എന്ന് നിന്‍റെ ഷാനു [Shaan Wky] 24

ഇനി എന്നും ഇതുപോലെ ആയാൽ മതിയായിരുന്നു…. 
ഈ രണ്ട് മാസം കാണാതിരുന്നത് കൊണ്ടാകും ഇപ്പൊ അവനോട് ഒട്ടും ദേഷ്യം തോന്നാത്തത്. എന്നാലും എന്തായിരിക്കും ലാസ്റ്റ് പരീക്ഷയുടെ അന്ന് അവൻ പറയാൻ വന്നത്‌. ഇപ്പോളാണ് അത് അറിയാനൊരാഗ്രഹം. അവനാണെങ്കിൽ ഇപ്പൊ ചോദിച്ചിട്ട് പറയുന്നുമില്ല….

ടീ റൈഹു നീ അവിടെ എന്തെടുക്കാ….

ഞാൻ റൂമിലുണ്ട് ഉമ്മാ…

കുറേ നേരമായല്ലോ റൂമിൽ കയറീട്ട് ഒന്ന് ഇങ്ങോട്ട് ഇറങ്ങി വന്നൂടെ.നിന്നെ ഇതാ ഇത്താത്ത വിളിക്കുന്നു….

ഹോ ഓള് എന്നെ മറന്നിട്ടില്ലാല്ലെ. കുറച്ച് നേരം അവൾ അവിടെ കാത്ത് നിൽക്കട്ടെ ഞാൻ ഇതാ വരുന്നു….

ഞാൻ ഫോൺ ഇവിടെ വെച്ചിട്ടുണ്ട് നീ എന്താണെങ്കിൽ ചെയ്യ്….

ഞാൻ പോയി അവളോട്‌ കുറച്ച് നേരം കത്തി വെക്കട്ടെ ഇല്ലങ്കിൽ ഇനി അത് മതി…

————————–—–***——————————-

ഇന്ന് ഓൾക്ക് എന്താ പറ്റി. അല്ലങ്കിൽ എന്നെ കണ്ടാൽ തുടങ്ങും പെണ്ണ് ആ ഉണ്ടക്കണ്ണും ഉരുട്ടി മുഖവും വീർപ്പിച്ചു ഇരിക്കാൻ ഇന്ന് ഓൾടെ മുഖം പതിനാലാം രാവ് ഉദിച്ച പോലെ ആയിരുന്നു എന്ത് മൊഞ്ചായിരുന്നു.ഇനി എന്നും ആ മൊഞ്ചുള്ള മുഖം കണ്ടാൽ മതിയായിരുന്നു. പക്ഷെ ആദ്യത്തെ പോലെ ഇനി എപ്പോഴും അവളെ കാണാൻ സാധിക്കില്ലല്ലോ. ആ മാഷ് മ്മക്ക് എന്നും ഒരു പാരായാണ്. ഓരോന്നും ആലോചിച്ച്‌ കിടന്ന് നേരം വെളുത്തത് അറിഞ്ഞില്ല.ഉമ്മ വാതിൽ വന്ന് മുട്ടുമ്പോഴാണ് സമയം നോക്കിയത് അഞ്ചു മണി കഴിഞ്ഞിരിക്കുന്നു. ഇന്ന് രാവിലെ കട തുറക്കാൻ ഉപ്പ എന്നോടാണ് പറഞ്ഞത്. ഉപ്പാക്ക് രാവിലെ അത്യാവശ്യമായി എവിടേക്കോ പോകണം എന്ന് പറഞ്ഞിരുന്നു സ്കൂളിൽ പോകുന്നതിനു മുൻപ് കടയിൽ എത്താം എന്നൊക്കെ പറഞ്ഞിട്ടുണ്ട്. ഇനി വന്നില്ലെങ്കിൽ പണി കിട്ടിയത് തന്നെ പണ്ടാണെങ്കിൽ പ്രശ്നമില്ല രണ്ട് ദിവസം പോയില്ലെങ്കിലും വല്ല്യ പ്രശ്നമൊന്നും ഇല്ല.ഇപ്പൊ ഓളെ കാണാനാണെങ്കിലും പോയല്ലേ പറ്റൂ. പിന്നെ ഒന്നും നോക്കീല്ല നേരെ തോർത്തുമുണ്ട് എടുത്ത്‌ ബാത്റൂമിലേക്ക് പോയി. കുളിയെല്ലാം കഴിഞ്ഞ് ഉമ്മന്റെന് ചായയും വാങ്ങി കുടിച്ച് കടയിലോട്ട് പോയി. കട തുറന്ന് കുറച്ച് കഴിയുമ്പോഴേക്കും ഉപ്പ വന്നു. ഹാവു സമാധാനമായി. ഉപ്പയോട് യാത്ര പറഞ്ഞ് നേരെ സ്കൂളിലേക്ക് ഓടി. അവിടെ എത്തുമ്പോഴേക്കും ക്ലാസ്സ്‌ തുടങ്ങി അത് കാരണം അവളെ ഒന്ന് കാണാനും സാധിച്ചില്ല. സാരില്ല ഇൻട്രാബെല്ലിന് കാണാല്ലോ അതാണ്‌ ഒരാശ്വാസം.ഇൻട്രാബെല്ല് ആവാൻ വേണ്ടി കാത്തിരുന്നു. ഇന്ന് ആദ്യ ദിനം ആയത് കൊണ്ട് ക്ലാസ്സൊന്നും നടന്നില്ല പുതിയ കൂട്ടുകാരെ പരിചയപ്പെടലായിരുന്നു. അങ്ങനെ ബെല്ലടിച്ചു. നേരെ അവളുടെ ക്ലാസ്സിന്റെ മുന്നിലേക്ക്‌ ഓടി.അവൾ പുറത്തേക്ക് ഇറങ്ങാൻ നിൽക്കുകയായിരുന്നു. എന്നെ കണ്ടപ്പോൾ അവൾ നിന്നു….

ഹാ ഷാനെ നീ ഇന്ന് വന്നിട്ടുണ്ടായിരുന്നോ. രാവിലെ ഞാൻ നോക്കി പക്ഷെ കണ്ടില്ല എവിടെ ആയിരുന്നു…

ഞാൻ ഇത്തിരി നേരം വൈകിയാണ് വന്നത് കടയിൽ പോകണ്ട ആവശ്യം ഉണ്ടായിരുന്നു…

ഞാൻ നിന്റെ ഇച്ചായനോടും കൂട്ടുകാരോടെല്ലാം അന്വേഷിച്ചു അവർക്ക് അറിയില്ലെന്ന് പറഞ്ഞു.

ഹോ ഞാൻ അവരോടൊന്നും പറഞ്ഞിട്ടില്ലായിരുന്നു…. പിന്നെ പുതിയ ക്ലാസ്സിൽ എങ്ങനെ ഉണ്ട്…

ഒരു രസവും ഇല്ല നിങ്ങളും ഗ്രീഷ്മയും ഇല്ലാതെ ഒരു സുഖവും ഇല്ലന്നെ.തന്റെ ക്ലാസ്സ്‌ എങ്ങനെ…

മ്മക്ക് ഇച്ചായാണുള്ളത് കൊണ്ട് കൊഴപ്പമില്ല.എന്തായാലും താൻ രക്ഷപ്പെട്ടില്ലെ ശല്ല്യം ചെയ്യാൻ ഞാനില്ലല്ലോ ..

അതൊക്കെ ഒരു രസമല്ലെ. ഇപ്പൊ അതൊക്കെ ശെരിക്കും മിസ്സ്‌ ചെയ്യുന്നുണ്ട്.
ഹോ ബെല്ലടിച്ചു ഞാൻ ക്ലാസ്സിൽ കയറട്ടെ. ഉച്ചക്ക് കാണാം…

ഉം… ശെരി….

ടാ ഷാനെ നിന്നെ കാണാൻ കിട്ടുന്നില്ലല്ലോ. നമ്മൾ അഞ്ചാളും പല ക്ലാസ്സിൽ ആയപ്പോ പല വഴിക്കും തിരിഞ്ഞല്ലെ…

ശംഭു എന്താടാ അങ്ങനെ പറയുന്നത് അങ്ങനെ പെട്ടന്ന് നമ്മള് പിരിയോ. നമ്മുക്ക് ഉച്ചക്ക് കാണാം….

മ്മടെ ഇച്ചായൻ എവിടെ അവന്റെ ചളി കേൾക്കാതെ ഒരു രസവും ഇല്ലാ.

ഉം ശെരി ടാ ഉച്ചക്ക് കാണും….

ഹോ ഇനി ഉച്ചയാവാണം ഒന്ന് കാണാൻ….

എന്താ ഷാനെ നീ പിറുപിറുക്കുന്നത്….

ഹേയ് ഇനി ഉച്ചയാവണ്ടേ എന്ന് പറഞ്ഞതാ ഇച്ചായാ….

എന്തിനാ അവളെ കാണാനാണോ….

ഉം… ഏയ് അല്ല ഫുഡ് കഴിക്കാൻ…

നീ കിടന്ന് ഉരുളണ്ട.എനിക്ക് അറിയാം. സത്യത്തിൽ നീ സ്കൂളിൽ വരുന്നത് പഠിക്കാനാണോ അതോ ആ ഉണ്ടക്കണ്ണിയെ കാണാനോ…

രണ്ടിനും…. അതിൽ ഒന്നാമതേത് ഓളെ കാണാൻ….

അങ്ങനെ ഉച്ചക്ക് ഫുഡ് കഴിക്കാനുള്ള ബെല്ലും അടിച്ചു. പതിവ് പോലെ ഞങ്ങൾ അഞ്ച് പേരും കൂടി ഫുഡ് കഴിക്കാൻ ഒരുമിച്ച് കൂടി. അപ്പോഴാണ് അവളും ഗ്രീഷ്മയും കൂടി വരുന്നത്….

എന്താ ഇവിടെ നിൽക്കുന്നത് ഭക്ഷണം കഴിക്കാൻ പോകുന്നില്ലെ.

അതേ…. പോവാണ്…

ശെരി ഭക്ഷണം കഴിച്ചിട്ട് കാണാം….

റൈഹാ ഇന്ന് നമ്മുക്ക് എല്ലാവർക്കും ഒരുമിച്ചിരുന്ന് കഴിച്ചാലോ…

ഹോ അതിനെന്താ…. വാ

ഞങ്ങൾ എല്ലാവരും കൂടി ആദ്യമായി ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ ഗ്രൗണ്ടിലേക്ക് പോയി. അന്ന് ആദ്യമായി അവൾ എന്റെ അടുത്തിരുന്നാണ് ഭക്ഷണം കഴിച്ചത്. കളിയും ചിരിയുമായി അവിടെ ഇരുന്ന് കഴിച്ചു. അവൾ കൊണ്ട് വന്ന പുളി ചമ്മന്തി എന്റെ നേരെ നീട്ടി പറഞ്ഞു ഇത് ഞാൻ ഉണ്ടാക്കിയതാ എങ്ങനെയുണ്ടെന്നു പറയണം. അത് അവൾ പറയുമ്പോൾ അവളുടെ മുഖത്ത് എന്തോ വലിയ സാധനം ഉണ്ടാക്കി കൊണ്ട് വന്ന ഭാവമായിരുന്നു….

ഹോ ഇതോ. ഇത് ഞാൻ ഇടക്ക് എന്റെ വീട്ടിൽ ഉണ്ടാക്കുന്നതാ… സത്യത്തിൽ ഒരു ചമ്മന്തി പോയിട്ട് ചായ പോലും വെക്കാൻ അറിയില്ല അന്ന്. ഇപ്പൊ അങ്ങനെ അല്ലാട്ടോ പ്രവാസ ജീവിതം എല്ലാം എന്നെ പഠിപ്പിച്ചു…

1 Comment

Comments are closed.