The Shadows Part 7 by Vinu Vineesh
Previous Parts
പറഞ്ഞു മുഴുവനാക്കാതെ അർജ്ജുൻ അവളെ കഴുത്തിലേക്ക് കൈകളിട്ട് തന്നിലേക്ക് ചേർത്തിരുത്തി.
കണ്ണുകൾ പരസ്പരം ഇമവെട്ടാതെ ഉടക്കിനിന്നു. അധരങ്ങൾ ചുടു ചുംബനത്തിനായി വെമ്പൽകൊണ്ടു.
അർജ്ജുൻ പതിയെ അവളെ കിടക്കയിലേക്ക് തള്ളിയിട്ടു. വിറയൽകൊള്ളുന്ന ചുണ്ടുകളെ അമർത്തി ചുംബിക്കുമ്പോഴായിരുന്നു കട്ടിലിൽ കിടന്ന അവന്റെ മൊബൈൽഫോൺ ശബ്ദിക്കാൻ തുടങ്ങിയത്.
“ഓഹ്, നശിച്ച ഫോൺ.”
കലിതുള്ളി അർജ്ജുൻ ഫോണെടുത്തതും മറുവശത്തുനിന്ന് ആര്യ പറഞ്ഞു.
“എടാ, നീ പെട്ടന്ന് സ്റ്റുഡിയോയിലേക്കുവാ ഒരു ന്യൂസ് കവർചെയ്യാനുണ്ട്.”
അത്രയും പറഞ്ഞുകൊണ്ട് ആര്യ ഫോൺ വച്ചു. ഉടനെ അർജ്ജുൻ വൈഗയുടെ നേരെ തിരിഞ്ഞു.
“ജോലിയാണ് മോളെ, പോണം.”
താൽപ്പര്യമില്ലാതെ അർജ്ജുൻ കിടക്കയിൽനിന്നും എഴുന്നേറ്റതും വൈഗ അവനെപിടിച്ചു വീണ്ടും തന്നിലേക്ക് വലിച്ചിട്ടു.
“വേഗം എന്റെ വീട്ടിൽ പറഞ്ഞോളൂ ഞാനിവിടെയുണ്ടെന്ന്. ഇല്ലങ്കിൽ അടുത്ത പോലീസ്കേസ് പിന്നാലെ വരും.”
വൈഗയുടെ ചുടുശ്വാസം അവന്റെ അധരങ്ങളിൽ സ്പർശിച്ചപ്പോൾ അവളുടെ നെറുകയിൽ ഒരു ചുംബനം ചാലിച്ച് അർജ്ജുൻ പതിയെ എഴുന്നേറ്റു.
“ഞാൻവിളിച്ചു പറഞ്ഞോളാം”
വൈകാതെ അർജ്ജുൻ വസ്ത്രംമാറി ബൈക്കെടുത്ത് സ്റ്റുഡിയോയിലേക്കുപോയി.
××××××××××
ഉച്ചയാകാറായപ്പോഴേക്കും രഞ്ജൻഫിലിപ്പും സംഘവും വയനാട് ചുരത്തിന് താഴെയത്തി. അടുത്തുകണ്ട ചെറിയ തട്ടുകടയിൽ നിന്ന് രണ്ടുകുപ്പി കുടിവെള്ളം വാങ്ങി ചുരം കയറാൻതുടങ്ങി.
തിരുവനന്തപുരത്തുകാരനായ ശ്രീജിത്ത് രണ്ടാംതവണയായിരുന്നു വയനാട് ചുരംകയറുന്നത്. പ്രകൃതി ആസ്വദിക്കുന്ന ഒരാളാണ് ശ്രീജിത്ത് എന്ന് അയാളുടെ മുഖത്തുനിന്നും വായിച്ചെടുക്കാൻ രഞ്ജനും അനസിനും കഴിഞ്ഞിരുന്നു.
മഹാരാഷ്ട്ര റെജിസ്ട്രേഷനിലുള്ള ഒരു ചരക്കുലോറി മുന്നിൽകിടന്ന് ഉരുണ്ടുകളിക്കുന്നതുകൊണ്ട് തേർഡ് ഗിയറിൽ വലിമുട്ടിയപ്പോൾ സെക്കന്റിലേക്ക് ഗിയർമാറ്റി ലോറിയെ മറികടന്ന് കാർ മുന്നോട്ടുകുതിച്ചു.