പകർന്നാട്ടം – 10 35

ഒരെണ്ണം ജോണിന് നീട്ടിയെങ്കിലും അയാൾ നന്ദിപൂർവ്വം നിരസിച്ചു.

പുകച്ചുരുളുകൾ പുറത്തേക്ക് തള്ളിക്കൊണ്ട് ജീവൻ പതിയെ നിവർന്നിരുന്നു.

കളക്ടറുടെ പ്രത്യേക ഓർഡർ പ്രകാരം മുംബൈയെ വിറപ്പിച്ച കുറ്റവാളികളുടെ ലിസ്റ്റ് തയ്യാറാക്കി.

ലിസ്റ്റിൽ മൊത്തം 12 പേർ,സർക്കാർ ഷൂട്ട് അറ്റ് സൈറ്റ്ന് ഓർഡർ തന്നു.

IPS പട്ടവുമായി നാട് നന്നാക്കാൻ ഇറങ്ങി തിരിക്കുമ്പോൾ എനിക്ക് അറിയില്ലായിരുന്നെടോ പകരം നൽകേണ്ടി വരുന്നത് എന്റെ പലതുമാണെന്ന്.

ജീവന്റെ കണ്ണുകളിൽ നിന്നും കണ്ണീർ അണപൊട്ടി.ലൈറ്റ്‌സ് ആഞ്ഞു വലിച്ചു കൊണ്ട് അയാൾ തല കുമ്പിട്ടിരുന്നു.

പോലീസ് ലിസ്റ്റിൽ ഉൾപ്പെട്ട നാല് പേർ തോക്കിന് ഇരയായതും ഭീഷണി സ്വരങ്ങൾ ഉയർന്ന് തുടങ്ങി.പക്ഷേ ഞാൻ അതൊന്നും വക വച്ചില്ല്യ.

തെക്കുംകൂർ രാജവംശത്തിലെ ഇളമുറക്കാരന്റെ ക്ഷത്രിയ വീര്യം ആർക്ക് മുൻപിലും അടിയറവ് വയ്ക്കാൻ മനസ്സ് വന്നില്ല.

മനസ്സ് നിറയെ അച്ഛൻ ദേവരാജവർമ്മയുടെ വാക്കുകളായിരുന്നു.

“ജീവൻ പോയാലും സത്യത്തിന്റെ പാത വെടിയരുത്.നീതിക്ക് നിരക്കാത്തത് ചെയ്യരുത്”

എന്റെ നേരെയുള്ള വധ ഭീഷണികൾ ക്രമേണ ഭാര്യയെ കൊല്ലും വീട്ടുകാരെ പച്ചയ്ക്ക് കത്തിക്കും അങ്ങനെ നീണ്ടു.

പക്ഷേ എന്തിനും മീതെ ജോലിയോടുള്ള തികഞ്ഞ ആത്മാർത്ഥത പുലർത്തിയ എനിക്ക് പൂർണ്ണ പിന്തുണയായിരുന്നു ഭാര്യ അശ്വനി.

നാട്ടിലെ പ്രബല നായർ തറവാട്ടിലെ ഏക മകളായിരുന്നു അശ്വനി. എന്റെ വാമഭാഗമായി വന്നപ്പോൾ അവൾ അറിഞ്ഞു കാണില്ല പടുമരണത്തിലേക്കുള്ള പാതയാണ് ഞാനെന്ന്.

ലിസ്റ്റിൽ ഉൾപ്പെട്ട അഞ്ചാമൻ ഖാലിദ് മുസ്തഫയുടെ വലംകൈയ്യായ കേല അഹമ്മദ് ആയിരുന്നു.

കേലയ്ക്കുള്ള വല ഒരുക്കി കാത്തിരുന്ന എനിക്ക് അധികം താമസം നേരിടാതെ അവനെ വീഴ്ത്താൻ സാധിച്ചു.

കേല വീണതോടെ ഞാനവരുടെ കടുത്ത ശത്രുവായി.കേലയുടെ ചോരയ്ക്ക് പകരം എനിക്ക് നഷ്ട്ടമായത് ന്റെ അശ്വനിയെ ആയിരുന്നു.

ജോൺ വർഗ്ഗീസിന്റെ മുഖത്ത് ആകെ അമ്പരപ്പ് പടർന്നു.
സിനിമകളിൽ മാത്രം കാണാറുള്ള കാര്യങ്ങൾ ഒരാൾ തന്റെ അനുഭവം ആയി പറയുന്നു.