ചെന്താരകം 69

Views : 7508

“വിശ്വാ…നീ അങ്ങിനെ പറയരുത്…ഞാനും കൂടി മുൻകൈയെടുത്തല്ലേ ജംഗ്‌ഷനിൽ സഖാവിന്റെ സ്മാരകം നിർമ്മിച്ചത്…അത് അദ്ദേഹത്തോട് സ്നേഹമില്ലാഞ്ഞിട്ടാണോ ?

“സ്മാരകം…പുച്ഛമാണ് സഖാവേ പുച്ഛം…സഖാവ് ബാലനെ ഓർമ്മിക്കാൻ നാട്ടുകാർക്കൊരു സ്മാരകത്തിന്റെയും ആവശ്യമില്ല…അച്ഛൻ അവർക്കായി ചെയ്തിട്ടുള്ള നല്ലകാര്യങ്ങൾ മാത്രം മതി.സ്തൂപങ്ങളും,രക്തസാക്ഷിസ്മാരകങ്ങളും നിർമ്മിക്കുമ്പോഴല്ല മറിച്ച്,നമ്മിൽ നിന്നും മറഞ്ഞുപോയവർ ജന
മനസുകളിൽ ജീവിക്കുമ്പോഴാണ് മഹാന്മാരായിത്തീരുന്നത്.മനസിലെ സ്മാരകത്തിന് ഒളിമങ്ങാതെ സൂര്യ ശോഭയോടെ തിളങ്ങി നിൽക്കും എക്കാലവും….എ.കെ.ജി, ഈ.എം.എസ്,നായനാർ,കൃഷ്ണപിള്ള, തുടങ്ങിയ സഖാക്കൾ ഇന്നും അണികളുടെ ഹൃദയത്തിൽ വസിക്കുന്നതിന് കാരണവും മറ്റൊന്നല്ല…!!

” രക്തസാക്ഷികൾക്കും,പാർട്ടിയെ നയിച്ചവർക്കും പാർട്ടി നൽകുന്ന ആദരവും,അംഗീകാരവുമാണ് ഈ നാട്ടിലെ ഓരോ സ്‌മൃതിമണ്ഡപങ്ങളും.വെറും കൽക്കൂമ്പാരങ്ങളല്ല…അത് കെട്ടിയുർത്തിയിരിക്കുന്നത് പാർട്ടിക്കുവേണ്ടി ജീവൻ ത്യജിച്ചിട്ടുള്ള ആയിരങ്ങളുടെ ചോരയും,ജീവിതവും കൊണ്ടാണ്…!!

ഭദ്രൻ തന്റെ വാദങ്ങളിൽ ഉറച്ചു നിന്ന് വീറോടെ മൊഴിഞ്ഞു.

“രക്തസാക്ഷികൾ…ആ വാക്കിന്റെ അർത്ഥമറിയുമോ സഖാവിന് ?
ആരാണ് രക്തസാക്ഷി…? മരണം മുന്നിൽ നിൽക്കുമ്പോഴും അണുവിട പതറാതെ സത്യത്തിനും,പ്രസ്ഥാനത്തിനും,നാടിനും വേണ്ടി മരണത്തിലേക്ക് നടന്നു കയറുന്നവരാണ് യഥാർത്ഥ രക്തസാക്ഷികൾ…മരണത്തിലും പതറാത്ത ധീരത അതാണ് ഓരോ രക്തസാക്ഷിയുടെയും മുഖമുദ്ര.അല്ലാതെ പാർട്ടിക്കാരനായിപ്പോയതിന്റെ പേരിൽ കൊല്ലപ്പെടുന്നവർ എങ്ങിനെ രക്തസാക്ഷികളാകും ?ഇടവഴിയിലൂടെ നടന്നുവരുമ്പോഴോ
..തട്ടുകടയിൽ ചായകുടിച്ചു നിൽക്കുന്ന നേരത്തോ… അതുമല്ലെങ്കിൽ കൂട്ടുകാരോടൊപ്പം ജംഗ്‌ഷനിൽ കൂട്ടംകൂടിയിരിക്കുമ്പോഴോ ഒരുസംഘം ആളുകളുടെ വാളിനോ,ബോംബിനോ ഇരയാകുമ്പോൾ അവരറിയുന്നുണ്ടാവില്ല എന്തിന് വേണ്ടിയാണ് തങ്ങൾ കൊല്ലപ്പെടുന്നതെന്ന്.അവർ സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാകില്ല.തങ്ങളിനി ജീവനറ്റ ശരീരമായിട്ടാണ് വീട്ടിലേക്ക് തിരികെ എത്തുന്നതെന്ന്.അവരൊക്കെ ഒരു തെറ്റേ ചെയ്തിട്ടുണ്ടാകൂ സഖാവേ…പ്രസ്ഥാനങ്ങളിൽ വിശ്വസിച്ചുപോയി എന്ന വലിയ തെറ്റ്…!!!

“രക്തസാക്ഷികൾ കരുത്തുപകർന്ന പ്രസ്ഥാനമാണ് നമ്മുടേതെന്ന് വിശ്വൻ മറന്നുപോയോ…?

“നേരാണ് സഖാവേ…നൂറ് ശതമാനം സത്യം തന്നെയാണ്…ഒരുപാട് പ്രവർത്തകരുടെ ജീവൻ കൊടുത്തും,എടുത്തും വളർന്ന പ്രസ്ഥാനം തന്നെയാണ് നമ്മുടേത്…എടുത്തതും,കൊടുത്തതുമായ ജീവനിൽ ഒരെണ്ണമെങ്കിലും തിരികെ നൽകാൻ പാർട്ടിക്ക് കഴിയുമോ ? കുറേ കാശ് പിരിച്ച് മരിച്ചവരുടെ കുടുംബത്തിന് നൽകിയത് കൊണ്ട് എല്ലാം തികയുമോ..?അച്ഛന്റെ…സഹോദരന്റെ..
ഭർത്താവിന്റെ…മകന്റെ അങ്ങിനെ അങ്ങിനെ ഒരുപാട് ഒഴിവുകൾ നികത്താനാകാതെ കിടക്കും…!!

ഒന്ന് നിർത്തിയിട്ട് വിശ്വൻ തുടർന്നു.

“പാർട്ടിയുണ്ടായപ്പോഴുള്ള സാഹചര്യമല്ല ഇപ്പോഴുള്ളത്…എന്നിട്ടും രക്തസാക്ഷികൾ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു.കൊല്ലപ്പെടുന്നവർ നാടിന്റെ ശത്രുക്കളല്ല,മറിച്ച് പാർട്ടിയുടെ മാത്രം ശത്രുക്കളാണ്…കഴിഞ്ഞ മുപ്പത് കൊല്ലത്തിനിടയിൽ ഏതെങ്കിലുമൊരു നേതാവ് രക്തസാക്ഷി ആയിട്ടുണ്ടോ നമ്മുടെ പാർട്ടിയിൽ…പാർട്ടിവിട്ട് പോയവരല്ലാതെ…ഉത്തരം പറ സഖാവേ….?

വിശ്വന്റെ ചോദ്യത്തിന് മറുപടിയുണ്ടായില്ല.

“മറുപടി ഉണ്ടാകില്ല സഖാവേ…ഇതൊക്കെ മാറണം..മാറ്റപ്പെടണം…ഓരോ പൗരനും സമാധാനമായി ഉറങ്ങാൻ കഴിയണം…രണ്ടു പതിറ്റാണ്ടിലധികമായി നമ്മൾ ഭരിക്കുന്ന പഞ്ചായത്തും, വാർഡുമാണിത്…ഇക്കാലയളവിൽ എന്ത് വികസനമാണ് ഇവിടെ ഉണ്ടായിട്ടുള്ളത്….എത്രയോ തവണ പാർട്ടി മീറ്റിങ്ങിൽ പറഞ്ഞു…രേഖാമൂലം എഴുതി നൽകി.എന്നിട്ടെന്തെകിലും പ്രയോജനമുണ്ടായോ ?ആർക്കും ജനങ്ങളെ സേവിക്കാൻ സമയമില്ല അല്ലെങ്കിൽ താല്പര്യമില്ല…ഇനിയും വയ്യ സഖാവേ…ജനങ്ങളുടെ മുന്നിൽ തലയും താഴ്ത്തി നിൽക്കാൻ.എന്ന് പാർട്ടി തിരുത്തുന്നുവോ അന്ന് ഞങ്ങൾ തിരികെയെത്തും…!!

“ഈ കാണുന്നതൊന്നും വികസനമല്ലേ വിശ്വാ…?

“ഇതോ വികസനം…ജംഗ്‌ഷനിൽ ഒരു ഹൈമാസ്റ്റ് ലൈറ്റും,വാർഡിലെ മൂന്നോ,നാലോ റോഡും കോൺക്രീറ്റ് ചെയ്താൽ അത് വികസനം ആകുമോ സഖാവേ…?

“അപ്പോൾ ഇതൊന്നും വേണ്ടന്നാണോ വിശ്വൻ പറയുന്നത്…!!

“തീർച്ചയായും വേണം…വേണ്ടത് തന്നെയാണ്.പക്ഷേ..അതിന് മുൻപ് ചെയ്യേണ്ടുന്നതായി ഒരുപാട് കാര്യങ്ങളുണ്ട്…നമ്മുടെ പാരമ്പര്യ വോട്ട് ബാങ്കായ കുന്നിൻപുറം കോളനിയുടെ അവസ്ഥയെന്താ…നല്ലൊരു റോഡുണ്ടോ…വഴിവിളക്കുണ്ടോ.മഴക്കാലമായാൽ ചോർന്നൊലിക്കാത്ത എത്ര വീടുണ്ടവിടെ ? വേനൽകാലത്ത് കുടിവെള്ളമില്ല,അവർക്ക് നല്ല ശുചിമുറികളില്ല…ഓരോതവണയും വോട്ട് ചോദിച്ചു ചെല്ലുമ്പോഴും
അവരുടെ പരാതികേട്ട് മറുപടിയില്ലാതെ തലകുനിച്ചാണ് സഖാവേ ഞങ്ങൾ മടങ്ങാറ്..മഴക്കാലമായാൽ ഒരൊറ്റ ഓട്ടോറിക്ഷ കോളനിയിലേക്ക് പോകില്ല.അവരെ കുറ്റംപറഞ്ഞിട്ടും കാര്യമില്ല…കുണ്ടുംകുഴിയും താണ്ടി പോകാൻ കഴിയില്ല..!!

“കഴിഞ്ഞോ നിന്റെ കവലപ്രസംഗം…!!

“ഇല്ല സഖാവേ…പഠിക്കാൻ നല്ല കെട്ടിടങ്ങളില്ല,വായിച്ചു വളരാൻ ലൈബ്രറികളില്ല..വൃത്തിഹീനമായ മൂത്രപ്പുരയും,കഞ്ഞിപ്പുരയും.അപര്യാപ്തതകൊണ്ട് വീർപ്പുമുട്ടുകയാണ് തെക്കേപ്പാട്ട് സ്കൂൾ…പഠിപ്പിക്കാൻ നല്ല മാഷുമാരില്ലാത്തത് കൊണ്ടല്ല രക്ഷിതാക്കൾ കുട്ടികളെ സർക്കാർ സ്കൂളിൽ അയയ്ക്കാത്തത്.’പ്രൈവറ്റ് സ്കൂളിൽ പഠിപ്പിക്കുന്നവരും ഇവിടെ പഠിച്ചവരാണെന്ന’ബോർഡ് വച്ചതുകൊണ്ടായില്ല സഖാവേ..അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാവണം.അതുണ്ടായാൽ അന്ന് പൂട്ടിത്തുടങ്ങും ഇവിടെയുള്ള ഓരോ പ്രൈവറ്റ് സ്കൂളും…!!

“ഇവിടെയുള്ള ജനപ്രതിനിധികൾ ഒന്നും ചെയ്യുന്നില്ലെന്നാണോ ?

“ഇവിടെ കൃത്യമായി നടക്കുന്നത് കൊല്ലപ്പെടുന്ന പാർട്ടിക്കാരുടെ എണ്ണത്തിനൊപ്പിച്ച് എതിർ പാർട്ടിക്കാരെ കൊല്ലുന്നതും,നേതാക്കന്മാരുടെ ചികിത്സയും മാത്രമാണ്…!!

“അപ്പൊ നീ പാർട്ടിയുണ്ടാക്കാൻ തന്നെ തീരുമാനിച്ചു…പാർട്ടിയെ പിളർത്തി പാർട്ടിയുണ്ടാക്കാൻ ശ്രമിച്ചവരുടെ അവസ്ഥ അറിയാല്ലോ അല്ലേ ?വിമതരോടൊപ്പം നിന്ന് പാർട്ടിയെ എതിർക്കാനാണ് ഭാവമെങ്കിൽ…?

“അതങ്ങ് മുഴുമിപ്പിക്ക് സഖാവേ…തീർത്തുകളയുമെന്ന്..!

ഈ പ്രദേശത്തെ ഏറ്റവും വലിയ കമ്മ്യുണിസ്റ്റ് ആരായിരുന്നു എന്ന് ജില്ലാ സെക്രട്ടറിക്ക് ഞാൻ പറഞ്ഞു തരേണ്ട ആവശ്യമില്ലല്ലോ അല്ലേ ?സഖാവ് ബാലനെനെന്ന എന്റെയപ്പൻ..അതിലും വലിയൊരു സഖാവിനെ ഞാൻ നേരിൽ കണ്ടിട്ടില്ല.ഇനി കാണാനും കഴിയില്ല…ഈ ചുറ്റുവട്ടത്ത് ഒരുപാട് പ്രതിസന്ധികൾ അതിജീവിച്ച് കെട്ടിപ്പടുത്തതാണ് ഈ പ്രസ്ഥാനം..കണ്ണ് വിരിഞ്ഞ നാൾ മുതൽ കണ്ടുവളർന്നത് ആ ധീര സഖാവിനെയാണ്…അതുകൊണ്ട് മുഖ്യൻ പറയുമ്പോലെ വിരട്ടലും,വിലപേശലുമൊന്നും എന്നോട് വേണ്ട…സഖാവ് ചെല്ല്…ലാൽസലാം…!!!

ഭദ്രൻ അതിന് മറുപടി പറയാൻ നിൽക്കാതെ വാഹനത്തിന് നേരെ നടന്നു.

Recent Stories

The Author

kadhakal.com

1 Comment

  1. Good story

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com