ പലരുടെയും ജീവിതം കടക്കെണിയിൽ അകപ്പെടില്ലായിരുന്നു.
“വിനുവേട്ടാ…”
എന്റെ ഇടനെഞ്ചിൽ ചാഞ്ഞുകിടന്ന് അവൾവിളിച്ചു.
“എന്തടി….”
“ഈ ചുരിദാറിന് ഒരു ഗന്ധമില്ലേ..?”
“മ്….”
അഴിഞ്ഞുവീണ മുടിയിഴകളിലൂടെ വിരലോടിച്ചു കൊണ്ട് ഞാൻ മൂളി.
“അറേബ്യയിലെ അത്തറിന്റെ ഗന്ധമല്ല.”
“പിന്നെ…?”
“നല്ല വിയർപ്പിന്റെ ഗന്ധം.”
എന്റെ കണ്ണുകളിലേക്ക് നോക്കികൊണ്ടവൾ പറഞ്ഞു.
മറുത്തൊന്നും പറയാനില്ലാതെ ഞാനവളെ എന്റെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു.
ശുഭം…
Super!!!