തന്റെ പ്രവർത്തികൾ തുടർന്നുകൊണ്ട് വശ്യമായ ഒരു കള്ളച്ചിരിയോടെ അവൾ ചോദിച്ചു ‘എന്തെ കൂടെ ഇരിക്കണോ’ . അവൻ മറുപടിയൊന്നും പറഞ്ഞില്ല.
വിരസമായ നിശബ്ദ നിമിഷങ്ങൾ കൊഴിഞ്ഞു വീണുകൊണ്ടിരുന്നു .നിർന്നിമേഷനായി തന്നെ നോക്കിയിരിക്കുന്ന സാമന്തിന്റെ കവിളിൽ ഒരു നുള്ളു നൽകി തോളിൽ നിന്ന് ഊർന്ന സാരിത്തലപ്പിനെ തോളിലേക് എടുത്തെറിഞ്ഞുകൊണ്ടവൾ അവനെ കടന്നു പോയി . ആ പോക്കിൽ അവളുടെ പിൻഭാഗ ചലനാത്മകതയിൽ നോക്കി ഇരിക്കെ പെണ്ണിനെ ദൈവത്തിന്റെ ദാസിയെന്ന പേരില് ആണിന്റെ വേശ്യയാക്കുന്ന വൃത്തികെട്ട വ്യഭിചാര സമ്പ്രദായങ്ങളെ ഏതു വിധത്തിൽ ചെറുത്തു തോൽപ്പിക്കുവാൻ കഴിയും തന്നെ പോലൊരു നിസ്സഹായനെന്ന് സമാന്തന് തോന്നി. ദൈവങ്ങളുടെ കാവല്ക്കാർ ഭരിക്കുന്ന അമ്പലങ്ങളും തെരുവിലെ ചുകുത്താന്റെ സന്തതികളായ കഴുകന്മാരും ഒരു പോലെത്തന്നെയാണ്. എല്ലാവർക്കും വേണ്ടത് അൽപ്പനേരം കൊത്തിവലിക്കാൻ അവരുടെ മാംസത്തിലെ മുഴുപ്പ് തുടിപ്പുകൾ മാത്രം, ലൈംഗികതയെ തമസ്കരിക്കുന്നവരും വേശ്യാവൃത്തിയെ മതവല്ക്കരിക്കുന്നവരുമെല്ലാം മനുഷ്യനിർമിതമായ ആശയങ്ങളെ ദൈവികവല്ക്കരിക്കുന്നവർ മാത്രമാണ്.
മതം ആണിനു വേണ്ടിയോ പെണ്ണിനു വേണ്ടിയോ അല്ലെന്നും മനുഷ്യകുലത്തിന്റെ മുഴുവൻ നന്മയ്ക്കു വേണ്ടിയാണെന്നും മനസ്സിലാക്കാൻ മടിക്കുന്നവർ യഥാർത്ഥ കല്പനകൾ തിരസ്കരിക്കുന്നിടത്തോളം കാലം ആണു മാറുമെന്നോ പെണ്ണിന്റെ അവസ്ഥ മാറ്റപെടുമെന്നോ.. അതിലൂടെ സ്വപ്നം കണ്ട ജീവിതം കൊതിതീരെ ജീവിച്ചു തീർക്കാമെന്നും ഉള്ള സ്വപ്നം പോലും തന്നെ പോലുള്ളവർക്ക് വിദൂരമാണെന്നതു അവൻ ഓർത്തുപോയി. പ്രകൃതിയിലെ ഏറ്റവും സ്വാഭാവികമായ വികാരമാണ് സ്നേഹം. ഒരു വ്യക്തിക്ക് സ്നേഹിക്കാനെനെന്തെങ്കിലും വേണം, ജീവിതത്തെ ഒരടിമയെപ്പോലെ നാശകരമായ വിധത്തിൽ ബന്ധിക്കാൻ ഒരിടം. സ്നേഹം കൊണ്ട് മാത്രമേ ആരേയും അസ്വതന്ത്രനാക്കാൻ ഒരാൾക്കു കഴിയൂ.. അതായിരുന്നു തനിക് അവൾ പക്ഷെ തന്റെ പ്രതികരണശേഷി നഷ്ടമാക്കികളഞ്ഞു ഒരു പക്ഷെ അവളുയർത്തിയപോലൊരു ചെറിയ പ്രതികരണം ഉയർത്തിരുന്നുവെങ്കിൽ ഇന്ന് തന്നോടൊപ്പം തന്റെ മാറിൽ ചേർന്ന് മായങ്ങുമായിരുന്ന പുണ്യം .
ആകാശത്തു ചുണ്ണാമ്പ് കക്കകൾ നീറിക്കിടക്കുന്നത് നോക്കി നിൽക്കെ സാമന്തൻ ഓർക്കുകയായിരുന്നു താനിവിടെ എത്തിപെട്ടിട്ടു ചിലദിവസങ്ങൾ കൊഴിഞ്ഞു പോയിരിക്കുന്നു ക്ഷിണമകന്നു അത്യാവശ്യം ആരോഗ്യമൊക്കെ കൈവന്നിരിക്കുന്നു തനിക്ക് ഇപ്പോൾ. അവൾ എവിടെ എന്ന് കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല തനിക്കിതുവരെയും .തിരയുവാൻ ഇനിയും ഇവിടെ സ്ഥലങ്ങൾ ബാക്കി നിൽക്കുന്നുണ്ടാവുമോ !!