ശിവശക്തി 11 [ പ്രണയരാജ] 341

രഹസ്യ വനത്തിനകം അതിതീവ്രമായ പ്രകാശത്താൽ വർണ്ണിതമായി. അടുത്ത നിമിഷം, നാഗങ്ങൾ കാടിൻ്റെ ഉള്ളകത്തേക്ക് ഇഴഞ്ഞു നീങ്ങി. ആ കാഴ്ച്ച ദൂരെ നിന്നും കാലകേയഭടൻ  കരംങ്കമാരൻ കാണുന്നുണ്ടായിരുന്നു.
അവൻ്റെ മിഴികൾ തിളങ്ങുകയാണ്. അമൂല്യമായ ആ ആയുധത്തിനായി അവൻ്റെ ഉള്ളം വിതുമ്പുകയാണ്. രഹസ്യവനത്തിൻ്റെ കവാടം തുറന്നിരിക്കുകയാണ്. കവാടം വഴി നാഗങ്ങൾ പോകുന്നു. അവരെ പിന്തുടർന്ന് തനിക്കും വനത്തിൽ പ്രവേശിക്കാം എന്ന പ്രതീക്ഷയൽ അതി വേഗം അവൻ വനത്തിലേക്ക് ഓടിയടുക്കുകയാണ്.
വനാതിർത്തിയിൽ എത്തിയതും അവൻ്റെ ഉള്ളം അതിശക്തമായി തുടിക്കുകയായിരുന്നു . ഉള്ളിൽ ഭയവും, പ്രതിക്ഷയും ഒരുപോലെ നിഴലിക്കുന്ന കരംങ്കമാരൻ, തൻ്റെ കാലുകൾ അതിർത്തി കടക്കാനായി ഉള്ളിലേക്കു വെച്ചതും ഉയർന്നു വന്നു. അഗ്നിയാൽ തീരത്ത വേലി.
ആ തീച്ചൂളയിൽ കരംങ്കമാരൻ്റെ കാൽ ദഹിച്ച് പോയി, വേദനയിൽ പുളത്ത് കൊണ്ട് പുറം തിരിഞ്ഞവൻ വീണു കിടന്നലറി വിളിച്ചു. അവൻ്റെ അലമുറ കേട്ടു വന്നു നോക്കിയ, കാലകേയ ഭടൻമാർ ഭയന്ന നിമിഷം. ഒരു കാലിൻ്റെ  ഭാഗം പൂർണ്ണമായി ദഹിച്ച്, അസ്ഥി കാണുന്ന പരുവമായ അവനെ ഭയത്തോടെ നോക്കി നിന്നു.
?????
മാലാഖേ……
എന്താ…. മീനാക്ഷി
അച്ഛൻ വന്നില്ലല്ലോ…. മാലാഖേ….
മീനാക്ഷി…. അച്ഛൻ എന്താ വരാത്തേന്നറിയില്ല, മോളെ
അച്ഛൻ വരൂലേ…. മാലാഖേ….
അതും പറഞ്ഞ് മീനാക്ഷി പൊട്ടിക്കരയാൻ തുടങ്ങി. ആമി, പതിയെ അവളെ വാരിപ്പുണർന്നു.
അച്ഛൻ വന്നില്ലേ… മാലാഖയില്ലേ… മീനാക്ഷിക്ക്
മാലാഖേ….
എന്നു വിളിച്ചു കൊണ്ട് അവളും ആമിയെ കെട്ടിപ്പിടിച്ചു.
മീനാക്ഷി ദേ… അങ്ങോട്ടു നോക്കിയെ….
മാലാഖ ചൂണ്ടിക്കാട്ടിയ ഇടത്തേക്ക് അവൾ നോക്കി, അവളുടെ മിഴികൾ തിളക്കമേറിയതായിരുന്നു. ആ കാഴ്ച്ചകളിൽ അവൾ മുഴുകി നിന്നു. അവൾ വേഗം അവിടേക്കോടി .
മിന്നാമിനുങ്ങൾ വരി വരിയായി, പല രൂപത്തിത്തിൽ അവൾക്കു ചുറ്റും പാറി നടക്കുകയാണ്. ആ നുറുങ്ങു വെട്ടം തീർത്ത അത്ഭുതവും, സന്തോഷവും അച്ഛനെന്ന സത്യത്തെ അവളുടെ ചിന്തയിൽ നിന്നകറ്റി .  തനിക്കു ചുറ്റും നിറഞ്ഞു നിൽക്കുന്ന മായിക കാഴ്ച്ചകളിൽ അവൾ സ്വയം മറന്ന് കളിച്ചു രസിക്കുകയാണ്.

തൻ്റെ കുഞ്ഞു കൈകളിൽ മിന്നാമിനുങ്ങിനെ വാരിപ്പിടിച്ചും , ഊതിപ്പറത്തിയും അവൾ കളിക്കുകയാണ്. ഇന്നവൾ സന്തുഷ്ടയാണ് മറ്റാരെക്കാളും. അവളുടെ സന്തോഷം ദൂരെ നിന്നും കാണുന്ന ആമിയുടെ മിഴികൾ രക്തവർണ്ണമായി. അവളുടെ തേറ്റപ്പല്ലുകൾ പുറത്തിട്ട് മീനാക്ഷിയെ തന്നെ നോക്കി നിന്നു.
?????
ലാവണ്യപുരത്തെ കാലോരത്തിനരികിലെ വലിയ പാറ നിരകൾക്കിടയിലെ ചെറിയ ഇടുക്കിൽ നിന്നും ഒരു സ്ത്രീയുടെ കരച്ചിൽ കേൾക്കാം. വിരഹ വേദന തളം കെട്ടിയ ആ സ്വരവീചികൾ ശ്രവണമാത്രയിൽ തന്നെ ദുഖം പകരും.
മയൂരി നീയൊന്ന് കരയാതെ നിക്ക്
പ്രായം ചെന്ന ഒരു സ്ത്രീയുടെ ശബ്ദം കേട്ടതും മയൂരി പറഞ്ഞു.
എങ്ങനെ കരയാതിരിക്കും മുത്താരിയമ്മേ… കണവൻ എവിടെ പോയെന്നറിയില്ല, എൻ്റെ കൊച്ചിനെന്തു പറ്റി എന്നുമറിയില്ല.
എടി, അവൻ മീൻ പിടിക്കാൻ പോയത് ചരുത കണ്ടെന്നു പറഞ്ഞില്ലെ, കൊച്ചിനെ അവൻ കൊണ്ടു പോയതായിരിക്കും.
ഉറപ്പില്ലല്ലോ മുത്താരിയമ്മേ…. എൻ്റെ മോൾ മീനാക്ഷി, അവളില്ലെ ഞാൻ
നിയൊന്നടങ്ങു പെണ്ണേ…. കാലകേയര് നിൻ്റെ കരച്ചിൽ കേട്ട് വന്നാ… ഇവിടുള്ള ഒളിച്ചു താമസവും അവസാനിക്കും . നീ ആ കൊച്ചുങ്ങളുടെ മുഖത്തേക്കു നോക്കിയെ…
മയൂരി അവരുടെ എല്ലാം മുഖത്തേക്കു നോക്കി. അവൾക്കു തന്നെ തോന്നി തൻ്റെ മകൾ നഷ്ടമായതിന് താൻ അലമുറയിട്ടു കരഞ്ഞാൽ ഈ കുഞ്ഞുങ്ങളുടെയും അഭയസ്ഥാനം ഇല്ലാതാവുമെന്ന്. അവൾ സ്വന്തം വാ… പൊത്തിപ്പിടിച്ച്  കരയാൻ തുടങ്ങി.