“സർ,”
ശ്രീജിത്ത് തന്റെ ഫോണെടുത്ത് അതുല്യ ജിനുവിന് വിളിച്ചുസംസാരിച്ച ശബ്ദരേഖ മൊബൈലിൽ നിന്നും കേൾപ്പിച്ചു.
“ജിനു, ഇന്ന് മൂന്നുപോലീസുകാർ വന്നിരുന്നു. നീനയുടെ മരണവുമായി എന്തെങ്കിലും അറിയാമോയെന്ന് ചോദിച്ചു.
ആത്മഹത്യക്ക് സാധ്യതകുറവാണ് എന്നാ അവർ പറയുന്നേ. സുധി. ഇനി അവൻ ആണോ? മറ്റേ കാര്യം ഞാൻ പറഞ്ഞില്ല. അഥവാ പറഞ്ഞാൽ ഉറപ്പായും വീട്ടിൽ അറിയും, അപ്പൊ ആകെ പ്രശ്നമാവും. ജിനു, നിന്റെ അടുത്ത് വൈകാതെ അവരെത്തും നീയും ആ കാര്യം പറയരുത്.”
ശബ്ദരേഖ നിറുത്തി. രഞ്ജൻ ജിനുവിനെ നോക്കി.
“ഇപ്പൊ എന്തുപറയുന്നു ജിനു.?”
“സർ, അത്…”
“സീ,ജിനു. നമ്മൾ ഒരുകള്ളം പറഞ്ഞാൽ അതിനെ മറച്ചുവെക്കാൻ നൂറുകള്ളങ്ങൾ പിന്നെയും പിന്നെയും പറയും. അവസാനം പല ബന്ധങ്ങളും കൈവിട്ടുപോകുമ്പോഴായിരിക്കും ചിന്തിക്കുക ഒന്നും വേണ്ടായിരുന്നു എന്ന്.”
“സോറി, സർ.” ശിരസ് താഴ്ത്തിക്കൊണ്ട് അവൾ പറഞ്ഞു.
“ഇറ്റ്സ് ഓക്കെ. എന്താണ് ആ കാര്യം.”
രഞ്ജൻ ചോദിച്ചു.
“സർ അതുല്യ ട്രെയിനിയായിട്ടാണ് ജോലിചെയ്യുന്നത്. അവിടെ സാലറി വളരെ കുറവാണ്. ചിലപ്പോൾ വീട്ടിൽനിന്നായിരിക്കും ഹോസ്റ്റൽ ഫീ അടക്കാനുള്ള പൈസ കൊടുക്കുക.
നാല് മാസം മുൻപ് എന്റെ കൈയ്യിൽ നിന്നും ഹോസ്റ്റൽ ഫീസ് അടക്കാൻ അയ്യായിരം രൂപ വാങ്ങിച്ചിരുന്നു. അതേമാസം ഫീ അടക്കാൻ വീട്ടിൽനിന്നും പൈസ കൊടുത്തു. പക്ഷെ അവൾ മറ്റെന്തോ ആവശ്യത്തിന് ആ പൈസ എടുത്തതുകൊണ്ടായിരുന്നു എന്നോട് ചോദിച്ചത്. രാവിലെതന്നെ ഞാൻ പൈസകൊടുത്തു അവൾ അതുമായി ഓഫീസിലേക്ക് പോയി.വൈകുന്നേരം തിരിച്ചുവന്നപ്പോൾ ഞാൻ കൊടുത്ത അയ്യായിരം കളഞ്ഞുപോയിയെന്ന് എന്നോട് പറഞ്ഞു. പക്ഷെ അവൾക്കത് ബാഗിൽ വച്ചതായി നല്ല ഓർമ്മയുണ്ട്. പിന്നീട് അത് പുറത്തേക്ക് എടുത്തില്ലന്നു പറഞ്ഞു.”
“എന്നിട്ട്.”രഞ്ജൻ ചോദിച്ചു.