കുഞ്ഞോളങ്ങൾ… 33

Views : 5048

മുറിയിൽ നിന്നെഴുന്നേറ്റു ഞാൻ പുറത്തുവന്നു, എനിക്കെന്നെയെങ്കിലും ഒന്ന് ബോധ്യപ്പെടുത്തണം, മോന്റെ റൂമിൽ കയറി ലൈറ്റിട്ടു, ഒരു ബെഡ്ഷീറ്റെടുത്തു നിലത്ത് വിരിച്ചു, അതിൽ മോന്റെ ഓരോ സാധനങ്ങളും കളിപ്പാട്ടങ്ങളും കൊണ്ടുവന്നു വെക്കാൻ തുടങ്ങി, ഫുട്ബോൾ, വീഡിയോഗെയിം, റ്റാബ്, സ്കൂളിലേക്ക് കൊണ്ടു പോകേണ്ടതായ ബാഗ്, പേന, പെൻസിൽ, ഷാർപ്നെർ, വാട്ടർബോട്ടിൽ, വാച്ചുകൾ, സ്പ്രേബോട്ടിൽസ്, അവനു വാങ്ങിയ കഥ ബുക്കുകൾ, പിയാനോ, ഹെലികോപ്റ്റർ, എന്നുവേണ്ട കണ്ണിൽ കണ്ട മോന്റെ സാധനങ്ങൾ.. ചെറുപ്പത്തിൽ വാങ്ങിയ സൈക്കിൾ മുകളിൽ നിന്നിറക്കി അതും അതിനോടൊപ്പം വെച്ചു, അതിനടുത്തുള്ള കാർട്ടൂൺപെട്ടി നിറയെ അവന്റെ പഴയ ഡ്രസ്സുകൾ, നടക്കുമ്പോൾ ലൈറ്റ് കത്തുമായിരുന്ന പഴയ ഷൂസ്, കളർ പെൻസിലുകൾ… ഞാൻ പോലും കണ്ടുമറന്ന ഏറെ സാധനങ്ങൾ,.. ബെഡ്ഷീറ്റ് ഏകദേശം നിറഞ്ഞു.

ഇപ്രാവശ്യം സൈക്കിൾ മാറ്റാത്തതിന്റെ ശരിക്കുള്ള കാരണം, അലോയ് ലോഹം കൊണ്ടുണ്ടാക്കുന്ന സൈക്കിളുണ്ടവിടെ, കൂട്ടുകാരൻ നല്ല അഭിപ്രായം പറഞ്ഞിരുന്നു. അടുത്ത ലീവിന് വരുമ്പോൾ പറ്റുമെങ്കിലതു കൊണ്ടുവരണം, നേരത്തേ പറഞ്ഞിട്ട് മോന്റെ മനസ്സിൽ ആഗ്രഹം നിറക്കണ്ട, സൗകര്യപ്പെടാതെ വന്നാലോ.. അതു കൊണ്ട് പുറത്ത് പറയാതെ മനസ്സിൽ തന്നെ വെച്ചു.

ഞാൻ വാങ്ങി കൊടുക്കാതെയിരുന്നിട്ടില്ല, ഇത്ര പരിഭവിക്കാനും പരാതിപ്പെടാനൊന്നുമില്ല മോന്. ഇനിയും എന്തെല്ലാം പലയിടത്തായി പരന്നു കിടക്കുന്നുണ്ട്.

മോന്റെ കളിപ്പാട്ടങ്ങളെ തലോടി കൊണ്ട് ആ ബെഡ്ഷീറ്റിന്റെ ഒരരിക് ചേർന്നു ഞാനവിടെ കിടന്നു. മനസ്സ് തണുത്തത് കൊണ്ടാകാം അറിയാതവിടെ കിടന്നങ്ങുറങ്ങിപ്പോയി.

കാലത്തുണ്ട് മോൻ എന്റെകയ്യിൽ തലവെച്ചു കിടക്കുന്നു, ഞാനുണർന്നപ്പോൾ അവനെയെന്നിലേക്ക് നല്ലോണം ചേർത്തി കിടത്തി.

“ഉപ്പാ.. എന്തിനായിതെല്ലാം ഇവിടെ കൂട്ടിയിട്ടിരിക്കുന്നേ..!! ഉപ്പയെന്താ ഇന്നലെ ഇവിടെ കിടന്നുറങ്ങിയെ…?” ഉത്തരങ്ങൾ തേടിയെത്തിയ എന്നോട് പിന്നേയും ചോദ്യങ്ങൾ..

ഒന്നുമില്ലെടാ.. ഇവിടെ കിടന്നതാ.. അങ്ങുറങ്ങി പോയി,.. പിന്നെ ഇതിലെ പഴയതെല്ലാം കളയാം, ഇനിയെന്തിനാ നിനക്കിതൊക്കെ..!

“ഏയ്.. ഒന്നും കളയണ്ട, അതൊക്കെ ഞാൻ തിരികെ എടുത്തുവെച്ചോളാം.. എന്റെയുപ്പ വാങ്ങി തന്നതല്ലേ… ഇതൊക്കെയെനിക്ക് വേണം”.

രാത്രിയിലെ പരിഭവങ്ങളൊന്നും അവന്റെ ഓർമ്മയിലില്ല. എങ്കിലും അവന്റെയുള്ളിൽ ആ തോന്നൽ എങ്ങിനെ വന്നു..? പറ്റുമെങ്കിൽ തിരുത്തുകയും വേണം. ഏറെ ചോദിച്ചറിഞ്ഞപ്പോൾ അവൻ പറയാൻ തുടങ്ങി.

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com