പടയോട്ടം 1 36

Views : 4971

“എന്താ ചേട്ടാ ഇത്..അവനും നമ്മുടെ മോനല്ലേ..ഇങ്ങനെയാണോ അതിനോട് സംസാരിക്കുന്നത്” ഇത് കണ്ടു വന്ന രുക്മിണി വാസുവിനെ തന്നോട് ചേര്‍ത്ത് അവന്റെ ചെവിയില്‍ തലോടിക്കൊണ്ട് ശങ്കരനെ ശാസിച്ചു.

“നിനക്കാ അവന്‍ മോന്‍..എങ്ങാണ്ട് കിടന്ന വയ്യാവലി..ത്ഫൂ..” നീട്ടി ഒന്ന് തുപ്പിയിട്ട് അയാള്‍ ഇറങ്ങിപ്പോയി.

“മോന്‍ കരയാതെ..അച്ഛന്‍ ചുമ്മാ പറയുന്നതാ..മോന്‍ വാ..അമ്മ ചോറ് തരാം” ഏങ്ങലടിച്ചു കരഞ്ഞ വാസുവിനെ ചേര്‍ത്തു പിടിച്ച് രുക്മിണി പറഞ്ഞു.

“ഇല്ല..ഞാന്‍ ആരും ഇല്ലാത്തവനാ..എന്നെ അച്ഛന് ഇഷ്ടമല്ല..ഞാന്‍ ഊര് തെണ്ടിയാണ് എന്ന് അച്ഛന്‍ എപ്പോഴും പറയും..” അവന്‍ കരഞ്ഞുകൊണ്ട് പറഞ്ഞു.

രുക്മിണി നിലത്ത് കുന്തിച്ചിരുന്ന് അവന്റെ മുഖത്ത് ചുംബിച്ചു. അവളുടെ കണ്ണുകളില്‍ നിന്നും നീര്‍ച്ചാലുകള്‍ ഒഴുകി.

“എന്റെ പൊന്നുമോന്‍ ഊരുതെണ്ടി അല്ല..മോന് ഈ അമ്മയില്ലേ..പിന്നെന്തിനാ കരയുന്നത്..” അവള്‍ അവന്റെ കവിളില്‍ തലോടിക്കൊണ്ട് അവനെ ആശ്വസിപ്പിച്ചു.

“അമ്മ കരേണ്ട..”

അവന്‍ അവളുടെ കവിളുകള്‍ തുടച്ചുകൊണ്ട് പറഞ്ഞു. രുക്മിണി പുഞ്ചിരിച്ചു.
അങ്ങനെ രുക്മിണിയുടെ കറ കളഞ്ഞ സ്നേഹവും ശങ്കരന്റെയും ദിവ്യയുടെയും വെറുപ്പും സ്വീകരിച്ച് വാസു വളര്‍ന്നു. ശങ്കരന്‍ അവനെ മനസില്ലാമനസോടെയാണ് പഠിപ്പിക്കാന്‍ വിട്ടത്. പക്ഷെ എന്നും അതിന്റെ ചിലവിനെ കുറിച്ച് പറഞ്ഞു ശങ്കരന്‍ അവനെ അധിക്ഷേപിക്കാന്‍ തുടങ്ങിയതോടെ അഞ്ചാം ക്ലാസില്‍ തന്നെ അവന്‍ പഠനം അവസാനിപ്പിച്ചു. രുക്മിണി വളരെയേറെ നിര്‍ബന്ധിച്ചെങ്കിലും അവന്‍ അക്കാര്യത്തില്‍ അവളെ അനുസരിക്കാന്‍ തയാറായില്ല.

“എനിക്ക് ഒരു ഭിക്ഷക്കരനെപ്പോലെ ജീവിക്കാന്‍ വയ്യമ്മേ..അച്ഛന്‍ മനസില്ലാതെയാണ് എന്നെ അയയ്ക്കുന്നത്..വേണ്ട..എനിക്ക് പഠിക്കണ്ട”

അവന്‍ അമ്മയുടെ കാലുകളില്‍ പിടിച്ചു കരഞ്ഞുകൊണ്ട് അങ്ങനെ അപേക്ഷിച്ചപ്പോള്‍ രുക്മിണി പിന്നെയവനെ നിര്‍ബന്ധിക്കാന്‍ പോയില്ല. അവനെ പഠിപ്പിക്കാന്‍ അവള്‍ക്ക് സ്വന്തമായി പണവും ഉണ്ടായിരുന്നില്ല.

അങ്ങനെ വാസു വളര്‍ന്നു; ഒപ്പം ദിവ്യയും.
വീട്ടിലെ ഒട്ടുമിക്ക പണികളും ശങ്കരന്‍ അവനെക്കൊണ്ട് ചെയ്യിപ്പിച്ചു; അടുക്കളപ്പണിയൊഴികെ. മകള്‍ ഉണ്ടായതോടെ രുക്മിണിയുടെ വാക്കുകള്‍ക്ക് ശങ്കരന്‍ പഴയതുപോലെ വില നല്‍കാതായി. വാസുവിനോട് അവള്‍ക്കുള്ള സ്നേഹം ഇഷ്ടപ്പെടഞ്ഞതായിരുന്നു അതിന്റെ കാരണം. അമ്മയ്ക്ക് അവനോടുള്ള അതിരുകവിഞ്ഞ വാത്സല്യവും സ്നേഹവും ദിവ്യയെയും പ്രകോപിപ്പിച്ചിരുന്നു. അവള്‍ അവന്‍ കാരണം അമ്മയെ വകവയ്ക്കാതെയായി. ശങ്കരന്‍ മകളെ അമിത സ്വാതന്ത്ര്യം നല്‍കി, അവളുടെ ഇഷ്ടങ്ങള്‍ എല്ലാം സാധിച്ച് വളര്‍ത്തിയത് മെല്ലെമെല്ലെ അവളെ വഴിപിഴപ്പിച്ചു തുടങ്ങിയിരുന്നത് അയാള്‍ മനസിലാക്കിയിരുന്നില്ല.

പതിനഞ്ചു വയസ് കഴിഞ്ഞതോടെ വാസു പുറം ജോലികള്‍ക്കു പോകാന്‍ തുടങ്ങി. ശങ്കരന്‍ ഭിക്ഷപോലെ നല്‍കുന്ന ആഹാരം കഴിക്കാന്‍ കുറെയൊക്കെ പക്വത വന്നതോടെ അവനു മനസില്ലായിരുന്നു. അങ്ങനെ അവന്‍ ജോലി ചെയ്ത് പണം ഉണ്ടാക്കാന്‍ തുടങ്ങി. ചെറിയ പ്രായത്തില്‍ തന്നെ എന്ത് ജോലിയും അവന്‍ ചെയ്യുമായിരുന്നു. അവന് ഏതാണ്ട് ഇരുപത് വയസു പ്രായമായ സമയത്ത് ശമ്പളത്തില്‍ നിന്നും മിച്ചം പിടിച്ച പണം കൊണ്ട് അവന്‍ അമ്മയ്ക്ക് ഒരു സാരിയും ബ്ലൌസും വാങ്ങി നല്‍കി. അതിന്റെയൊപ്പം ദിവ്യയ്ക്ക് അവന്‍ ഒരു പാവാടയും ബ്ലൌസും, അച്ഛന് ഒരു മുണ്ടും ഷര്‍ട്ടും കൂടിയും അവന്‍ വാങ്ങിയിരുന്നു.

Recent Stories

The Author

Arun Anand

2 Comments

  1. ഈ കഥ മൃഗം എന്നപേരിൽ വേറെ സൈറ്റ് ഇൽ വന്നിരുന്നു .നല്ല കഥയാണ് .

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com