ഇടക്കിടക്ക് പൈസ മോഷണം പോകുന്നത് പതിവായി. ഒരു ദിവസം അതുല്യക്ക് കൊടുത്ത അയ്യായിരംരൂപ നീനയുടെ ബാഗിനിന്നും കിട്ടി. ആദ്യം വിസമ്മതിച്ചു. പിന്നീട് അവളുടെ ചേച്ചിയെ വിവരം അറിയിച്ചു. ചേച്ചി വന്നു ഞങ്ങൾ കാര്യങ്ങൾ അവരോട് പറഞ്ഞു. അവസാനം അവൾ സമ്മതിച്ചു. അവളാണ് പൈസ എടുത്തത് എന്ന്.”
“ഈ അയ്യായിരം അതുല്യയുടെയാണെന്ന് എങ്ങനെ മനസിലായി.നോട്ടിന്റെ സീരിയൽ നമ്പർ നിങ്ങൾ നോട്ട് ചെയ്തിരുന്നോ? ഈ അയ്യായിരം അവൾക്ക് വേറെ ആരെങ്കിലും കൊടുത്തതായികൂടെ .?”
അനസ് ചോദിച്ചു.
“സർ, അയ്യായിരം രൂപയും ഒരു ബില്ലുംകൂടെ റബർബാന്റ് ഇട്ടുവച്ചതായിരുന്നു. അതോടുകൂടെയാണ് അതുല്യക്ക് നീനയുടെ ബാഗിൽനിന്നും കിട്ടിയത്. അങ്ങനെയായതുകൊണ്ടാണ് ഞങ്ങൾക്ക് മനസിലായത്. ഇല്ലങ്കിൽ ഇന്നും തിരിച്ചറിയില്ലായിരുന്നു. അവളുടെ അപ്പന് ഡയമണ്ട് ബിസ്നെസാണ്. അത്യാവശ്യം ചുറ്റുപാടുള്ള അവൾ എന്തിനാ പൈസ മോഷ്ടിച്ചതെന്ന് എത്ര ആലോചിച്ചിട്ടും മനസിലായില്ല. സർ ഇത് വീട്ടിൽ അറിഞ്ഞാൽ ഹോസ്റ്റൽ ഫീ അടക്കാൻതന്ന പൈസയെവിടെ എന്നചോദ്യം വരും അതുപേടിച്ചിട്ടാണ് അതുല്യ പറയരുതെന്നുപറഞ്ഞത്.”
“എന്നിട്ട് അവൾ ആ പണം എന്തുചെയ്തു?”
അനസ് ചോദിച്ചു.
“സർ, അവൾക്കൊരു ബോയ്ഫ്രണ്ട് ഉണ്ട്. അവന്റെ ഒരാവശ്യത്തിന് കൊടുത്തതാ”
“ജിനു ഈ സുധിയെ കണ്ടിട്ടുണ്ടോ.?”
ഇടത്തുകാലിന്റെ മുകളിലേക്ക് വലതുകാൽ കയറ്റിവച്ചുകൊണ്ട് രഞ്ജൻ ചോദിച്ചു.
“ഇല്ല സർ, പറഞ്ഞുകേട്ട അറിവാണ്.”
“നീന, ഫോൺ വിളിക്കുന്നതിനും മറ്റും ഹോസ്റ്റലിൽ അധിക സമയം ചിലവഴിക്കുന്നത് എവിടെയാണ്.? റൂമിലാണോ അതോ പുറത്തോ?”
ശ്രീജിത്ത് ചോദിച്ചു.
“അവളുടെയടുത്തേക്ക് ആരെങ്കിലും വന്നാൽ ഫോൺ അപ്പൊൾതന്നെ കട്ട് ചെയ്യും സർ, നീന ഹോസ്റ്റലിലെ സെക്കന്റ് ഫ്ളോറിൽ നിന്നുകൊണ്ട് ഫോണിൽ ഇടക്ക് സംസാരിക്കുന്നത് കാണാം”
അല്പസമയം ആലോചിച്ചു നിന്നുകൊണ്ട് ജിനു പറഞ്ഞു.
“ഓക്കെ, ജിനു. താങ്ക് യൂ.”രഞ്ജൻ സോഫയിൽ നിന്നും എഴുന്നേറ്റു.