രക്തരക്ഷസ്സ് 10 49

നാഗം അപ്പോഴും അവരെ നോക്കി ചീറ്റിക്കൊണ്ടിരുന്നു.

ഹൈ.ഇതിപ്പോ ന്താ ചെയ്യാ.ന്റെ മേൽമുണ്ട് ഇല്ല്യാണ്ട് ഞാൻ പോവില്ല്യ.

മ്മ്മ് അപ്പോ പിന്നെ ഇവനെ അങ്ങട് എടുക്കാം.ല്ലേ ദേവാ.തന്ത്രി ദേവനെ നോക്കി ചിരിച്ചു കൊണ്ട് ചോദിച്ചു.

ഉത്തരമില്ലാതെ പകച്ചു നിന്നു ദേവദത്തൻ.തന്ത്രികൾ ചെറു ചിരിയോടെ ആ ഉഗ്രസർപ്പത്തെ കടന്നു പിടിച്ചു.

കരിനാഗം തന്ത്രിയുടെ കൈയ്യിൽ കിടന്ന് ചീറ്റി പിടഞ്ഞു.അദ്ദേഹം അതിന്റെ നടുവിൽ പിടിച്ചു അന്തരീക്ഷത്തിൽ ഒന്ന് കുടഞ്ഞിട്ട് തോളിലേക്കിട്ടു.

ദേവദത്തന് തന്റെ കണ്ണുകളെ വിശ്വസിക്കാൻ സാധിച്ചില്ല.

ഉഗ്രവിഷമുള്ള കരിനാഗം തന്ത്രിയുടെ തോളിൽ നിന്നും ഊർന്ന് വീണ മേൽമുണ്ടായി മാറിയിരിക്കുന്നു.

യാതൊരു ഭാവഭേദവും കൂടാതെ ഇല്ലത്തേക്ക് നടന്നു ആ മഹാ മാന്ത്രികൻ.

കൺ മുൻപിൽ കണ്ടത് സത്യമോ മിഥ്യയോ എന്നറിയാതെ ദേവദത്തൻ തന്ത്രിയെ അനുഗമിച്ചു.

ഇടയ്ക്കിടെ അയാൾ അൽപ്പം ഭയത്തോടെ തന്ത്രിയുടെ മേൽമുണ്ടിലേക്ക് നോക്കിക്കൊണ്ടിരുന്നു.

നടക്കും വഴി മംഗലത്ത് തറവാട്ടിൽ ഉണ്ടായ അനിഷ്ട സംഭവങ്ങളും ദേവകിയമ്മയുടെ പടുമരണവുമൊക്കെ തന്ത്രികൾ ദേവനെ അറിയിച്ചു.

അപ്പോൾ ഇനി….. ദേവദത്തൻ പകുതിക്ക് നിർത്തി.ആ.വരട്ടെ നോക്കാം. ശ്രീപാർവ്വതി അതീവ ശക്തിശാലിയാണ്.

അപ്പോൾ ഉണ്ണിത്തിരുമേനിക്ക് അവൾ എന്തെങ്കിലും ഉപദ്രവം വരുത്തുമോ.ദേവന്റെ സന്ദേഹം വർദ്ധിച്ചു.

ഒരിക്കലുമില്ല.ഉണ്ണിയെ എന്നല്ല എന്നെയോ തന്നെയോ ഉപദ്രവിക്കണം എന്ന് അവൾക്കില്ല.

ഇനിയിപ്പോ അങ്ങനെയുണ്ടെങ്കിലും അവൾക്കതിനുള്ള ശക്തിയുമില്ല.ഇനിയാരെയും കൊല്ലാൻ അവളെ അനുവദിക്കില്ല.

തന്ത്രികൾ അത് പറഞ്ഞതും ഒരു പല്ലി എങ്ങു നിന്നോ അവർക്ക് മുൻപിലേക്ക് വീണു.

തന്ത്രിയുടെ മുഖം വലിഞ്ഞു മുറുകി.താഴെ വീണ പല്ലി തെക്കേ തൊടിയിലേക്ക് പാഞ്ഞു പോകുന്നത് അദ്ദേഹം ശ്രദ്ധിച്ചു.

അമ്മേ ദേവീ അടിയന് നാവ് പിഴ വന്നുവോ. എന്തെ ഇപ്പോൾ ഇങ്ങനൊരു ദുർനിമിത്തം.

അയാൾ മുകളിലേക്ക് നോക്കി കണ്ണടച്ചു.ശേഷം കണ്ണ് തുറന്ന് ദേവനോട് പത്തായപ്പുരയിലേക്ക് മടങ്ങിക്കൊള്ളാൻ അറിയിച്ചു.

ദേവദത്തൻ പത്തായപ്പുരയുടെ അകത്ത് പ്രവേശിച്ച ശേഷമാണ് തന്ത്രി ഇല്ലത്തിലേക്ക് മടങ്ങിയത്.

പൂമുഖത്തേക്ക് കാൽ എടുത്ത് വയ്ക്കാൻ തുടങ്ങിയിട്ട് അദ്ദേഹം അവിടെ നിന്നു.

പിന്നിൽ ഒരു കാൽപ്പെരുമാറ്റം.മ്മ്മ്. ദേഹശുദ്ധി വരുത്തിയിട്ട് അകത്തേക്ക് വന്നോളൂ.തന്ത്രി തിരിഞ്ഞു നോക്കാതെ പറഞ്ഞു.

കാൽപ്പെരുമാറ്റം കുളപ്പുരയിലേക്ക് നീങ്ങുന്നത് അദ്ദേഹമറിഞ്ഞു.

അകത്ത് കടന്ന ശങ്കര നാരായണ തന്ത്രികൾ പൂജാമുറിയിലെ വിളക്കുകൾ തെളിച്ചു.

കെടാ വിളക്കിൽ എണ്ണ പകർന്നു തൊഴുതു നിന്നു അദ്ദേഹം. തന്ത്രിയുടെ പുറകിലായി മറ്റൊരാൾ കൂടി അപ്പോൾ സ്ഥാനം പിടിച്ചു. പതിയെ ഒരു കൈ തന്ത്രിയുടെ തോളിന് നേരെ ഉയർന്നു.