പുനഃർജ്ജനി – 1 11

Views : 4309

പണിക്കരുടെ വരവറിഞ്ഞ കാവൽക്കാർ കൂറ്റൻ പടിപ്പുര വാതിൽ മലർക്കെ തുറന്ന് വഴിയൊരുക്കി.

അറയും നിരയുമുള്ള പതിനാറ് കെട്ടാണ് കിഴക്കേതിൽ തറവാട്. കിഴക്കേ ദിക്കിലെ കളരിയിൽ നിന്നും അങ്കച്ചുവട് ചൊല്ലി പയറ്റ് പഠിപ്പിക്കുന്ന മഠത്തിൽ മാധവൻ ഗുരുക്കളുടെ ശബ്ദം ഉയർന്ന് കേൾക്കാം.

അതിനും മേലെ വാളും പരിചയും കൂട്ടി മുട്ടുന്ന മാസ്മരിക നാദം. വായുവിൽ വെള്ളി നാഗത്തേപ്പോലെ പുളഞ്ഞു വിറയ്ക്കുന്ന ഇരുതല ഉറുമി.

കടകവും മറുകടകവും മാറി പന്തിപ്പഴുത് നോക്കി ചുരിക വീശുന്ന കുറുമ്പനാടിന്റെ കാവൽ സൈന്യം.

പതിനെട്ടടവും പയറ്റി തെളിഞ്ഞ തണ്ടെല്ലുള്ള നായന്മാർ അനേകമുണ്ട് കിഴക്കേതിൽ.

ശത്രുവിന്റെ നീക്കം മുൻകൂട്ടി കണ്ട് വാള് വീശുന്നവർ.അടവും തിരിവും കൈ വിട്ട് പോയാൽ പരിച കൊണ്ട് മണ്ണ് വീശി ചതിച്ചു വെട്ടുന്ന പൂഴിക്കടകൻ കൈവശമുള്ളവർ.

തറവാട് മുറ്റത്തെ കൂറ്റൻ പുളി മരത്തിൽ ചങ്ങലയിട്ട് നിർത്തിയ കിഴക്കേതിൽ കൊച്ചു കേശവനെന്ന ലക്ഷണമൊത്ത കൊമ്പൻ.

പണിക്കരെ കണ്ടതും കൊച്ചു കേശവൻ തുമ്പി മടക്കി അഭിവാദ്യം അർപ്പിച്ചു.

കൊമ്പന്റെ നീട്ടിയുള്ള ചിഹ്നം വിളി ഉയർന്നതും ദേശവാസികൾ പണിക്കരുടെ വരവറിഞ്ഞു.

കോലത്ത് നാട്ടിൽ സഞ്ചാരവും നാട്ടു പ്രമാണിമാരൊത്തുള്ള കൂടിക്കാഴ്ച്ചയും കഴിഞ്ഞുള്ള വരവാണിത്.

ദേശയാത്രയിൽ കേട്ടറിഞ്ഞ കാര്യങ്ങൾ പണിക്കരെ കൂടുതൽ അസ്വസ്ഥനാക്കിയിരുന്നു.

വടക്കൻ ദേശത്തിന്റെ അതിർത്തിവരെയും വെള്ളക്കാർ സാന്നിധ്യമറിയിച്ചു കഴിഞ്ഞു.

വടക്കേ മലബാറിൽ കുറിച്യരെ കൂട്ട് പിടിച്ച് കേരളവർമ്മ പട നയിക്കുന്നുണ്ട്.

പതിഞ്ഞിരിക്കുന്ന അപകടം ഏത് നിമിഷവും വിജയാദ്രിക്ക് മീതെ പറന്നിറങ്ങുമെന്ന് പണിക്കർ ഭയപ്പെട്ടു.

ദിനാന്ത്യത്തിന്റെ വരവറിയിച്ച് കൊറ്റിയും കൂമനും ലക്ഷ്യസ്ഥാനം നോക്കി ചിറകടിച്ചു.

അസ്തമന സൂര്യൻ ചെഞ്ചായം പടർത്തി പടിഞ്ഞാറ് ദിക്ക് നോക്കി അതിവേഗം ഗമിച്ചു.

വിജയാദ്രി കോട്ട പൂർണ്ണമായും ഇരുട്ടിൽ മുങ്ങി.കിഴക്കേതിൽ തറവാട്ടിലെ അവസാന വിളക്കും കരിന്തിരി കത്തിയണഞ്ഞതും ഇരുളിന്റെ മറപറ്റി ഒരു രൂപം തറവാടിന്റെ വന്മതിലിൽ വലിഞ്ഞു കയറി.

ആളനക്കമില്ല എന്നുറപ്പായതും ഇലച്ചാർത്തുകൾക്കിടയിലൂടെ ആ രൂപം പതിയെ മുൻപോട്ട് നീങ്ങി.
തുടരും

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com