മ്മ്,അന്വേഷണം നടക്കുന്നുണ്ട്,ആരും രക്ഷപെടാൻ പോകുന്നില്ല.ജീവന്റെ മറുപടി കിട്ടിയതും കൂടുതൽ സംസാരത്തിന് നിൽക്കാതെ ലീല അകത്തേക്ക് വലിഞ്ഞു.
ചൂട് കാപ്പി ഊതിക്കുടിച്ചു കൊണ്ട് ജീവൻ രാഘവന്റെ മുഖത്തേക്ക് നോക്കി.
സീ മിസ്റ്റർ രാഘവൻ നമുക്ക് കാര്യത്തിലേക്ക് വരാം.ഒരു പെൺകുട്ടി അതിക്രൂരമായി കൊല്ലപ്പെട്ട വിവരം താങ്കളും അറിഞ്ഞില്ലേ?ഞങ്ങൾക്കാണ് അതിന്റെ അന്വേഷണ ചുമതല.
അറിഞ്ഞിരുന്നു സർ,പത്രത്തിലും ടീവിയിലുമൊക്കെ കണ്ടു.
ആ,ok.അപ്പോൾ ഞാൻ വളച്ച് ചുറ്റാതെ കാര്യം പറയാം.അതിന് മുൻപ് എനിക്ക് താങ്കളുടെ മകനെ ഒന്ന് കാണണം.
അവനിവിടെ ഇല്ല സർ,പെട്ടന്ന് തന്നെ മറുപടി വന്നു.അയാളുടെ മുഖത്ത് വിയർപ്പ് പൊടിഞ്ഞു തുടങ്ങിയിരുന്നു.
എവിടെ പോയി?മുഖത്തെ ചിരി മായ്ക്കാതെ ജീവൻ അടുത്ത ചോദ്യം ഉന്നയിച്ചു.
അവൻ രണ്ട് ദിവസമായിട്ട് ഒരു ബന്ധു വീട്ടിലാണ്,അങ്ങ് വയനാട്,അല്ല കോട്ടയം.
വയനാട്/കോട്ടയം ഏതെങ്കിലും ഒന്നിൽ ഉറച്ച് നിക്കെടോ.താൻ എന്താ സ്ഥലപ്പേര് പറഞ്ഞു കളിക്കുവാണോ. ജോൺ വർഗ്ഗീസിന് ദേഷ്യം ഇരച്ച് കയറി.
സർ,വയനാട് പോയിട്ട് അവിടുന്ന് കോട്ടയത്തേക്ക് പോകും..ഞാൻ അതാണ് ഉദ്ദേശിച്ചത്.
മ്മ്,ok.അപ്പോൾ അവനിവിടെ ഇല്ല.ശരി.അവന് ആ കുട്ടിയുടെ കൊലയുമായി എന്താണ് ബന്ധം.അല്ലെങ്കിൽ അവൻ ആർക്കൊപ്പമാണ് ആ കുട്ടിയെ കൊന്നത്?
ജീവന്റെ ചോദ്യം കേട്ടതും രാഘവൻ ചാടിയെഴുന്നേറ്റു.നിങ്ങൾ എന്ത് അസംബന്ധമാണ് ഈ പറയുന്നത്.
എന്റെ മകൻ ആരെയും കൊന്നിട്ടില്ല. നിങ്ങളെന്താ മാന്യന്മാരെ കളിയാക്കാൻ ഇറങ്ങിയതാണോ.
ഹേയ്,cool down മിസ്റ്റർ രാഘവൻ കൂൾ,ഇന്ന് നിങ്ങളുടെ മകൻ അയച്ച ചില കൂലിപ്പട്ടാളം എന്റെ നേരെ വന്നു.
ഞാൻ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഒരാളെ കണ്ടു മടങ്ങും വഴിയാണ് എനിക്ക് നേരെ അറ്റാക്ക് ഉണ്ടായത്.
അതിൽ ഒരുത്തനെ പിടിച്ചു കുടഞ്ഞപ്പോൾ അവൻ തന്റെ മകന്റെ പേര് പറഞ്ഞു.
സത്യത്തിൽ എന്റെ ലിസ്റ്റിൽ അവന്റെ പേരില്ലായിരുന്നു.മറ്റൊരുത്തനെ തേടി പോയ എന്നെത്തേടി അവൻ അയച്ചവർ വന്നെങ്കിൽ ആ കൊലപാതകത്തിൽ തന്റെ മകന് കൃത്യമായ പങ്കുണ്ട്.