മധുരമുള്ള ഓര്‍മ്മകള്‍ 2136

Views : 3986

അതിങ്ങനെയായിരുന്നു .

“ഐ ആം നോട്ട് എ ബിഗ് ഫാൻ ഓഫ് മൈ മദർ..” അത് തുടർച്ചയായ ഒരു സംഭാഷണത്തിന്റെ ശകലം മാത്രമായിരുന്നു. ഞാൻ അദ്ഭുതത്തോടുകൂടി അവനെ ഒന്ന് നോക്കുക മാത്രം, ചെയ്തു… അവർക്കു നഷ്ട്ട പ്പെട്ടതെന്താണെന്നു ഞാൻ ആലോചിച്ചു നോക്കി.

എന്തോ കൂഞ്ഞികൂടി നടക്കുന്ന ആ മനുഷ്യനെ ഞാൻ പെട്ടെന്ന് ഓർത്തു പോയി .”ഭൂതകാക്ക” എന്നാണ് ഞങ്ങൾ കുട്ടികൾ അയാളെ വിളിച്ചിരുന്നത്. തലയിൽ വട്ടം ചുറ്റിയിരിക്കുന്ന തുണിയും പഴകി പിഞ്ഞിയ കാക്കി ഷർട്ടും, മുട്ടോളമെത്തുന്ന നിക്കറും മാത്രം സ്വന്തമായുള്ള വൃദ്ധനായ ഭൂതകാക്ക. ഉച്ച നേരത്തു ഭക്ഷണ സമയത്തു ഭൂതകാക്ക വരും,ഞങ്ങൾ കുട്ടികളുടെ പാത്രങ്ങളിൽ നിന്നും ഇലകളിൽ നിന്നുമുള്ള എച്ചിലുകളും അവശിഷ്ടങ്ങളും ശേഖരിക്കാൻ. വാട്ടിയ ഏതെങ്കിലുമൊരു തൂശനിലയിൽ തനിക്കു ആവശ്യമുള്ളത്ര ശേഖരിക്കും. സ്കൂളിലെ തുപ്പുകാരി ചേടത്തിയുണ്ടാക്കുന്ന നുറുക്ക് ഗോതമ്പുകൊണ്ടുള്ള ഉപ്പുമാവ് മറ്റൊരിലയിൽ വേറെയും പൊതിഞ്ഞെടുക്കും..പിന്നെ കുഞ്ഞി കൂടി നടന്നു മറയും.

താഴെ കാള ചന്തയുടെയും അതിനും താഴെ സ്വകാര്യ ബസ് സ്റ്റേഷന്റെയും കാഴ്ചകൾ മറച്ചു കൊണ്ടുള്ള കരിഓയിൽ പൂശിയ പനമ്പിലെ തുളകൾക്കിടയിലൂടെ, സഹപാഠി നാച്ചൂന്റെ ഉപ്പാപ്പ കോഴിക്കോട്ടുകാരി എന്ന് വിളിക്കുന്ന, സ്ത്രീയുടെയും മക്കളുടെയും കൂടെ സല്ലപിക്കുന്നുണ്ടോ എന്ന് അയാളും, മറ്റു കുട്ടികൾക്കൊപ്പം മല്ലിക ടീച്ചറിന്റെ കണ്ണ് വെട്ടിച്ചു ഒളിഞ്ഞു നോക്കുന്നതിനെ കുറിച്ചായിരുന്നു, ആ ഓര്‍മ്മ. നാച്ചൂന്റെ ഉപ്പാപ്പ കാള ചന്തയോട് ചേർന്നുള്ള കുറ്റികാടിന്റെ മറവിൽ വെളിക്കിറങ്ങുന്നത് ഞാൻ കൂട്ടുകാരൻ വേണൂനെ ഒന്നൂടെ കാണിച്ചു കൊടുത്തിരുന്നു. അന്ന് ചെവി പൊട്ടി ചലം വരുന്ന അസുഖമുണ്ടായിരുന്നു അവന്. നാലാം ക്ളാസ് കഴിഞ്ഞു വേറെ സ്കൂളിലേക്ക് പോയതിനു ശേഷം ഒരിക്കലും വേണുവിനെ കണ്ടിട്ടില്ലല്ലൊ എന്ന തിരിച്ചറിവുണ്ടായി. ഇനി കണ്ടാൽ ആളറിയാൻ വഴികുറവാണല്ലോ എന്നോർത്തപ്പോൾ സങ്കടം തോന്നി.

ഓർമകൾക്ക് തുടർച്ചയുണ്ട് ..അതൊന്നിൽ നിന്നു മറ്റൊന്നിലേക്കു നമ്മളെ നയിക്കും. മടുപ്പില്ലാതെ..

അതുകൊണ്ടാണ് ഞാൻ കുഞ്ഞാത്തു എന്ന് എല്ലാവരും വിളിക്കുന്ന കുഞ്ഞിപാത്തുത്താനെ ഓർത്തത്. തോട്ടിലെ വെള്ളത്തിൽ കുളിക്കുമ്പോൾ ഗുദദ്വാരത്തിൽ കടിച്ചു പിടിച്ച കുളയട്ടയെ, തുണി തിരുമ്പിക്കൊണ്ടിരുന്ന ,കുഞ്ഞാത്തു ബാർ സോപ്പ് തേച്ചു കടി വിടുവിച്ചു. പിന്നീട് തോട്ടിലെ വെള്ളത്തിൽ കുളിക്കുമ്പോഴൊക്കെയും അത്ര സുഖമില്ലാത്തതെങ്കിലും ആ ഓർമ്മ തേടിയെത്തി. വർഷങ്ങളിത്ര കഴിഞ്ഞിട്ടും അവ പിന്നെയുംപിന്നാലെയുണ്ട്. പത്തു വർഷങ്ങൾക്ക് മുൻപ് കുഞ്ഞാത്തുവിനെ വീണ്ടും കണ്ടു. ഒരു നോയമ്പ് കാലത്ത്. വോട്ടേഴ്സ് ലിസ്റ്റു പുതുക്കുന്നതിൻറെ ഭാഗമായുള്ള വെരിഫിക്കേഷന് അവരുടെ വീട്ടിൽ ചെന്നപ്പോൾ ആയിരുന്നു അത്. ഇരുപതു വർഷങ്ങൾക്ക് ശേഷം ഞാൻ അവരെ വീണ്ടും കാണുകയായിരുന്നു. അവരിൽ വന്ന മാറ്റങ്ങളെക്കാൾ മാറ്റമില്ലായ്മകളെകളെയാണ് എന്റെ കണ്ണുകൾ തിരിച്ചറിഞ്ഞത്.

Recent Stories

The Author

Sunil Tharakan

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com