‘എന്താണ് ഭാരിച്ച ചിന്തകൾ ..?’ പിന്നിലുടെയുള്ള ചോദ്യത്തിൽ അവൻ തിരിഞ്ഞു നോക്കി നേർത്ത നീല സാരിയിൽ അംഗലാവണ്യം മുഴുവൻ എടുത്തറിയിച്ചുകൊണ്ടു കാമിലി.. ചുണ്ടുകൾ രക്തവര്ണ ചാരുത നൽകിയ മുറുക്കാൻ തുപ്പൽ നീട്ടി തുപ്പികൊണ്ടവൾ ചോദിച്ചു .മറുപടിയൊന്നും പറഞ്ഞില്ല ചുമ്മാ അവളുടെ മുഖത്തേക്കും പിന്നിൽ അണയാൻ പോകുന്ന അരുണകിരണങ്ങളിലേക്കും കണ്ണുകൾ വെറുതെ പാറിപ്പറന്നു നടന്നു .
ആദ്യമേ ചോദിക്കണമെന്നുണ്ടായിരുന്നു എങ്ങനെ ഇവിടെ എത്തി? ആരാണ് രേണുക ?. വിശന്നുവലഞ്ഞെത്തുന്ന പുരുഷന്മാരിൽ നിന്നും താങ്കൾ വെത്യസതൻ ആണല്ലോ എന്താണ് പേര് ..എവിടെ നിന്ന് വരുന്നു?.
ഞാൻ കിഴക്കൻ മാന്ധ്രയിലെ നഗലൂർ ദേശവാസിയാണ് എന്റെ പേര് സാമന്ത് ശ്രീവൈഷ്ണവ. ഞാൻ തേടിയെത്തിയത് ഞാൻ നഷ്ടപ്പെടുത്തിയ എന്റെ ഹൃദയമാണ് രേണുക ഞാൻ കണ്ടതിൽ ഏറ്റവും നല്ലൊരു സ്ത്രീയും .
കമലു …ആ വിളികേട്ട് ഇരുവരും മുകളിലേക്ക് നോക്കി ..
മുകളിൽ പടിഞ്ഞാറെ രാജഗോപുരത്തിൽ ഉളകളന്ത പെരുമാളന്റെ പ്രതിമയിൽ തങ്ങളെ നോക്കി നിൽക്കുന്ന ഒരു സുന്ദരി.
‘എൻനവ .. ‘കൈക്രിയയോടൊപ്പം ചോദ്യവും കാമിലി അവിടെക്കെറിഞ്ഞു ..
ഉൻ കൂടെ യാരു ..!! നീ വരവില്ലായ ..ഭാനു അക്ക പോകിറെ, ഉച്ചത്തിൽ ആബുഗിഡ ഭാഷയിലുള്ള മറുപടിയും ചോദ്യം നിറഞ്ഞതായിരുന്നു .
‘ദേവരെ.. ദോ വരെ .. ‘ എന്നുപറഞ്ഞു കാമിലി തന്റെ കൈയും പിടിച്ചു ഓടി ..
വളഞ്ഞു പുളഞ്ഞു ചില ഇടനാഴികൾ പിന്നിട്ടു .. സാമന്തഗോപുരത്തിൽ എത്തുമ്പോൾ താഴെ.. ഭാനു അക്ക തയ്യാറാകുകയാണ് സാംഗ്ളിയിലേക്ക് പോകാന് ഒരു ലൈംഗികത്തൊഴിലാളിയായി. ഇനി മറ്റ് മാർഗ്ഗങ്ങൾ അവർക്കുമുമ്പിലില്ല. സാംഗ്ളിയിലേക്കുള്ള ബസ് എത്തുമ്പോഴേക്ക് ക്ഷേത്രത്തിലെ പല ദേവദാസികളും അവളെ യാത്രയയ്ക്കാനായെത്തി.പലരും എന്തൊക്കെയോ കൈമാറുന്നു. തങ്ങളുടെ ജീവിതത്തിൽ കടന്നു വന്ന പുരുഷന്മാർ പിതാവാരെന്ന് അറിയുവാൻ കഴിയാത്ത കുട്ടികൾക്കൊപ്പം നൽകിയ പാരിതോഷിതങ്ങൾ എവിടെനിന്നോ എത്തി തങ്ങളുടെ ഭാഗമായ സഹോദരിക്കായി നല്കുകയാണ് അവിടെ എത്തി ഒരു ചുവട് ഉറപ്പിക്കുംവരെ ജീവിക്കുവാനോ, തങ്ങളുടെ സ്മരണ നിലനിർത്തുവാനോ അങ്ങനെ എന്തിനോ ഉള്ള കാരണങ്ങളാൽ. ഒരുനാൾ തന്റെ രുക്മിണിയും ഇതുപോലൊരു നാളിനെ നേരിടേണ്ടി വരുമെന്നോർത്തപ്പോൾ അവന്റെ മനസ്സ് നീറി അറിയാതെ തന്റെ കൈയിൽ ഇരുന്ന കൈതലത്തെ ശക്തമായി അമർത്തിപോയി അപ്പോൾ .. ആശ്ചര്യത്തോടെ അതിലേറെ അമ്പരപ്പോടെ കാമിലി സാമന്തിന്റെ മുഖത്തേക്ക് നോക്കി.
അവൻ അപ്പോളും താഴേക്ക് നോക്കി നിൽക്കുകയാണ് തന്റെ കൈ വേദനിച്ചു എങ്കിലും കൈപിൻവലിക്കാൻ എന്തുകൊണ്ടോ അവൾ തുനിഞ്ഞില്ല. വിയർപ്പു തുള്ളികൾ സ്വരൂപിച്ചു നല്കിയ സമ്മാനപ്പൊതികളുമായി, മകന് ഗജാനനു ഒരു മുത്തം നൽകികൊണ്ട് പിന്തിരിഞ്ഞു എല്ലാവരെയും നോക്കി കൈവീശി ബസില് കയറി തിരിഞ്ഞുനോക്കാതെ പിന്സീറ്റിലൊരിടം തേടി അവള്. ബസ് അവളെയും പേറി മറഞ്ഞുകഴിയുംവരെ എല്ലാരും ആ ദിക്കിലേക്ക് നോക്കി കൈവീശിക്കൊണ്ടിരുന്നു ഒലിച്ചിറങ്ങിയ കണ്ണുനീർ ഒരുകൈകൊണ്ടു തൂത്തു കാമിലി അവനെ നോക്കി അവൻ അപ്പോളും ബസ് അവശേഷിപ്പിച്ച പൊടിപടലങ്ങൾ മണ്ണിൽ അമരുന്നതിലേക്കു ദൃഷ്ടി ഊന്നി അങ്ങനെ നിൽക്കുകയായിരുന്നു. പെട്ടന്ന് എന്തോ ഓർത്തപോലെ അവന്റെ കൈയും പിടിച്ചു വലിച്ചുകൊണ്ട് കാമിലി തിരിഞ്ഞോടി.
തുടരും ..