പകർന്നാട്ടം – 8 31

ഓഫീസ് മുറിയോട് ചേർന്നുള്ള ഇടനാഴിയും അത് അവസാനിക്കുന്നിടത്തെ വലിയ മുറിയും കുറ്റവാളികളുടെ പേടി സ്വപ്‌നമാണ്.

“കൂളിംഗ് റൂം” എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഇടിമുറിയുടെ വാതിൽ തള്ളിത്തുറന്ന് ജീവൻ അകത്തേക്ക് കയറി ചുറ്റും കണ്ണോടിച്ചു.

ഒത്ത നടുക്കായി വലിയൊരു സിമന്റ് ഡസ്‌ക്,അതിനോട് ചേർന്ന് വലിയ രണ്ട് ഫ്രീസറുകൾ.

ഡസ്‌കിന്റെ നാല് സൈഡിലും ഓരോ കൈ വിലങ്ങുകൾ തൂങ്ങി കിടക്കുന്നു.

സീറോ വോൾട്ട് ബൾബിന്റെ അരണ്ട വെളിച്ചം മാത്രമാണ് മുറിയിൽ ഉള്ളത്.

സ്ഥലം മാറിപ്പോയ സി.ഐയാണ് ഓഫീസിനോട് ചേർന്നുള്ള ഇടി മുറിയുടെ രഹസ്യം പറഞ്ഞത്. ആദ്യമായാണ് ജീവൻ അതിൽ കയറുന്നതും.

സ്നേഹിച്ചും കോപിച്ചും ചോദിച്ചാലും സത്യം പറയാത്തവർക്കുള്ളതാണ് “കൂളിംഗ് റൂം”.

ഡാ ചെക്കാ ന്റെ അനിയന്റെ പ്രായമെ ഉള്ളൂ നിനക്ക്.അറിയാവുന്ന കാര്യങ്ങൾ നേരെ അങ്ങ് പറഞ്ഞിരുന്നെങ്കിൽ ഈ കുഴപ്പമൊന്നും ഉണ്ടാവില്ലായിരുന്നു.

സൂരജ് ഒന്നും മിണ്ടാതെ അയാളെ തുറിച്ചു നോക്കി.അവന്റെ കണ്ണുകളിൽ ഒരു തരം നിർജ്ജിവത്വം തിളങ്ങി.

ഗരുഡന്റെ കൈ കൊണ്ട് തീരാനാ നിന്റെ വിധി ജോൺ വർഗ്ഗീസ്‌ പിറുപിറുത്തു കൊണ്ട് സൂരജിനെ പുറത്തേക്ക് നടത്തി.

കൂളിംഗ് റൂമിലെ ഫ്രീസറുകളിൽ നിന്നും വലിയ ഐസ് കട്ടകൾ എടുത്ത് സിമന്റ് ബഞ്ചിൽ നിരത്തുന്ന തിരക്കിലായിരുന്നു ജീവൻ.

തൂവെള്ള നിറമുള്ള മെത്ത പോലെ ഐസ് കട്ടകൾ ഡസ്‌കിൽ നിരന്നു.

മുറിയുടെ വാതിൽ തുറന്ന് സൂരജിനെ അകത്തേക്ക് കയറ്റാൻ തുടങ്ങുമ്പോൾ തന്നെ സംഭവിക്കാൻ പോകുന്നത് എന്താണെന്ന് ജോൺ വർഗ്ഗീസിന് ഉറപ്പായിരുന്നു.

ആ വാ മോനെ സൂരജേ..നിറഞ്ഞ ചിരിയോടെ ജീവൻ സൂരജിനെ കൈ മാടി വിളിച്ചു.

നിനക്ക് ഞാനൊരു സപ്രമഞ്ജക്കട്ടിൽ ഒരുക്കിയിട്ടുണ്ട് മോനൊന്ന് കയറി കിടന്ന് നോക്ക്.

സൂരജിന്റെ കണ്ണുകൾ ഇടംവലം വെട്ടി.സമീപത്തെ ഐസ് ഡസ്കിൽ നിന്നുള്ള തണുത്ത നീരാവി അവന്റെ മുഖത്ത് തട്ടി തിരിഞ്ഞു.

ജീവൻ ജോൺ വർഗ്ഗീസിനെ കണ്ണ് കാട്ടി.അയാൾ സൂരജിന്റെ ഡ്രസ്സ്‌ ബലമായി അഴിച്ച് മാറ്റി.

സൂരജിന് എതിർക്കാൻ ഉള്ള ശക്തിയില്ലായിരുന്നു.എങ്കിലും കഴിയും പോലെ കുതറിയെങ്കിലും ജോൺ വർഗ്ഗീസ്‌ വിട്ടില്ല.

അടിവസ്ത്രം മാത്രം ധരിച്ച നിലയിൽ സൂരജിനെ ജോൺ വർഗ്ഗീസ്‌ ഡസ്കിലേക്ക് കമഴ്ത്തി കിടത്തി.