നാലുകെട്ട് 38

Views : 5806

ഞാൻ നോക്കി നിൽക്കെ മുറിയുടെ വാതിലുകൾ താനേ തുറന്നു .പരവതാനി പോലെ മുറിയിലേക്ക് നിലാവെളിച്ചം. ജനലിന്റെ അരികിൽ നിന്നും വാതിലിലൂടെ അവൾ മുറിയിലേക്ക് വന്ന് എന്റെ മുൻപിൽ നിന്ന് എന്നെ നോക്കി പുഞ്ചിരിച്ചു.

“നിങ്ങൾ ആരാണ്…. ?”

“ഞാൻ ഈ നാല് കെട്ടിന്റെ ഒരേയൊരു അവകാശി അലീന. “

വാടാത്ത മുല്ലപ്പൂവ് മുട്ടോളം കിടക്കുന്ന മുടിയിൽ ചൂടിയിട്ടുണ്ട്. ചുമന്ന കല്ലുള്ള മുക്കുത്തി ഇരുട്ടിൽ തിളങ്ങി.കണ്ണുകൾ തീ കനൽ പോലെ.ഇത്ര മനോഹരമായ സുന്ദരി പെണ്ണിനെ ഞാൻ കണ്ടിട്ടില്ല.

ഞാൻ കാലിൽ നോക്കി. വെള്ളിക്കൊലുസ്സ് അണിഞ്ഞ കാലുകൾ നിലത്തു മുട്ടിയിട്ടില്ല.

ചോര കുടിക്കാനോ അതോ ചങ്ങാത്തം കൂടാനോ ഇവൾ ഈ സമയത്ത് എനിക്ക് മുൻപിൽ… ?

അവൾ എന്റെ അരികിലേക്ക് നീങ്ങി. ഞാൻ അനങ്ങാൻ കഴിയാതെ പ്രതിമപോലെ നിന്നു. എന്നെ കൊല്ലാനോ വാരിപ്പുണരാനോ അവൾ കൈ നീട്ടുന്നത്.

സർവ്വശക്തിയുമെടെത്ത്‌ ആ കൈകളെ തട്ടി മാറ്റി കിതപ്പോടെ അവളെ നോക്കി.

നിമിഷങ്ങൾ കൊണ്ട് മാറിമറിഞ്ഞ രൂപം. ജട പിടിച്ചു കെട്ടു വീണ് കയർ പോലെ പിരിഞ്ഞ മുടി. നീണ്ട കോമ്പല്ലുകൾ . കത്തുന്ന കണ്ണുകൾ. പാലപ്പൂവിന്റെ ഗന്ധമില്ല. പകരം അഴകിയ മാംസത്തിന്റെ രൂക്ഷ ഗന്ധം. തിളങ്ങുന്ന സ്വർണ്ണ വരകളുള്ള പത്തി വിടർത്തിയ നാഗം പതുക്കെ എന്റെ അരികിലേക്ക് ഇഴഞ്ഞു വന്നു. അവൾ കുനിഞ്ഞു ആ നാഗത്തെ എടുത്ത് പത്തിയിൽ ചുംബിച്ചു.

“ഈ നാലുകെട്ടിൽ എന്റെ അനുവാദമില്ലാതെ കയറിക്കൂടിയാൽ മരണം മാത്രം.”

അവളുടെ വാക്കുകൾ നാലുകെട്ടിനെ പ്രകമ്പനം കൊള്ളിച്ചു. നാലുകെട്ടിൽ മുഴങ്ങുന്ന അലീനയുടെ പൊട്ടിച്ചിരികേട്ട് പുറത്ത് നിന്നും വവ്വാലുകൾ ജനലിലൂടെ അകത്തേയ്ക്ക് പറന്നു വന്നു . നായകൾ കൂട്ടത്തോടെ ഓരിയിട്ടു. പുറത്ത് വീശിയ കാറ്റിൽ എന്തൊക്കെയോ പാറിപ്പറക്കുന്നു.മേഘത്തിന്റെ ഇടയിലേക്ക് ഒളിച്ച ചന്ദ്രൻ നാലുകെട്ടിനെ ഇരുട്ടിലാക്കി.

കൈയിൽ പിടിച്ച നാഗത്തെ കുടഞ്ഞ് എറിഞ്ഞു ഇരുട്ടിൽ അട്ടഹാസമായി അവൾ എന്റെ അരികിലേക്ക് വീണ്ടും അടുത്തു. നഖം വളർന്ന കൈ കൊണ്ട് എന്നെ പിടിക്കാൻ ശ്രമിച്ച അലീനയെ ഞാൻ കണ്ണടച്ച് കാല് മടക്കി ശക്തിയോടെ ചവിട്ടി തെറിപ്പിച്ചു.

ചവിട്ട് കൊണ്ട മേശ അല്പം തെന്നി മാറി. താഴെ വീണ പേപ്പറുകൾ എടുത്തു മേശയിൽ വെച്ച് ഉരുകി ഒലിച്ചു തീരാറായ മെഴുകുതിരിക്ക് പകരം വേറെയൊന്ന് എടുത്തു കത്തിച്ചു.

“എവിടെ അലീന….. ?”

മെഴുകുതിരിവെട്ടത്തിൽ ഞാൻ എഴുതാൻ ഇരുന്നു. കുറേ നാളുകൾക്ക് ശേഷം വീണ്ടുമൊരു കഥ. നാലുകെട്ടിലെ റാണിയുടെ കഥ.

“നീ എന്താ ലൈറ്റ് ഓഫ് ആക്കി മെഴുകുതിരി കത്തിച്ചു വെച്ച് ഇരിക്കുന്നത്… “

വിഷ്ണു ലൈറ്റ് സ്വിച്ചോൺ ചെയ്തു. ഫാൻ ഇട്ട്. ഫാനിന്റെ കാറ്റിൽ പറക്കാൻ തുടങ്ങിയ അലീനയുടെ കഥ എഴുതിയ പേപ്പറിന്റെ മുകളിൽ ഞാൻ കൈ വെച്ച് അവനെ നോക്കി ചിരിച്ചു.

ഞാൻ കസേരയിൽ നിന്നും എഴുന്നേറ്റു ജനലിന്റെ അരികിൽ വന്നു നിന്നു.മാനം മുട്ടി നിൽക്കുന്ന ഈ ഫ്ലാറ്റിന്റെ മുകളിലെ എന്റെ മുറിയിൽ നിന്നും നോക്കിയാൽ കാണാത്തത്ര അകലത്തിൽ എവിടെയോ പഴകി ദ്രവിച്ച നാലുകെട്ടിൽ അവൾ ഉണ്ടാവും നിഴല് പോലെ നാലുകെട്ടിലെ റാണിയായി അലീന.

നവാസ് ആമണ്ടൂർ

Recent Stories

The Author

kadhakal.com

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com