വിയർപ്പിന്‍റെ ഗന്ധമുള്ള ചുരിദാർ 54

വിയർപ്പിന്‍റെ ഗന്ധമുള്ള ചുരിദാർ

Viyarppinte Gandhamulla Churidar Author : Vinu Vineesh

Image may contain: 2 people, text

“ഏട്ടാ….. , വിനുവേട്ടാ….”

എന്റെ നെഞ്ചിലേക്ക് ചേർന്നുകിടന്നുകൊണ്ട് ലച്ചു വിളിച്ചു.

“മ്, എന്തെടി….”
വലതുകൈ അവളുടെ മുടിയിഴകളിലൂടെ തലോടികൊണ്ട് ഞാൻ ചോദിച്ചു.

“എനിക്കൊരു ചുരിദാർ വാങ്ങിത്തരോ..?”

“ദൈവമേ…പെട്ടോ..?”
അവളുടെ ചോദ്യംകേട്ട ഞാൻ കറങ്ങുന്ന സീലിംഗ് ഫാനിനെ ഒന്നു നോക്കി
ഒന്നും സംഭവിക്കാത്തപ്പോലെ അത് കറങ്ങിക്കൊണ്ടിരിക്കുകയാണ്.

അല്ല.. അവളെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല, കാരണം വർഷം മൂന്നായി കല്യാണംകഴിഞ്ഞിട്ട്. ഇതുവരെ എന്നോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല,
ദിവസം 800 രൂപക്ക് ആശാരിപ്പണിയെടുക്കുന്ന എന്റെ കൈയിൽ സമ്പാദ്യമൊന്നുമില്ലെന്ന് അവൾക്ക് നന്നായി അറിയാം, അതുകൊണ്ടാകും ഇത്രേം കാലം എന്നോടൊന്നും ചോദിക്കാതെ സ്വപ്നങ്ങളും, ആഗ്രഹങ്ങളും ഉള്ളിലൊതുക്കി കഴിഞ്ഞത്.

“രണ്ടീസം കഴിയട്ടെ മോളൂ… ബാവഹാജിയുടെ വീടിന്റെ തള്ളപ്പുര പൊളിച്ചുമേയാനുണ്ട്, അതുകഴിഞ്ഞ് നമുക്കൊരുമിച്ചു പോയിയെടുക്കാം.”

എന്റെ മറുപടികേട്ടതും കിടന്നുകൊണ്ട് അവൾ എന്റെ മുഖത്തേക്ക് നോക്കി.

“സത്യം…”

ലോട്ടറി അടിച്ചപ്പോലുള്ള അവളുടെ മുഖത്തിന് നൂറ്റിപ്പത്ത് വോൾട്ടിൽ കത്തുന്ന ബൾബിന്റെ തെളിച്ചമുണ്ടായിരുന്നു.

“സത്യം,”
പുഞ്ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു

ബെഡിൽ നിന്നും അവളെഴുന്നേറ്റ് അലമാരയിൽ അടക്കിവച്ച വസ്ത്രങ്ങളുടെ
മുകളിൽ നിന്ന് ഇളംപച്ചനിറത്തിലുള്ള ഒരു ചുരിദാറെടുത്ത് എന്റെ നേരെ നീട്ടി.

1 Comment

  1. Super!!!

Comments are closed.