ശിവശക്തി 11 [ പ്രണയരാജ] 341

നാടു വിട്ടു പോവുക എന്നത് അസാധ്യം, അതിനു ശ്രമിച്ചവർ ആരും ഇന്നു ജീവനോടില്ല.  മേലേടത്ത് ഭട്ടത്തിരിപ്പാട് പറഞ്ഞ പ്രകാരം, അവർ കാത്തിരിക്കുകയാണ് അവരുടെ രക്ഷകൻ്റെ വരവിനായി .
സൂര്യ തേജോമയനായ യുവാവ്, കിഴക്കു നിന്ന് വരും. അവൻ്റെ മുഖം ദർശന മാത്രയിൽ സങ്കടങ്ങൾ മായ്ക്കുന്നതായി തോന്നും, പ്രകൃതി അവനെ വരവേൽക്കും ഈ മണ്ണിലേക്ക്. അവൻ്റെ കാലടി ഈ മണ്ണിൽ പതിക്കുമ്പോ.. കരിയൻ്റെ അലമുറ നിങ്ങൾക്കു കേൾക്കാം.
ആ വാക്കുകളാണ് അവരുടെ പ്രതീക്ഷ, അവൻ്റെ വരവിനായി ഇന്നും അവർ കാത്തിരിക്കുന്നു. കരിയൻ ആ രൂപം കണ്ട ആരും പിന്നീടൊരിക്കലും മറക്കില്ല. ഒരിക്കൽ കൂടി കാണാൻ പോലും ആഗ്രഹിക്കില്ല. രാത്രിയിൽ ഒരു ദുസ്വപ്നം പോലെ ആ രൂപം വേട്ടയാടും.
?????
കാളി ഇന്ന് ഏറെ ദുഖിതനാണ്, അവൻ ഇന്നു രാവിലെ തന്നെ തൻ്റെ മദ്യസേവ തുടങ്ങി. മദ്യം കുടിക്കുമ്പോഴും അവൻ്റെ മിഴികൾ നിറഞ്ഞൊഴുകുകയാണ്. ഉള്ളിൽ മദ്യലഹരിയും ദുഖവും പരസ്പരം മാറ്റു നോക്കുകയാണ്.
ഈ സമയം വാതിൽക്കൽ നിന്നും ഒരു കുഞ്ഞു തല എത്തി നോക്കി. ആ മുഖം കണ്ടതും ചെറിയ പുഞ്ചിരിയോടെ കാളി കൈ കൊണ്ട് മാടി വിളിച്ചു. അതു കണ്ടതും അപ്പു വേഗം , കാളിക്കരികിലേക്കോടി ചെന്നു. കാളിയുടെ മുഖത്തേക്കു നോക്കി പുഞ്ചിരി തൂകി.
കാളി വെച്ചിരിരുന്ന പാത്രത്തിലെ മിച്ചർ വാരി വായിലിട്ട ശേഷം അപ്പു കൈ കൊട്ടി പുഞ്ചിരിച്ചു. വീണ്ടും അവൻ മിച്ചറു വാരി വായിലിട്ടു, കൈ കൊട്ടി ചിരിച്ചു. അതു കണ്ടതും കാളിയും പുഞ്ചിരി തൂകി.
കാളി അപ്പുവിനെ വാരിയെടുത്ത് തൻ്റെ മടിയിലിരുത്തി, അവൻ്റെ കവിളിൽ തുടരെ തുടരെ മുത്തം കൊടുത്തു.
ശിവാ…..
ഈ സമൂഹം തന്നെ ചവറ്റു കുട്ടയാടാ… മോനെ
ആർക്കും നല്ലത് ചെയ്യാൻ പോവരുത് , നാളെ അവരു തള്ളിപ്പറയുമ്പോ….. നിനക്ക് താങ്ങാനാവില്ല.
നീ… നിന്നെ മാത്രം സ്നേഹിക്കാ.. നിന്നെ മാത്രം സഹായിക്കാ…. ആരോടും ഒരു ബന്ധവും വേണ്ട.
നിനക്ക് ഞാനുണ്ട്, പിന്നെ പിന്നെ നിൻ്റെ ചേച്ചിയും
നമുക്ക് നമ്മൾ മാത്രം മനസിലായോ….
പെണ്ണ് മാത്രേ….ചതിക്കു എന്നാ കരുതിയെ, …..
തെറ്റി എനിക്കു തെറ്റി…..
സമൂഹം അതു അതിലും വലിയ ദുഷ്ടനാ….
ശിവാ…. നീ പെണ്ണിനേയും, സമൂഹത്തേയും വെറുക്കണം മോനെ….
പെണ്ണും സമൂഹവും ചതിക്കും…….
നീ… എനിയെന്തൊക്കെ അറിയാനുള്ളതാ… അതാ… അച്ഛൻ പറഞ്ഞു തരുന്നേ…..
എൻ്റെ ശിവ ഒരിക്കലും, എല്ലാം നശിച്ച്, എന്നെ പോലെ കുടിച്ച് ജീവിതം കളയരുത്
പെണ്ണ് അവൾ ചതിക്കും…..
സമൂഹം വഞ്ചിക്കും…..
സൗന്ദര്യം പെണ്ണിൻ്റെ ആയുധം
കുറ്റങ്ങൾ ആരോപിക്കൽ സമുഹത്തിൻ്റെ ആയുധം
കാമം പുരുഷൻ്റെ ബലഹീനത, പെണ്ണിൻ്റെ ശക്തിയും
സമൂഹത്തോടുള്ള ഭയം നമ്മുടെ ബലഹീനത അതാണ് സമൂഹത്തിൻ്റെ ശക്തി.
ഇത്രയും പറഞ്ഞു കൊണ്ട് കാളിയുടെ ബോധം മറഞ്ഞു പോയി, അവനെ തന്നെ നോക്കി, അപ്പു അവിടെ നിൽക്കുകയാണ്.