ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 11 17

ബഹറിനക്കരെ

ഒരു കിനാവുണ്ടായിരുന്നു 11

Bahrainakkare Oru Nilavundayirunnu Part 11 | Previous Parts

 

മാസങ്ങൾ ആരേയും പേടിക്കാതെ ഓടിയൊളിക്കുന്നതിനിടയിലാണ് അന്നവൾ പതിവ് തെറ്റിക്കാതെ അവളുടെ വീട്ടിലേക്ക് കുറച്ചു ദിവസം നിൽക്കാനാണെന്നും പറഞ്ഞ് വീണ്ടും പോയത്.
ജോലിയിലായിരിക്കുന്ന സമയത്ത് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വെക്കുന്ന ഒരു സ്വഭാവമുണ്ടായിരുന്നു അന്നെനിക്ക്. അറബിയോടൊപ്പം യാത്ര ചെയ്യുമ്പോൾ ഫോൺ വരുന്നത് അറബിക്കിഷ്ട്ടപെട്ടില്ലെങ്കിലോ എന്നൊരു ഭയം കാരണമാണ് അങ്ങനെ ഓഫ് ചെയ്ത് വെക്കൽ . അറബി ദേഷ്യപ്പെടുന്ന സ്വഭാവക്കാരനല്ല
ായിരുന്നുവെങ്കിലും ആ മനുഷ്യനോടുള്ള എന്റെ കടപ്പാടുകൾ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒന്നായിരുന്നു. അതുകൊണ്ട് തന്നെ എനിക്കാ ജോലിയോടും ആ മനുഷ്യനോടും വല്ലാത്ത ആത്മാർത്ഥതയും ബഹുമാനവുമായിരുന്നു .
ഭയം കേറി കൂടിയ മനസ്സും, ജീവച്ഛമായി മാറിയ ഒരു ശരീരവുമായി നടന്നിരുന്ന എനിക്ക് ശക്തി പകരാൻ കെൽപ്പുള്ള ഒരു വാർത്ത കേട്ട ദിവസമായിരുന്നു അന്ന്.
പതിവുപോലെ ഉച്ചക്ക് അറബിയുമായി ജോലി സ്ഥലത്ത് നിന്നും മടങ്ങിയെത്തി
റൂമിൽ ചെന്ന് മൊബൈൽ ഓൺ ചെയ്തപ്പോഴാണ് വീട്ടിൽ നിന്നും ഉമ്മയും, ഉപ്പയുമൊക്കെ കാൾ ചെയ്തിട്ടുണ്ടെന്നുള്ള ഓഫ്ലൈൻ മെസേജ് വരുന്നത്. രണ്ടുപേരും വിളിക്കണമെന്നുണ്ടെങ്കിൽ എന്തെങ്കിലും അത്യാവശ്യം കാണും എന്ന് മനസ്സിലാക്കി ഞാനപ്പോൾ തന്നെ ഫോണെടുത്ത് ഉമ്മാക്ക് വിളിച്ചു.
ഫോൺ അറ്റൻഡ് ചെയ്ത ഉമ്മയോട് സലാമൊക്കെ പറഞ്ഞ് ” ഉമ്മാ ഇങ്ങളി ങ്ങോട്ട് വിളിച്ചിരുന്നോ.. ? എന്താ പ്രത്യേകിച്ച് ..?”
എന്ന് ചോദിച്ചപ്പോൾ ഉമ്മ പതിവില്ലാതെ വിശേഷങ്ങൾ പറയുന്നതിന് മുൻപായി എന്റെ മനസ്സ് തണുപ്പിക്കാൻ ശ്രമിച്ചത് ഞാനറിഞ്ഞു . അതിനായി കുടുംബത്തിലെ ആരുടെയോ ഒരു കഥയും പറഞ്ഞു തന്നു. എന്നിട്ട് ഉമ്മ തുടർന്ന് പറഞ്ഞു ” അനൂ ഉമ്മാന്റെ കുട്ടിക്ക് ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ കേട്ട് വിഷമം ഒന്നും ഉണ്ടാവരുത് ട്ടോ .. നമ്മളെ സാജിന്റെ ഉമ്മ ഇന്ന് രാവിലെ ഇങ്ങോട്ട് വിളിച്ചിരുന്നു. അവളെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കി എന്നൊക്കെ പറഞ്ഞ് ഞങ്ങൾ അപ്പോൾ തന്നെ ഹോസ്പിറ്റലിൽ പോയി കാര്യം ചോദിച്ചപ്പോഴാണ് അവൾക്കെന്തോ അസ്വസ്ഥത രണ്ടീസായി ഉണ്ടായിരുന്നെന്നും കൂടിയപ്പോൾ ഡോക്ടറെ കാണിച്ച് സ്കാൻ ചെയ്തപ്പോൾ ഗർഭം അലസി പോയിട്ടുണ്ടെന്നും ഡി ആൻഡ് സി ചെയ്യണം എന്ന് പറഞ്ഞിട്ടുണ്ടെന്നും അറിയുന്നത് . അപ്പോഴാ നിനക്ക് ഞങ്ങൾ വിളിച്ചെ .. നീ ജോലിയിലാണെന്ന് അറിയാർന്നു… എല്ലാം കഴിഞ്ഞു ഓളെ റൂമിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. അനു ഇതൊന്നും ആലോചിച്ച് അവിടെയിരുന്ന് വിഷമിക്കരുത് ട്ടോ പടച്ചോന്റെ പരീക്ഷണം ആണെന്ന് കരുതി ന്റെ കുട്ടി സമാധാനിക്കണം .. സമയം ആയിട്ടുണ്ടാവില്ല ന്റെ കുട്ടിക്കൊരു കുഞ്ഞിക്കാല് കാണാൻ ” എന്ന് ഉമ്മ ശബ്ദമിടറി പറഞ്ഞതും പിന്നീടെന്താണ് പറയേണ്ടത് ചോദിക്കേണ്ടത് എന്നറിയാതെ ” ഉമ്മാ ഞാൻ കുറച്ച് കഴിഞ്ഞ് വിളിക്കാമെന്ന്” പറഞ്ഞ് ഫോൺ വെച്ച് പെട്ടെന്ന് സുജൂദിലേക്ക് വീണു.
സുജൂദിലങ്ങനെ കിടന്ന്
അടക്കിപ്പിടിച്ച് കരഞ്ഞപ്പോൾ സമാധാനിപ്പിക്കാൻ വേണ്ടി
നിറഞ്ഞ കണ്ണുകളിൽ നിന്നും കണ്ണീര് നിലത്തേക്കൊലിച്ച് കൊണ്ടിരുന്നു.
എന്റെ കുഞ്ഞിനെയല്ല അവൾ ഗർഭം ധരിച്ചിരിക്കുന്നത് എന്ന് ആരോടും പറയാൻ കഴിയാതെ നടന്നും ഉള്ളുരുകി കരഞ്ഞും തീർന്ന നാളുകളിലെ എന്റെ അവസ്ഥ കണ്ട് കൂടുതൽ തളർത്തി ബേജാറാക്കാതെ ആ ദുഖങ്ങളുടെ വലിയൊരു ഭാരം ഞാൻ പോലും പ്രതീക്ഷിക്കാത്ത രീതിയിൽ കുറച്ച് തന്ന എന്റെ നാഥനോട് പറഞ്ഞാൽ തീരാത്ത നന്ദിയോടെ ആ നിലത്ത് നെറ്റി വെച്ച് ശുക്രോതി കിടക്കുമ്പോൾ വീണ്ടും ഞാൻ ചിലതൊക്കെ ചെയ്യേണ്ടതുണ്ടെന്ന് മനസ്സോർമ്മിപ്പിച്ചു.

Updated: September 14, 2017 — 7:36 am