രക്ത ചിലമ്പ് – 2 33

പറമ്പില്‍ നിന്നും പാടത്തേക്ക് ഇറങ്ങിയപ്പോള്‍ നിലാവില്‍ എല്ലാം വ്യക്ത്തമായി കാണാം….പരന്നുകിടക്കുന്ന വയലില്‍ മണിയുടെ കൈ പിടിച്ചു എങ്ങോട്ട് പോകണം എന്നറിയാതെ നിന്നു.ഏതു നിമിഷവും തമ്പ്രാന്റെ മരണം എല്ലാവരും അറിയും…..പിന്നെ തങ്ങളെ ദേവന്‍ ജീവനോടെ കത്തിക്കും.എന്തോ മനസിലുറപ്പിച്ചു കാളീ മണിയുടെ കൈയ്യും പിടിച്ചുകൊണ്ട് പാട വരമ്പിലൂടെ പുഴ ലക്ഷ്യമാക്കി നടന്നു.

പുഴയുടെ തീരത്തിന് അടുത്തെത്തുന്നതിനു മുന്പേ് ദൂരെ മണല്‍ തിട്ടയില്‍ കിടക്കുന്ന ചിണ്ടനെ കണ്ടു നിലവിളിച്ചുകൊണ്ട് കാളിയും മണിയും ഓടിച്ചെന്നു.

“അച്ഛാ….അച്ഛാ…”മണി ചിണ്ടനെ കെട്ടിപിടിച്ചു കരഞ്ഞു.

അതി ക്രൂരമായി മര്ദിക്കപെട്ടു അവശനായി കിടക്കുകയാണ് ചിണ്ടന്‍.ഒന്നു ശബ്ദിക്കാന്‍ പോലുമാകാതെ മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തം ഒലിച്ചിറങ്ങുന്നു.ശരീരത്തിലെ എല്ലുകളെല്ലാം ഒടിച്ചു നുറുക്കിയിട്ടുണ്ട്.ചത്തു എന്ന് കരുതി ഉപേക്ഷിച്ചു പോയതാണ്….. ബോധമില്ലാതെയാണ് കിടക്കുന്നത്…

“എന്റെ മുത്തീ…….ഞങ്ങള് എന്ത് തെറ്റാണ് ചെയ്തത്……”കാളീ നെഞ്ചത്തടിച്ചു കരഞ്ഞു….ചിണ്ടനെ അവള്‍ മടിയിലേക്ക്‌ വലിച്ചു കിടത്തി….ഉടുമുണ്ടുകൊണ്ട് രക്തം തുടച്ചു കൊടുത്തു.

“നീ വരുമ്പോള്‍ കണ്ടില്ലേ…അച്ഛന്‍ ഇവിടേ കിടക്കുന്നത്.?” കാളി കരഞ്ഞുകൊണ്ട്‌ ചോദിച്ചു.

“അമ്മെ ഞാന്‍ ഈ വഴിയല്ല അങ്ങോട്ടു വന്നത്…….”മണി വിറച്ചുകൊണ്ട് പറഞ്ഞു,

“പിന്നെ നീ മാനത്തുകൂടി പറന്നാണോ വന്നത്?” കാളിക്ക് ദേഷ്യം വന്നു.

“അമ്മെ….വേഗം എത്താന്‍ ഞാന്‍ തമ്പ്രാന്റെ ദേവീടെ വഴീകൂടെയ വന്നത്….”

ഒരു ഞെട്ടലോടെയാണ് കാളി കേട്ടത്.തലയില്‍ കൈ വെച്ചുകൊണ്ട് വീണ്ടും ചോദിച്ചു.
.
“തെക്കുംപാട്ടെ ദേവിയുടെ കാവിന്റെ മുന്നില്‍ കൂടെയോ…..മഹാ പാപി കുലം മുടിചൂലൂ നീ….”

കാളീ മണിയെ കെട്ടിപിടിച്ചു കൊണ്ടു കരഞ്ഞു….

“മണീ……. നിനക്കീ പുഴ നീന്തി കടക്കാന്‍ പറ്റുമോ….”നിറഞ്ഞൊഴുകുന്ന പുഴക്ക് നേരെ ചൂണ്ടികൊണ്ട്‌ കാളി ചോദിച്ചു.മണി എഴുന്നേറ്റു നിന്നും പുഴയിലേക്ക് നോക്കി.

“ഇല്ലമ്മേ പകുതി വരെ പോകാന്‍ പറ്റുള്ളൂ…..”മണി കാളിക്കും,ചിണ്ടനും ഒപ്പം ഇരുന്നുകൊണ്ട് പറഞ്ഞു.
“നിനക്ക് പറ്റും മണി…..നിനക്ക് പറ്റും….നീന്തി നീ അക്കരയ്ക്കു പോകണം ഞങ്ങളെ ഇവിടേ വിട്ടിട്ടു..ദേവതമ്പ്രാന്റെ ആളുകള്‍ എത്തുന്നതിനു മുന്പ് .”

മണിയുടെ തലയില്‍ ഇടി തീ വീണത്‌ പോലെയായിരുന്നു കാളിയുടെ വാക്കുകള്‍…..ചിന്തിക്കാന്‍ പോലും കഴിയുന്നില്ല മണിക്ക് തന്റെ എല്ലാമെല്ലാമായ അമ്മയെയും.അച്ഛനെയും ദുരിതത്തില്‍ ആക്കിയിട്ടു ഞാന്‍ രക്ഷപെടാനോ?