സൈക്കിൾറിക്ഷയിൽ നിന്നും പത്ത് പന്ത്രണ്ട് വയസ്സ് പ്രായം വരുന്ന ഒരു കുട്ടിയെ തോളിൽ കിടത്തി ഒരു സ്ത്രീ പുറത്തക്ക് ഇറങ്ങി തെരുവോരത്തെ കൊച്ചുവീട്ടിലേക്ക് കയറുന്നത് കണ്ടു…
അത് അവൾ തന്നെ അല്ലേ? ഞാൻ അന്വേഷിച്ചു കൊണ്ടിരിക്കുന്ന ഗൗരി!…..
ആ കൊച്ചുവീടും ലക്‌ഷ്യമാക്കി ഹരി വേഗത്തിൽ നടന്നു…
ഒറ്റമുറിയും ഒരു ചെറിയ അടുക്കളയുമുള്ള ഒരു കൊച്ചു വീട്..
അകത്തുകയറി ഹരി അവിടം മുഴുവൻ വീക്ഷിച്ചു…
ആ സ്ത്രീയുടെ തോളിൽ കിടന്നിരുന്ന ആ കുട്ടി കട്ടിലിൽ കിടക്കുന്നു… ബുദ്ധി വൈകല്യവും അരക്കു താഴെ രണ്ടു കാലുകൾക്കും സ്വാധീനമില്ലാത്ത ആ കുട്ടി തന്നെ കണ്ടപ്പോൾ വ്യക്തമാകാത്ത ശബ്ദത്തിൽ മമ്മ്…. മമ്മ്…. എന്നു പറയുന്നുണ്ട്…
“അമ്മ ദേ വരുന്നടാ കണ്ണാ…മോനുള്ള ഭക്ഷണം എടുത്തിട്ട് ഇപ്പോ വരാം”… അടുകളയിൽ നിന്നും കേൾക്കുന്ന ആ ശബ്ദത്തിന്റെ ഉടമ ഗൗരി തന്നെ എന്നു വ്യക്തമായി…
“ഗൗരി…ഞാൻ.. ഞാൻ”…. വാക്കുകൾ പുറത്ത് വരാതെ പറഞ്ഞു മുഴുവിക്കാൻ അയാൾക്ക് സാധിക്കുന്നില്ല..
ആ ശബ്ദം കേട്ടമാത്രയിൽ ഞെട്ടിത്തരിച്ചെങ്കിലും അതു പുറമേക്ക് കാണിക്കാതെ ഗൗരി പറഞ്ഞു…
“ആരായാലും പുറത്ത് കാത്തുനിൽക്കു… മകന് ഭക്ഷണം നൽക്കുകയാണ്”…
മകന് ഭക്ഷണം നൽകിയ ശേഷം ഹരിഗോവിന്ദന്റെ അടുത്തു ചെന്നു കൊണ്ട് ഗൗരി ചോദിച്ചു…
“ഉം എന്തു വേണം?”….
“ഗൗരി ഞാൻ… ഞാനാണ് ഹരി”….
“മുഖവുരയുടെ ആവിശ്യമില്ല
മരിച്ചു മണ്ണടിഞ്ഞു പോയാൽ പോലും ഈ മുഖവും ഈ ശബ്ദവും എനിക്ക് മറക്കാൻ കഴിയില്ല.. പുതിയ അവതാരപിറവിയായിരിക്കും ഈ വേഷം കെട്ടൽ ….
ഏതു ചെകുത്താനും ഒളിച്ചിരിക്കാവുന്ന വേഷവിധാനമല്ല സന്യാസം അതിനൊരു പവിത്രതയുണ്ട്”…….
“ഈശ്വരൻ ഇല്ല എന്നു തന്നെ ആയിരുന്നു എന്റെ വിശ്വാസം.
എങ്കിലും എന്നെങ്കിലും ഒരു ദിവസമെങ്കിൽ ഒരു ദിവസം പച്ചമനുഷ്യനായി എന്റെ മുന്നിൽ നിങ്ങളെ കൊണ്ടുനിർത്തണം അതായിരുന്നു ഈ കാലം മുഴുവൻ ഞാൻ പ്രാർത്ഥിച്ചതും
ആഗ്രഹിച്ചതും”…….
ഒരു നിമിഷം ഹരി കട്ടിലിൽ കിടക്കുന്ന കുട്ടിയെ ശ്രദ്ധിച്ചു…
“സംശയിക്കേണ്ട…… ഹരിഗോവിന്ദൻ എന്നാ കാളകൂടവിഷം ഗൗരിയുടെ ഉദരത്തിൽ ആണത്വം പ്രകടിപ്പിച്ചതിന്റെ തെളിവ്….
നിങ്ങൾ പാകിയ വിത്തായതു കൊണ്ടാകാം ബുദ്ധിവളർച്ചയില്ലാത്ത അരക്കുതാഴെ സ്വാധീനമില്ലാത്ത ഒരു മകനെയാണ് ദൈവം എനിക്ക് തന്നത്”…..
“അല്ലാ… ആ മാർവാഡി ഇങ്ങോട്ട് പോരുമ്പോൾ ഈ കഥയൊന്നും പറഞ്ഞില്ലേ?….
തിരിച്ചു കിട്ടിയാൽ എന്റെ ശരീരത്തിൽ നിന്നും ഊറ്റിയെടുക്കാവുന്ന ലാഭത്തിന്റെ കണക്കുകൾ കൂട്ടി നോക്കിയിട്ടാകും ഇങ്ങോട്ട് പറഞ്ഞു വിട്ടത് അല്ലേ?”….