10 ; 55 ആയപ്പോഴേക്കും ടെമ്പോ ട്രാവല്ലറിൽ വന്നയാൾ അതിന്റെ ചാവി ലൂക്കയ്ക്ക് കൈമാറ്റം ചെയ്തതും ആരോ തങ്ങളുടെ കാറിന്റെ ഗ്ലാസ്സിൽ മുട്ടിയതും ഒരുമിച്ചായിരുന്നു.
പുറത്തേക്കിറങ്ങാൻ ആംഗ്യം കാണിച്ചുകൊണ്ട് അയാൾ ആരൊക്കെയോ കൈനീട്ടി വിളിച്ചു.
“അർജ്ജു..”
ഭയത്തോടെ ആര്യവിളിച്ചു.
ഉടനെ അർജ്ജുൻ താനിട്ടിരിക്കുന്ന ബനിയൻ ഊരിമാറ്റി.
“നീയെന്തായികാണിക്കുന്നെ,?”
“ആര്യ നീ ഷർട്ടിന്റെ രണ്ട് ബട്ടൻസും, മുടിയും അഴിച്ചിട് വേഗം.”
ആര്യ ബട്ടൻസ് അഴിച്ചയുടൻ അർജ്ജുൻ അവളെ തന്നിലേക്ക് ചേർത്തുപിടിച്ചു.
നിമിഷനേരംകൊണ്ട് ഒരു സ്‌കോർപിയോ വളരെ വേഗത്തിൽവന്ന് അർജ്ജുവിന്റെ കാറിന് സമാന്തരമായി സഡൻബ്രേക്കിട്ട് വന്നുനിന്നു. ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ അവർ കണ്ടത് കാറിനുള്ളിൽ അർജ്ജുവും ആര്യയും പരസ്പരം കെട്ടിപിടിച്ചിരിക്കുന്നതായിരുന്നു.
ഗ്ലാസിൽ മുട്ടിയയുടൻ അർജ്ജുൻ കാറിന്റെ ഗ്ലാസ് അല്പം താഴ്ത്തി.
“ന്തുട്ടാണ്ടാ, വീടോ, കുടിയോ ഒന്നുല്ല്യേ. നടുറോഡിൽ കിടന്നിട്ടാണോ ഇമ്മാരി പണി ചെയ്യണേ?”
അകത്തേക്ക് തലയിട്ട് അയാൾ ചോദിച്ചു.
“സോറി ചേട്ടാ..”
അർജ്ജുൻ കൈകൾ കൂപ്പികൊണ്ടു പറഞ്ഞു.
“എടുത്തോണ്ട് പോടാ”
മുന്നിൽ കിടക്കുന്ന സ്‌കോർപിയോ റിവേഴ്‌സ് എടുത്ത് അവർക്ക് പോകാനുള്ള വഴിയൊരുക്കി അർജ്ജുൻ കാർ സ്റ്റാർട്ട് ചെയ്ത് യൂ ടേൺ ചെയ്ത് അല്പം മുന്നോട്ട് എടുത്തപ്പോഴായിരുന്നു കാറിന്റെ പിന്നിലുള്ള ചാനൽ ബി യുടെ പേരും ലോഗോയും അവർ ശ്രദ്ധിച്ചത്.
“അണ്ണാ, മീഡിയ.”
അതിലൊരാൾ ഉറക്കെ വിളിച്ചുപറഞ്ഞു.
ഉടനെ അയാൾ കൈയ്യിലുള്ള പിസ്റ്റൺ ഉപയോഗിച്ച് കാറിന്റെ ബാക്കിലെ ടയറിനെ ലക്ഷ്യമാക്കി വെടിവച്ചു.