Lucifer : The Fallen Angel [ 10 ] 151

ലൂസിഫർ തന്റെ തൂവെള്ള ചിറകുകൾ വിരിച്ചുകൊണ്ടു മിഖായേലിനെ ലക്ഷ്യമാക്കി തന്നെ ശരവേഗത്തിൽ കുതിച്ചു.

അമന്റെയും ഗബ്രിയേലിനും പിന്നിലായി ആയിരുന്നു മിഖായേൽ പാഞ്ഞെത്തിയത്.

അവരിരുവരുടെയും വാളുകൾ ലൂസിഫറിനു നേരെ പാഞ്ഞടുത്തു എന്നാൽ അവരുടെ കണക്കു കൂട്ടലുകൾ തെറ്റിച്ചുകൊണ്ട് അവൻ അതിൽ നിന്നും ഒഴിഞ്ഞു മാറി പിന്നിലായി വന്ന മിഖായേലിന്റെ നെഞ്ചിലേക്ക് തന്റെ കൈപ്പത്തി ഉപയോഗിച്ച് തള്ളി.

പിന്നിലേക്ക് തെറിച്ചു പോകുന്നതിനിടയിൽ മിഖായേൽ തന്റെ വാൾ ലൂസിക്ക് നേരെ വീശിയെങ്കിലും അത് അവനെ തൊട്ടു തൊട്ടില്ല എന്ന നിലയിൽ കടന്നു പോയി. അവൻ അല്പദൂരം തെറിച്ചു പോയി ഇരു കാലുകളും കുത്തി നിരങ്ങി ചെന്ന് നിന്നു.

മിഖായേലിനു നേരെ ആക്രമണം ഉതിർത്ത ശേഷം ലൂസി തിരിഞ്ഞു അമനു നേരെ പാഞ്ഞു. ഞൊടിയിടയിൽ തന്നെ അമന്റെ പിന്നിലായി അവനെത്തിയിരുന്നു.

എന്നാൽ മിന്നൽ വേഗത്തിൽ അമന്റെ വാളിന്റെ പിടി ഭാഗം ലൂസിഫറിന് നെഞ്ചിലായ് പതിച്ചു.

അതിന്റെ ആഘാതത്തിൽ ദൂരേക്ക് തെറിച്ചു പൊയ്ക്കൊണ്ടിരുന്ന ലൂസിയുടെ നേരെ വാളുമായി പിന്നിൽ നിന്നും മിഖായേൽ പാഞ്ഞടുത്തു.

അത് മനസ്സിലാക്കിയെന്നോണം അവൻ ചിറക് വീശി ആകശത്തേക്ക് പറന്നുയർന്നു ഒപ്പം മറ്റ് മൂന്നു പേരും.

ലൂസിഫർ തന്റെ ഏറ്റവും അടുത്തുണ്ടായിരുന്ന അമന്റെ കാഴ്ച തന്റെ ചിറക് ഉപയോഗിച്ച് മറച്ചു. ശേഷം വായുവിൽ നിന്നു കറങ്ങിക്കൊണ്ട് അമന്റെ മുഖത്തിന്‌ നേരെ വാൾ വീശി. അത് അവന്റെ മുഖത്ത് ചെറിയ ഒരു മുറിവുണ്ടാക്കി.

അമൻ തന്റെ കൈ ഉപയോഗിച്ചു പൊടിഞ്ഞ ചോര തുടച്ചു.

ലൂസിഫർ അടുത്തത് ഗബ്രിയേലിനെ ലക്ഷ്യമിട്ടു. മുഖത്തായി മുറിവ് പറ്റിയ ദേഷ്യത്തിൽ അമൻ തന്റെ വാൾ ലൂസിക്ക് നേരെ വീശി. അതിന്റെ അടിയിലൂടെ വായുവിൽ തെന്നി നീങ്ങി ഗബ്രിയേലിനു നേരെ അവൻ പാഞ്ഞു.

ഗബ്രിയേൽ തന്റെ ചിറക് ഒന്ന് വിടർത്തിയ ശേഷം ലൂസിഫറിനു നേരെ ശക്തിയിൽ കുടഞ്ഞു അതിൽ നിന്നും കൂർത്ത അഗ്രമുള്ള തൂവലുകൾ ലൂസിഫറിനു നേരെ വായുവിനെ കീറി മുറിച്ചുകൊണ്ട് അടുത്തു.

ലൂസിഫർ തന്റെ വാൾ ഉപയോഗിച്ച് മുഖത്തിന്‌ നേരെ വന്ന തൂവലുകളെ തടഞ്ഞു വീഴ്ത്തി എന്നാൽ അവയിൽ ചിലത് ലൂസിഫറിന്റെ കാലിലും മറ്റ് ശരീര ഭാഗങ്ങളിലും തറച്ചു കയറി.

അത് ലൂസിയുടെ വേഗതയെ കുറച്ചു. അടുത്ത നിമിഷം തന്നെ ഗബ്രിയേലിന്റെ ശക്തമായ ചവിട്ട് ലൂസിയുടെ നെഞ്ചിൽ പതിച്ചു.

പിന്നിലേക്ക് തെറിച്ചു നീങ്ങിയ ലൂസിയെ പിന്നിൽ നിന്ന് അമൻ ഇരു കൈകൾക്കൊണ്ടും പിടിച്ചു വായുവിൽ നിന്നു കറങ്ങി നിലത്തേക്ക് വലിച്ചെറിഞ്ഞു. ഇതെല്ലാം നടന്നത് നിമിഷങ്ങൾക്കുള്ളിലായത് കൊണ്ട് തന്നെ ലൂസിക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല.

നിലത്തേക്ക് പതിച്ച ശക്തിയിൽ ലൂസിയുടെ വായിൽ നിന്നും രക്തം ചിതറി തെറിച്ചു.

ലൂസിയെ പ്രഹരിക്കേണ്ട അടുത്ത ഊഴം മിഖായേലിന്റെതായിരുന്നു. ഉയരത്തിൽ നിന്നും അവൻ തന്റെ വലംകാൽ ലൂസിയുടെ നെഞ്ച് ലക്ഷ്യമാക്കി പാഞ്ഞടുത്തു.

എന്നാൽ അവൻ ലക്ഷ്യം കാണുന്നതിന് മുൻപ് തന്നെ ലൂസി അവന്റെ കാലിൽ പിടുത്തമിട്ടു. തന്റെ മുഴുവൻ ശക്തിയെടുത്തു ലൂസി അവനെ നിലത്തേക്കടിച്ചു.

മിഖായേൽ അത് ഒട്ടും തന്നെ പ്രതീക്ഷിച്ചതായിരുന്നില്ല. നിലത്തേക്ക് പതിച്ച മിഖായേലിന്റെ മുകളിലേക്ക് ഞൊടോയിടയിൽ തന്നെ ലൂസിഫർ കയറിയിരുന്നു.

മിഖായേലിനു പ്രതിരോധിക്കാൻ ഉള്ള സമയം കിട്ടുന്നതിന് മുൻപ് തന്നെ ലൂസിഫറിന്റെ മുഷ്ടി ശക്തിയോടെ നിരവധി തവണ അവന്റെ മുഖത്തേക്ക് പതിച്ചു.

മിഖായേലിന്റെ മുഖത്തിന്റെ പല ഭാഗവും ആ ഇടിയിൽ മുറിഞ്ഞു. അവനു തന്റെ കണ്ണിൽ ഇരുട്ട് കയറുന്നതായി തോന്നി. അവന്റെ ബോധം മെല്ലെ പറയാനായി തുടങ്ങി.

മിഖായേലിന്റെ മുഖത്ത് നിന്നു ചോര തെറിക്കുന്ന കാഴ്ച കണ്ടു അമനും ഗബ്രിയേലും അങ്ങോട്ടേക്ക് പാഞ്ഞടുത്തു.

***

ഇതേസമയം വനത്തിൽ ഡാനിയെ കെട്ടിപ്പിടിച്ചിരിക്കുകയായിരുന്നു മെയ്സ്. അവളുടെ ശരീരത്തിൽ നിന്നും പിടി വിടുവിച്ചാൽ ലൂസിഫറിനായി പോരാട്ടം നടക്കുന്നിടത്തേക്ക് അവൾ ഓടിയാകലും എന്ന് തോന്നിയിട്ടുണ്ടാവും.

“മെയ്സ് ഞാൻ അങ്ങോട്ട് ഒന്ന് പൊയ്ക്കോട്ടേ എന്നെ ഒന്ന് സമ്മതിക്ക് എനിക്കി ലൂസിയെ കാണണം…”

ഡാനി കരഞ്ഞു തളർന്നുകൊണ്ട് മെയ്‌സിനോട് ആവശ്യപ്പെട്ടു. അവളുടെ ആ ദയനീയതയുടെ ശബ്ദം കേട്ടില്ല എന്ന് വയ്ക്കാൻ മെയ്‌സിന് കഴിഞ്ഞില്ല.

അവരുടെ അടുത്തേക്ക് പതിയെ അകലുന്ന മുരളിച്ഛയുടെ ശബ്ദം അവർ കേട്ടു.

***

പാഞ്ഞേത്തിയ അമൻ ലൂസിഫറിനെ പിന്നിൽ നിന്നും ഇരു കൈകൾക്കൊണ്ടും പിടിച്ചു ബന്ധിതനാക്കി പുറകിലേക്ക് നീങ്ങി. ആ പിടി വിടുവിക്കുവാനായി ലൂസിഫർ തന്റെ ശരീരം കുടഞ്ഞുകൊണ്ട് ശ്രമിച്ചു എന്നാൽ അമൻ തന്റെ മുഴുവൻ ശക്തി ഉപയോഗിച്ചും ലൂസിയെ പിടിച്ചുവച്ചു.

ഗബ്രിയേൽ ഉടൻ തന്നെ മിഖായേലിന്റെ അടുത്തായെത്തി. ബോധം മറഞ്ഞു കൊണ്ടിരിക്കുന്ന അവന്റെ മുഖത്തായി തട്ടി വിളിച്ചു. കുറച്ചധികം തട്ടിയപ്പോൾ അവന്റെ പാതി മറഞ്ഞ ബോധം അവന് വീണ്ടെടുക്കാനായി കഴിഞ്ഞു.

മിഖായേലിന് ബോധം തിരിച്ചു കിട്ടി എന്നുകണ്ട ഗബ്രിയേലും തിരികെ ലൂസിഫറിന്റെയും അമന്റെയും അടുത്തേക്കെത്തി.

അമനോടൊപ്പം ഗബ്രിയേലും ലൂസിഫറിനെ ബന്ധിയാക്കാനായി കൂടി. അവരിരുവരും ചേർന്ന് ലൂസിയുടെ ഇരു കൈകളും അവർ ശക്തിയോടെ പിടിച്ചു വച്ചു.

അപ്പോളേക്കും മിഖായേൽ തന്റെ ബോധം തിരിച്ചെടുത്തു രണ്ടു കാലുകളിൽ നിന്നിരുന്നു. അവന്റെ വാളുമായി അവൻ ലൂസിഫറിന്റെ അടുത്തേക്ക് മെല്ലെ വേച്ചു വേച്ചു നടന്നടുത്തു.

“ഘ്രാ….”

അകലെ നിന്നുള്ള ഒരു ജീവിയുടെ അലർച്ച അവിടെയാകെ മുഴങ്ങി. ദൈവം തല ഉയർത്തി നോക്കി.

മങ്ങിയ ചുവന്ന നിറമുള്ള ശരവേഗതയിൽ അങ്ങോട്ടേക്ക് പറന്നടുക്കുന്ന ഭീകര ജീവി.

“വെർമിലിയോൺ…”

ആ കാഴ്ചകണ്ടു ലൂസിഫർ അറിയാതെ ഉച്ചരിച്ചു. അവന്റെ മുകളിലായ് മെയ്സും ഡാനിയുമുണ്ടായിരുന്നു.

തങ്ങളുടെ നേരെ പാഞ്ഞടുക്കുന്ന ആ ജീവിയെ കണ്ടതും അമൻ തന്റെ മറു കയ്യിൽ ഉണ്ടായിരുന്ന വാൾ അതിനു നേരെ വലിച്ചെറിഞ്ഞു. ഗബ്രിയേൽ തന്റെ ചിറകുകളിൽ നിന്നും തൂവലുകളും അതിനു നേരെ പായിച്ചു.

അമന്റെ വാളിനെ ഒഴിഞ്ഞു മാറി മുന്നിലേക്ക് ചലിക്കാനായെങ്കിലും ഗബ്രിയേലിന്റെ തൂവലുകൾ വെർമിയുടെ ശരീരത്തിലും ചിറകുകളിലും തറഞ്ഞു കയറി അതിന്റെ ആഘാത്തത്തിൽ നില തെറ്റിയ വെർമിയുടെ മുകളിൽ നിന്നും മെയ്സും ഡാനിയും താഴേക്ക് പതിച്ചു.

അപ്പോളേക്കും മിഖേയേൽ ലൂസിയുടെ മുന്നിലായ് എത്തിയിരുന്നു.

മിഖായേൽ ഒരു നിമിഷം ലൂസിയുടെ മുന്നിലായ് തന്റെ വാൾ നിലത്തേക്ക് കുത്തിക്കൊണ്ട് നിന്നു അപ്പോളും അവന്റെ മുഖത്ത് നിന്നും ചോര ധാര ധാരയായി ഒലിച്ചു ഇറങ്ങുന്നുണ്ടായിരുന്നു. തല കുടഞ്ഞു കണ്ണ് തുടച്ചു മങ്ങിയ കാഴ്ച അവൻ വ്യക്തതയുള്ളതാക്കി.

മിഖായേൽ തന്റെ വാൾ തലക്ക് മുകളിലേക്ക് ഉയർത്തി അതിൽ അഗ്നി പടർന്നിരുന്നു. അത് ലൂസിഫറിനു നേരെ വീശി.

“ലൂസി…”

താഴേക്ക് വീണുകൊണ്ടിരുന്ന മെയ്സും ഡാനിയും അലറി.

അതെ സമയം തന്നെ വെർമി പാഞ്ഞു ലൂസിയുടെയും മിഖായേലിന്റെ വാളിനും മധ്യത്തിലായി കയറിയിരുന്നു. ആ വെട്ട് കൃത്യമായി വെർമിയുടെ ഇടത്തേക്കണ്ണിൽ തന്നെ കൊണ്ട്.

“ഘ്രാ….”

വെർമി അലറിക്കൊണ്ട് സ്വർഗ്ഗത്തിൽ നിന്നും താഴേക്കു പതിച്ചു. അവന്റെ ഇടം കണ്ണ് നഷ്ടമായിരുന്നു ആ മുറിവിൽ നിന്നും ചോര ചിതറി തെറിച്ചു.

“ഡാനി…”

മെയ്‌സിന്റെ അലർച്ച കേട്ടാ ലൂസി ഡാനിയെ നോക്കി.

ദൈവത്തിന്റെ കയ്യിൽ ആയിരുന്നു ഡാനിയുടെ ശരീരം. ആ വീഴ്ചയിൽ അവളുടെ ബോധം നഷ്ടപ്പെട്ടിരുന്നു.

ദൈവം അവളുടെ ശരീരം തന്റെ ഒരു കയ്യിലായ് തൂക്കി നിർത്തി. മറു കയ്യിൽ അഗ്നിക്കൊണ്ടൊരു ഗോളം തന്നെ സൃഷ്ടിച്ചു. അത് മെല്ലെ ഡാനിയുടെ മേലേക്ക് വച്ചു. ആ തീ അവളെ മുഴുവനായി ദഹിപ്പിച്ചു കളഞ്ഞു.

വെറും ചാരമായി അന്തരീക്ഷത്തിൽ അലിഞ്ഞു ചേർന്നു.

“ഡാനി….”

ആ കാഴ്ച കണ്ടു ലൂസിഫർ അലറി അവന്റെ അലർച്ചയിൽ പ്രപഞ്ചം മുഴുവൻ വിറച്ചു. ഒരു നിമിഷത്തേക്ക് ദൈവത്തിന്റെ കണ്ണിൽ പോലും ഭയം വന്നു.

എന്നാൽ ലൂസിയുടെ ശരീരത്തിൽ അവശേഷിച്ചിരുന്ന അവസാനത്തെ ഊർജത്തിന്റെ കാണുകയായിരുന്നു അത്. ഡാനിയുടെ മരണം അവനെ തളർത്തി. അവന്റെ കണ്ണുനീർ പിടിവിട്ട് ഒഴുകി. ലൂസിയുടെ ശരീരം ആകെ തളർന്നു അവന്റെ ബോധവും ആ കാഴ്ച്ചയിൽ പാതി മറഞ്ഞു.

ഇതേ സമയം ആദ്യതവണ ലക്ഷ്യം കാണാത്തത്തിൽ ദേഷ്യം ഉണ്ടായ മിഖായേൽ ലൂസിഫറിനെ വീണ്ടും ആക്രമിക്കാനായി ഒരുങ്ങി.

“മിഖായേൽ…

നീ എന്താ ചെയ്യുന്നത്…”

കത്തി ജ്വലിക്കുന്ന അഗ്നി പടർന്ന വാൾ ലൂസിഫറിനു നേരെ ഉയർത്തിക്കൊണ്ട് നിൽക്കുന്ന മിഖായേലിനോട് അമൻ ചോദിച്ചു.

ഒരു നിമിഷം മിഖായേലിന്റെ മുഖത്ത് അസ്വസ്ഥത പ്രകടമായി. വാളിലെ അഗ്നി അതിൽ നിന്നും അപ്രതീക്ഷ്യമായി.

മിഖായേൽ അത് ലൂസിയുടെ നെഞ്ചിലേക്ക് കുത്തിയിറക്കി. തളർന്നു നിന്നിരുന്ന ലൂസിഫർ അത് ഒരു എതിർപ്പും ഇല്ലാതെ തന്നെ ഏറ്റു വാങ്ങി.

“ലൂസി…”

മെയ്സ് നിലവിളിച്ചു കൊണ്ട് അവനടുത്തേക്ക് പറന്നടുത്തു.

കുത്ത് കിട്ടി ചോര വാർന്നു ഒലിക്കുന്ന ലൂസിയുടെ നെഞ്ചിലേക്ക് മിഖായേൽ ആഞ്ഞു ചവുട്ടി.

അവനും സ്വർഗ്ഗത്തിൽ നിന്നും താഴേക്കു പതിച്ചു.

“എന്നെ എതിർത്ത നിനക്കുള്ള ശിക്ഷയാണിത് ലൂസി….

സ്വന്തം പിതാവായ ദൈവത്തെ എതിർത്ത നീ ഇന്ന് മുതൽ ചെകുത്താനായി മാറട്ടെ…

സ്വർഗ്ഗത്തിൽ നിനക്കിനി സ്ഥാനമില്ല…”

താഴേക്കു വീണുകൊണ്ടിരുന്ന ലൂസിയെ നോക്കികൊണ്ട് ദൈവം ശപിച്ചു.

അത് കേട്ടു അമനും ഗബ്രിയേലും ഞെട്ടി.

ബോധരഹിതനായി താഴേക്ക് പതിച്ചുകൊണ്ടിരുന്ന ലൂസിയുടെ ശരീരം ആകെ അഗ്നികൊണ്ട് മൂടി അവന്റെ രൂപം വൈകൃതമായി. അവന്റെ ചിറകുകൾ കറുത്തിരുണ്ടതായി മാറി.

ഭൂമിയിൽ നിന്നും മരണത്തിനായി കാത്തു നിന്ന മനുഷ്യർ നിലയ്ക്കാതെ പെയ്യുന്ന ആ പേമാരിയുടെ ഇടയിലും ആകാശത്തിൽ ഒരു കാഴ്ചകണ്ടു പിന്നീടൊരിക്കലും കാണാൻ കഴിയാത്ത ഒരു കാഴ്ച

ഇരുണ്ട ആകാശത്തിലും കത്തി ജ്വലിക്കുന്ന രണ്ടു സൂര്യന്മാർ.

അതിലൊന്ന് ദൈവത്തിന്റെ ശാപം ഏറ്റുവാങ്ങി ചെകുത്താനായി മാറിയ ലൂസിഫർ ആയിരുന്നു.

ലൂസിഫറിനു പിന്നാലെ ചിറകുകൾ വീശിയടിച്ചുകൊണ്ട് മെയ്സും താഴേക്ക് പറന്നു.

താഴേക്ക് പതിക്കും മുൻപ് തന്നെ എവിടെനിന്നോ പറന്നു വന്ന വേർമിലിയോൺ ലൂസിഫറിനെ പുറത്ത് ഏന്തി പറന്നകന്നു.

വെർമിയുടെയൊപ്പം മെയ്സും പറന്നെത്തി. പറന്നകലുമ്പോഴും വെർമി പകയോടെ സ്വർഗ്ഗത്തിലേക്ക് നോക്കി.

സ്വർഗ്ഗത്തിൽ നിന്നും ദൈവത്തെ എതിർത്ത് പുത്തേക്ക് വീണ മാലഖയെ നോക്കി മറ്റ് മാലഖമാർ ചോദിച്ചു.

“ഉഷസിന്റെ പുത്രനായ പ്രഭാതനക്ഷത്രമേ, നീ എങ്ങനെ ആകാശത്തുനിന്നു വീണു! ജനതകളെ കീഴടക്കിയിരുന്ന നിന്നെ എങ്ങനെ തറയിൽ വെട്ടിവീഴ്ത്തി!”

***

അത്രയും പറഞ്ഞുകൊണ്ട് ലൂസിഫർ കഥ അവസാനിപ്പിച്ചു. അവന്റെ കണ്ണുകൾ അല്പം നാനാവുള്ളതായിരുന്നു.

അപ്പോളേക്കും സൂര്യൻ അതിന്റെ അസ്തമയത്തിനു തയ്യാറായിരുന്നു. ചെമ്പിച്ചിരുന്ന ആകാശത്തു തന്നെ നോക്കി ഇരിക്കുകയായിരുന്നു ലൂസി.

നഥി അവന്റെ കണ്ണുകളിലേക്കി തന്നെ നോക്കിയിരുന്നു ഡാനിയുടെ മരണം ലൂസിഫറിനെ എത്രമാത്രം തളർത്തിയിട്ടുണ്ടെന്നു അവൾക്ക് അവന്റെ കണ്ണിൽ നിന്ന് തന്നെ വായിച്ചെടുക്കാൻ കഴിഞ്ഞു.

അല്പ നേരം കൂടി അവർ അകലെയായുള്ള അസ്തമന സൂര്യനെ നോക്കിയിരുന്നു.

“എങ്കിൽ പോകാം…?

കഥ പറഞ്ഞിരുന്നു സമയം പോയതറിഞ്ഞില്ല…”

ലൂസിഫർ മെല്ലെ കണ്ണ് തുടച്ച ശേഷം ചിരിച്ചുകൊണ്ട് പറഞ്ഞു. നഥിയും ഒന്നും തന്നെ മിണ്ടിയില്ല അവരിരുവരും തിരികെ കാറിനടുത്തേക്ക് നടന്നു.

തിരിച്ചു വീട്ടിലേക്കുള്ള യാത്രയിലും നഥി അവനോടു സംസാരിച്ചില്ല.

വീടിനു മുൻപിലായി നഥിയെ ഇറക്കിയ ശേഷം ലൂസി തിരികെ പോകാനായി ഒരുങ്ങി.

നഥി കാറിൽ നിന്നിറങ്ങി അവനിരിക്കുന്ന വശത്തേക്ക് വന്നിരുന്നു. അവനോടു എന്താണ് പറയേണ്ടതെന്നു അവൾക്കറിയില്ലായിരുന്നു.

അവൾ പറയാൻ പോകുന്നതെന്താണെന്ന് അറിയാൻ ലൂസിഫർ കാത്തു നിന്നു. എന്നാൽ അവളുടെ ചുണ്ടിൽ നിന്നു വാക്കുകൾ വന്നില്ല. പകരം ആ ചുണ്ടുകൾ അവന്റെ ചുണ്ടിലേക്ക് ചേർന്നു. അവരിരുവരുടെയും കണ്ണുകൾ അടഞ്ഞു അല്പ നിമിഷത്തേക്ക് അവളുടെ ചുണ്ടുകൾ അവന്റെ ചുണ്ടിലായി വിശ്രമിച്ചു.

പെട്ടന്ന് ബോധം തിരിച്ചെടുത്ത നഥി ഒന്ന് ചിരിച്ച ശേഷം വീട്ടിലേക്കു ഓടി കയറി.

“ബൈ ഡാനി…

സോറി നഥി…”

അവൻ വിളിച്ചു പറഞ്ഞു. തിരിഞ്ഞു നോക്കാതെ തന്നെ കൈ ഉയർത്തി കാട്ടിക്കൊണ്ട് അവൾ വീടിനുള്ളിലേക്ക് പ്രവേശിച്ചു.

തുടരും…

2 Comments

Add a Comment
  1. ഇപ്പോൾ ആകെ ഈ കഥ മാത്രമേ വരുന്നുള്ളു… ❤❤❤❤❤

    1. നേരത്തെ Author ആയതുകൊണ്ട് publish ചെയ്യാൻ പ്രശ്നമില്ല??

Leave a Reply to Tom D Azeria Cancel reply

Your email address will not be published. Required fields are marked *